12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

മണിമുഴക്കം

മണിമുഴക്കം

വിപ്ലവകാരികളോട് 'വൈ ദിസ് കൊലവെറി' എന്നു ചോദിക്കരുത്. വിപ്ലവത്തിന്റെ ചുടുരക്തം സദാ സിരകളില്‍ ഒഴുകുന്നവര്‍ക്ക് കൊലവെറി സ്വാഭാവികമായും ഉണ്ടാകും. വെറുതെ മനുഷ്യനെ കൊന്നുതള്ളുന്നത് ശരിയല്ലാത്തതിനാല്‍ ആ കൊലവെറിക്ക് പ്രത്യയശാസ്ത്രപരമായ ന്യായീകരണം കൊടുത്തിട്ടുണ്ട്. വര്‍ഗശത്രുവിനെയാണ് വകവരുത്തുന്നത്. അപ്പോള്‍ ചില സംശയാലുക്കള്‍ ചോദിക്കും, ഇന്ത്യയില്‍ ജനകീയ ജനാധിപത്യ വിപ്ലവമല്ലേ, അതിലെന്ത് വര്‍ഗശത്രു, അതിലെന്ത് കൊലവെറി വന്നിരിക്കുന്നു എന്ന്. അവര്‍ക്കറിയാഞ്ഞിട്ടാണ്, വിപ്ലവം എന്ന വാക്ക് എവിടെയുണ്ടോ അവിടെ ആരെയും വെട്ടാം, കൊല്ലാം. ജനാധിപത്യത്തിലൂടെ അധികാരം വരുമോ എന്നു നോക്കും, വന്നില്ലെങ്കില്‍ വടിവാളോ വെട്ടുകത്തിയോ തുപ്പാക്കിയോ എടുത്ത് വിപ്ലവം നടത്തും. അതാണ് പതിവ്. പക്ഷേ, ഇവിടത്തെ ജനാധിപത്യത്തില്‍ പൊലീസും കോടതിയുംപോലെ ഭരണകൂടത്തിന്റെ മര്‍ദനോപകരണങ്ങള്‍ എന്ന് അല്‍ത്ത്യുസര്‍ പറയുന്ന ചില സംഗതികളൊക്കെയുണ്ട്. അവ പിടിച്ച് അകത്തിടും. അതുകൊണ്ടുതന്നെ വടിവാള്‍വിപ്ലവം നടത്തിയാല്‍ അത് തുറന്നുപറയാന്‍ അധികമാരും തയാറാവില്ല. അവിടെയാണ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി മഹാനായ വിപ്ലവകാരിയായി ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.
വടിവാള്‍വിപ്ലവത്തിന്റെ ആചാര്യന്മാരിലൊരാളായി കമ്യൂണിസ്റ്റ് ചരിത്രത്തില്‍ ചുവന്ന ലിപികളില്‍ ആലേഖനം ചെയ്യപ്പെടുന്ന പേര്. സമരനായകനല്ല, കമ്യൂണിസ്റ്റ് ബുദ്ധിജീവിയല്ല. എന്തിന്, ജനപ്രതിനിധിപോലുമല്ല. വ്യത്യസ്തനാമൊരു പാര്‍ട്ടി സെക്രട്ടറിയാണ്. 67ാം വയസ്സിലും ഏതുനേരവും ഒരു ചിന്തയേയുള്ളൂ- വിപ്ലവം നടത്തുക. ഇപ്പോഴത്തെ കാലത്ത് മഷിയിട്ടുനോക്കിയാല്‍ കാണില്ല ഇത്രയും അര്‍പ്പണബോധമുള്ള ഒരു കമ്യൂണിസ്റ്റുകാരനെ. അദൃശ്യമായ ഒരു വടിവാള്‍ നാക്കില്‍ ഫിറ്റ് ചെയ്തിരിക്കുന്നു. വെട്ടൊന്ന് മുറി രണ്ട് എന്നതാണ് ജീവിതപ്രമാണം. അത് പ്രസംഗമായാലും ശരി പാര്‍ട്ടിപ്രവര്‍ത്തനമായാലും ശരി. പെരുമാറ്റത്തിലും ഇത്രയും തങ്കപ്പെട്ട ഒരു മനുഷ്യനെ കണ്ടെടുക്കാനാവില്ല. കാര്യങ്ങള്‍ വെട്ടിത്തുറന്ന് മണി മണിപോലെ പറയും. പ്രസാദം വദനത്തിങ്കല്‍ കാരുണ്യം ദര്‍ശനത്തിലും മാധുര്യം വാക്കിലും ചേര്‍ന്നുള്ളവനേ പുരുഷോത്തമന്‍ എന്നു പറഞ്ഞത് മണിക്കും ചേരും. പരുക്കനെന്ന് വാക്കിലും ഭാവത്തിലും തോന്നുമെങ്കിലും വദനത്തിങ്കല്‍ എപ്പോഴും കളിയാടുന്നത് പ്രസാദമാണ്. ടോര്‍ച്ചടിച്ചുനോക്കിയാല്‍ വ്യക്തമായി കാണാം. സഹജീവികളോടുള്ള അപാരമായ കാരുണ്യമാണ് മനസ്സില്‍ വഴിഞ്ഞൊഴുകുന്നത്. മാധുര്യം മാത്രമേയുള്ളൂ വാക്കില്‍. നാടന്‍പദപ്രയോഗങ്ങളുടെ വാമൊഴിവഴക്കം മണിമൊഴികളില്‍ ശ്രവിക്കാം. ചീത്തവാക്കുകള്‍ എന്ന് നാഗരികനായ മലയാളി പറയുന്ന പദങ്ങള്‍ നിര്‍ലോഭം ഉപയോഗിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റ് ധാര്‍ഷ്ട്യരാഷ്ട്രീയക്കാരില്‍നിന്ന് വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകം. അതിലൂടെ ഭാഷയുടെ ആദിദ്രാവിഡമൂലത്തിലേക്ക് മലയാളത്തെ അദ്ദേഹം പുനരാനയിക്കുകയാണെന്ന് അഭിപ്രായമുള്ള പുരോഗമനസ്വഭാവക്കാരായ ഇടതുബുജികളുണ്ട്.
വിപ്ലവം നടത്തുന്നതിന്റെ ആദ്യപടി പട്ടിക തയാറാക്കലാണ്. വര്‍ഗശത്രുവിന്റെ പേര്, വീട്, വിലാസം, അംശം, ദേശം, ആധാരം, അടിയാധാരം, കുടികിടപ്പ്, നികുതിയടച്ച രസീതി എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന സമ്പൂര്‍ണ വിശദാംശങ്ങള്‍ അടങ്ങിയ കൊലപ്പട്ടിക തയാറാക്കിയാല്‍ ആദ്യഘട്ടം കഴിഞ്ഞു. 'വിപ്ലവം തോക്കിന്‍കുഴലിലൂടെ' എന്ന് മാവോ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് ഏതൊക്കെ വര്‍ഗശത്രുക്കള്‍ തോക്കുകൊണ്ട് കൊല്ലപ്പെടാന്‍ യോഗ്യരാണ് എന്ന യോഗ്യതാപരിശോധനയാണ് രണ്ടാമത്തേത്. കത്തി, വടി തുടങ്ങിയ അടിസ്ഥാനവര്‍ഗ ആയുധങ്ങള്‍കൊണ്ടുള്ള മരണം അര്‍ഹിക്കുന്ന വര്‍ഗശത്രുക്കളെ പട്ടികയില്‍ പ്രത്യേകം ഉള്‍പ്പെടുത്തും. പട്ടിക പൂര്‍ത്തിയായാല്‍ പിന്നെ അത് കൊലവെറിപൂണ്ടുനടക്കുന്ന വിപ്ലവകാരികള്‍ക്കു കൈമാറുന്നതാണ് പതിവ്. ഇനിയുള്ള വാക്കുകള്‍ ചരിത്രപ്രസിദ്ധമായ ആ മണിമൊഴിയില്‍ തന്നെയാവാം: 'ഞാനൊരു പ്രസ്താവനയിറക്കി. പതിമൂന്നു പേര്‍. വണ്‍ ടൂ ത്രീ ഫോര്‍. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാണ് കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു.'വണ്‍ ടൂ ത്രീ ഫോര്‍ എന്ന ആംഗലേയത്തിന്റെ കല്ലുകടി ഒഴിച്ചാല്‍ അഭിമാനകരമായ ഒരു വെളിപ്പെടുത്തലായിരുന്നു അത്. സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരനെ കേരളം നേരില്‍ കണ്ട നിമിഷം. സാധാരണ രാഷ്ട്രീയക്കാര്‍ കള്ളമേ പറയാറുള്ളൂ. ഒരു ചരിത്രസത്യം മുപ്പതുകൊല്ലത്തിനു ശേഷമെങ്കിലും തുറന്നുപറഞ്ഞതിന്റെ പേരില്‍ നരകത്തില്‍ അദ്ദേഹത്തിന് കണ്‍സഷന്‍ കിട്ടുമെന്ന കാര്യത്തില്‍ ശാസ്ത്രീയ സോഷ്യലിസ്റ്റുകളോ ഭൗതികവാദികളോ അല്ലാത്ത കമ്യൂണിസ്റ്റുകാര്‍ക്ക് തെല്ലുമില്ല തര്‍ക്കം.
കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടയ്ക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടെയും ഏഴു മക്കളില്‍ ഒന്നാമന്‍. കുഞ്ചിത്തണ്ണിയിലെ ശ്രീനാരായണോദയം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായാണ് പിതാവ് മാധവന്‍ ഇരുപതേക്കറിലേക്ക് കുടിയേറിയത്. കിടങ്ങൂര്‍ എന്‍.എസ്.എസ് സ്കൂളില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചില്‍ എത്തി. വീട്ടിലെ ദാരിദ്യ്രം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തില്‍തന്നെ ജോലി ചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തിലെ കൂലിവേല ചെയ്തു വളര്‍ന്നു. പിന്നീട് അവര്‍ക്കിടയില്‍നിന്ന് കര്‍ഷകത്തൊഴിലാളി നേതാവായി. 1966ല്‍ 21ാം വയസ്സില്‍ കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നറിഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970ല്‍ ബൈസണ്‍വാലി, 1971ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. ആദ്യമായി ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1985ല്‍. പിന്നീട് എട്ടു തവണ ജില്ലാ സെക്രട്ടറിയായി. സംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഏകവ്യക്തി എന്ന ബഹുമതിയും മഹാനായ ഈ വിപ്ലവകാരിക്ക് സ്വന്തം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി പ്രവര്‍ത്തനം. അതില്‍ കാല്‍നൂറ്റാണ്ട് ജില്ലാ സെക്രട്ടറി. അതുകൊണ്ടുതന്നെ അറിയാത്തത് ഒന്നുമില്ല. ശാന്തന്‍പാറ, പീരുമേട് വിപ്ലവങ്ങളുടെ പൊരുള്‍ നന്നായി അറിയാം. അതാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്്. അപാരമായ ധൈര്യമുള്ള വിപ്ലവകാരിയായതിനാല്‍ രണ്ടു ദിവസമായി ആളെപ്പറ്റി ഒരു വിവരവുമില്ല.
പാര്‍ട്ടിയുടെ മാത്രമേ പിന്തുണയുള്ളൂ. ജനപിന്തുണ അടുത്തുകൂടിപോയിട്ടില്ല. 1996ല്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മത്സരിച്ച മണി മൂവായിരത്തില്‍പരം വോട്ടിന് കോണ്‍ഗ്രസിലെ ഇ.എം. ആഗസ്തിയോട് തോറ്റു. ആദ്യത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തോല്‍വിയായിരുന്നു ഫലം. അതിനുശേഷം ബാലറ്റുപെട്ടിയിലൂടെയുള്ള ജനകീയ ജനാധിപത്യവിപ്ലവത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. കത്തി, കഠാര, വടിവാള്‍, തുപ്പാക്കി ഇത്യാദിയായ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ വിപ്ലവം നടക്കൂ എന്ന് കണ്ടെത്തി ആ വഴിക്കായി പിന്നീട് വിപ്ലവപ്രവര്‍ത്തനം.
വെട്ടിനിരത്തി മുന്നേറിയതാണ് പാര്‍ട്ടിയില്‍ ഇന്നോളം. ഇപ്പോള്‍ വെട്ടില്‍ വീണത് സ്വന്തം വാക്കുകൊണ്ട്. ഒരു കാലത്ത് വി.എസിന്റെ ചാവേറായിരുന്നു. അടുത്ത വിശ്വസ്തന്‍. പിണറായിപക്ഷത്തെ ഒതുക്കുന്നതില്‍ അന്ന് നല്ല മിടുക്കു കാട്ടി. മൂന്നാര്‍ കൈയേറ്റം കാണാന്‍ വന്ന വി.എസിന് അകമ്പടി സേവിച്ചിട്ടുണ്ട്. എന്നാല്‍, ഒഴിപ്പിക്കല്‍ തുടങ്ങിയതോടെ സ്വഭാവം മാറി. പാര്‍ട്ടി ഓഫിസ് സ്ഥലവും സഹോദരനും മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ ലംബോദരന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിനേതാക്കളുടെ കൈയേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നീക്കം കണ്ടപ്പോള്‍ ആദര്‍ശം ജ്വലിച്ചു. വി.എസുമായി ഇടഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിനെ ഇടുക്കിയില്‍ അടുപ്പിച്ചില്ല. ജില്ലയിലെ മൂന്നുസീറ്റും നിലനിര്‍ത്തിയപ്പോള്‍ ക്രെഡിറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്ന് തുറന്നടിച്ചു. പിന്നീട് പിണറായിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനായി മാനസാന്തരപ്പെട്ടു. അഞ്ചു മക്കളുണ്ട്.
വര്‍ഗീസ് വധക്കേസില്‍ രാമചന്ദ്രന്‍ നായര്‍ക്ക് ഉണ്ടായപോലെ ഒരു കുറ്റബോധത്തില്‍നിന്നല്ല ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇത് കൊലപാതകത്തിലുള്ള അഭിമാനപ്രകടനമാണ്. അപാരമായ ധൈര്യമുള്ള അഭിമാനി എന്ന നിലയില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മണി എന്നും ഓര്‍മിക്കപ്പെടും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com