തിരുവനന്തപുരം: കേരളത്തിന്‍െറ പുരോഗമനവും സമാധാനവും ശ്രദ്ധേയമാണെന്ന് അസം മാധ്യമപ്രവര്‍ത്തകര്‍. ഇവിടത്തെ മാധ്യമരംഗം അസൂയപ്പെടുത്തുന്നതാണ്. കേരള സന്ദര്‍ശനത്തിനെത്തിയ അസം മാധ്യമസംഘം തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് അവരുടെ കേരള കാഴ്ചകള്‍ പങ്കുവെച്ചത്.
അസം ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ബ്രഹ്മയുടെ നേതൃത്വത്തിലെത്തിയ 17 അംഗ സംഘവുമായി കേരള സര്‍ക്കാറിന്‍െറ ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍ വകുപ്പും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് സംവാദമൊരുക്കിയത്.
അസമിലെ സംസ്കാരവും ഭരണ രാഷ്ട്രീയ ചരിത്രവും വര്‍ത്തമാനവും അവര്‍ പങ്കുവെച്ചു. കര്‍ബ ആങ്ലോങ് ജില്ലയില്‍നിന്നെത്തിയ സംഘം അവിടത്തെ പ്രത്യേക സ്വയംഭരണ സംവിധാനത്തെയും പരിചയപ്പെടുത്തി. അസമിലെയും കേരളത്തിലെയും സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍, മാധ്യമ ചരിത്രം, രാഷ്ട്രീയത്തിലും സമൂഹത്തിലും മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം, കൃഷിയിലും മറ്റും ഇരു സംസ്ഥാനങ്ങളും തമ്മിലെ സാമ്യം എന്നിവയും ചര്‍ച്ചാവിഷയമായി. പത്രപ്രവര്‍ത്തക യൂനിയന്‍ ആസ്ഥാനമായ കേസരി സ്മാരകത്തിലെത്തിയ സംഘത്തെ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥരും യൂനിയന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
യൂനിയന്‍ മുന്‍ പ്രസിഡന്‍റ് ജേക്കബ് ജോര്‍ജ് കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രം അവതരിപ്പിച്ചു. പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍.അജിത്കുമാര്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മോഹനന്‍, കെ.യു.ഡബ്ള്യു.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സിബി കാട്ടാമ്പള്ളി, സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ട്രഷറര്‍ എന്‍.പി. ജിഷാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍