തിരുവല്ല: കക്കൂസ് മാലിന്യം നദിയില്‍ തള്ളാന്‍ ശ്രമിച്ച മൂന്നുപേര്‍ പുളിക്കീഴ് പൊലീസ് പിടിയില്‍. മാലിന്യവുമായി എത്തിയ ടാങ്കര്‍ കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ കിടങ്ങറ പുത്തന്‍ പുരക്കല്‍ ഷിബു (37), പെരുമ്പാവൂര്‍ കുറുപ്പന്‍പടി ചിറപ്പാട് കണ്ടത്തില്‍ എല്‍ദോ(23) എറണാകുളം കുട്ടേപ്പടി കട്ടശേരില്‍ വീട്ടില്‍ ബഷീര്‍ (37) എന്നിവരെയാണ് പുളിക്കീഴ് എസ്.ഐ ബൈജു കെ. ജോസും സംഘവും പിടികൂടിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് പമ്പ മണിമല നദികള്‍ സംഗമിക്കുന്ന വളഞ്ഞവട്ടം കീഴ്ച്ചേരിമേല്‍ക്കടവില്‍ മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. നിരവധി ശുദ്ധജല പദ്ധതികള്‍ ഉള്ള പമ്പ -മണിമല നദികളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച നിരണത്ത് പമ്പാനദിയിലെ കുളിക്കടവില്‍ മാലിന്യം നിക്ഷേപിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ച കടവില്‍ കുളിക്കുന്നതും മറ്റും നിര്‍ത്തിയിരുന്നു. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കിയതോടെയാണ് ടാങ്കറും മാലിന്യവും പിടികൂടാനായതെന്ന് എസ്.ഐ പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍