കടല്‍ കടന്നെത്തിയ പകയില്‍ കൊല്ലപ്പെട്ടത് തൃശൂര്‍ സ്വദേശി

കടല്‍ കടന്നെത്തിയ പകയില്‍ കൊല്ലപ്പെട്ടത് തൃശൂര്‍ സ്വദേശി

ദുബൈ: ജാഫ്ലിയ അല്‍ റിഫായില്‍ ബുധനാഴ്ച കൊല്ലപ്പെട്ട മലയാളി തൃശൂര്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ ചിയ്യാരം സേവനാലയം പള്ളിക്ക് സമീപം നെല്ലിശ്ശേരി ഡേവിസിന്‍െറ മകന്‍ ഡെല്‍ജോ (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ മലയാളി യുവാവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കൃത്യം നടത്തി പത്ത് മണിക്കൂറിനകം കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ദുബൈ വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍ നിന്ന് ദുബൈ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് രേഖകളില്‍ കെ.എ. എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഇയാള്‍ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണെന്നറിയുന്നു.
കുറ്റസമ്മതം നടത്തിയ ഇയാള്‍ തന്‍െറ സഹോദരിയുടെ മോശം ചിത്രം ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തതിന്‍െറ പ്രതികാരമായി കൊല നടത്തിയെന്നാണ് ദുബൈ പൊലീസിന് മൊഴി നല്‍കിയത്. കേരള സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് നിയമം കൈയിലെടുക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. അതേസമയം, ഇക്കാര്യം കേരള സൈബര്‍ സെല്‍ നിഷേധിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഇയാള്‍ കേരളത്തില്‍ നേരത്തെ പരാതി നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സൈബര്‍ സെല്‍ അസിസ്റ്റന്‍റ് കമീഷണര്‍ വിനയകുമാരന്‍ നായര്‍ പറഞ്ഞു. കൊലപാതകത്തിന് ദുബൈയില്‍ പിടിയിലായ ആള്‍ ആരാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും വെളിപ്പെടുത്താന്‍ സൈബര്‍ സെല്ലോ കഴക്കൂട്ടം പൊലീസോ തയാറായില്ല.
ടെക്നോപാര്‍ക്കില്‍ ഡെല്‍ജോയുടെ സഹപ്രവര്‍ത്തകയായിരുന്ന യുവതിയുടെ സഹോദരന്‍ ആണ് പിടിയിലായിരിക്കുന്നത്. ഒന്നിച്ച് ജോലി ചെയ്യുന്ന സമയത്ത് എടുത്ത യുവതിയുടെ ഫോട്ടോ നെറ്റില്‍ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ഡെല്‍ജോയുടെ വീട്ടുകാരും നിഷേധിച്ചു. താനുമായി അടുപ്പമുണ്ടായിരുന്ന യുവതിക്ക് ഡെല്‍ജോ അയച്ച സന്ദേശങ്ങളില്‍ പ്രകോപിതനായി സഹോദരന്‍ ദുബൈയിലെത്തി കൊല നടത്തിയെന്നാണ് അവര്‍ പറയുന്നത്. ഡെല്‍ജോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഇടപെടലിലൂടെ പുരോഗമിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡെല്‍ജോയുടെ ബന്ധുക്കള്‍ ഞായറാഴ്ച ദുബൈയിലെത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus