കൊച്ചി: വൈറ്റില മൊബിലിറ്റി ഹബിന്‍െറ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം ആറുമാസത്തിനകം തുടങ്ങുമെന്ന് മൊബിലിറ്റി ഹബ് മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന പറഞ്ഞു.
376 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മാണത്തിന് രാജ്യാന്തര കണ്‍സള്‍ട്ടന്‍സി ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിന്‍െറ പൂര്‍ണ ചുമതല കിറ്റ്കോയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മൂന്ന് ബോട്ട് ജെട്ടികള്‍, മെട്രോ റെയില്‍ സ്റ്റേഷന്‍, കമേഴ്സ്യല്‍ കോംപ്ളക്സ്, പാര്‍ക്കിങ് ഏരിയ, നടപ്പാത എന്നിവയുടെ നിര്‍മാണമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. ഇത് മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഡോ. ബീന ‘മാധ്യമ’ത്തോട് പറഞ്ഞു.
ഹബിന് ചുറ്റും വെള്ളമായതിനാല്‍ ബോട്ട് സര്‍വീസ് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഹബിലേക്കുള്ള ബോട്ട് സര്‍വീസുകള്‍ ടൂറിസത്തിനും ഉപകരിക്കപ്പെടും. രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുന്നതോടെ റോഡ്, റെയില്‍, ജല ഗതാഗത സൗകര്യങ്ങള്‍ ഒരുമിച്ചുവരുന്ന ഇന്ത്യയിലെ ആദ്യ ടെര്‍മിനലായിരിക്കും വൈറ്റിലയിലേത്. മെട്രോ റെയില്‍, ബോട്ട് സര്‍വീസ് എന്നിവകൂടി വരുന്നതിനാലാണ് രാജ്യാന്തര കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് മാസത്തിനകം ഡിസൈന്‍ പൂര്‍ത്തിയാക്കും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഡിസൈന്‍ കിറ്റ്കോ നേരത്തേ തയാറാക്കി നല്‍കിയിരുന്നെങ്കിലും പദ്ധതിയില്‍ മെട്രോകൂടി ഉള്‍പ്പെടുത്തിയതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് വായ്പയെടുക്കാനും തീരുമാനമായിട്ടുണ്ട്. ആവശ്യമായ തുകയില്‍ 264 കോടിയുടെ വായ്പാ കരാര്‍ ബാങ്കുകളുമായി ഒപ്പിടും. സൗത് ഇന്ത്യന്‍ ബാങ്ക്,എസ്. ബി.ടി,കനറാ ബാങ്ക്,യൂനിയന്‍ ബാങ്ക്,ഫെഡറല്‍ ബാങ്ക് എന്നിവയുടെ കണ്‍സോര്‍ട്യമാണ് വായ്പ അനുവദിക്കുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതല യോഗം വായ്പ കൈപ്പറ്റാനുള്ള അനുമതി ഹബ് സൊസൈറ്റി നല്‍കി. കേരളീയ മാതൃകയില്‍ നിര്‍മിക്കുന്ന ബോട്ട് ജെട്ടിക്കായി 2.89 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. മാലി ദ്വീപിലെ ജെട്ടികള്‍ പോലെ ചെലവു കുറഞ്ഞ രീതിയാവും ഇതിന് അവലംബിക്കുക.
ഭാവിയില്‍ വന്‍ ടൂറിസം സാധ്യത കാണുന്നതിനാല്‍ അതിനുകൂടി യോജിക്കുന്ന തരത്തിലാവും തുടര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള മികച്ച വാക്ക്-വേ കള്‍ നിര്‍മിക്കും. ഇവ ഹബുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക നടപ്പാതകള്‍ ഉണ്ടാകും. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. 2010 സെപ്റ്റംബറിലാണ് മൊബിലിറ്റി ഹബിന്‍െറ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ബസുകള്‍ക്ക് കയറിയിറങ്ങാനുള്ള സൗകര്യം മാത്രമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായത്. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒപ്പം പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച ഹബില്‍ പ്രീ പെയ്ഡ് ഓട്ടോ സര്‍വീസ്,പൊലീസ് എയ്ഡ്പോസ്റ്റ്, കെ.എസ്.ആര്‍.ടി.സി ഓഫിസ് എന്നിവയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 16 കോടി ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍