സാങ്കേതിക തകരാര്‍: മസ്കത്ത്-ഷാര്‍ജ-കോഴിക്കോട് എയര്‍ഇന്ത്യ വിമാനത്തില്‍ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി

സാങ്കേതിക തകരാര്‍: മസ്കത്ത്-ഷാര്‍ജ-കോഴിക്കോട് എയര്‍ഇന്ത്യ വിമാനത്തില്‍ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി

മസ്കത്ത്: മസ്കത്തില്‍ നിന്ന് ഷാര്‍ജ വഴി കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി. യാത്രമുടങ്ങിയ നിരവധി കോഴിക്കോട് യാത്രക്കാര്‍ വെള്ളിയാഴ്ച രാത്രി മസ്കത്ത്, ഷാര്‍ജ വിമാനത്താവളങ്ങളിലായി കുടുങ്ങികിടക്കുകയാണ്. വെള്ളിയാഴ്ച ഒമാന്‍ സമയം ഉച്ചക്ക് 1.45ന് പുറപ്പെടേണ്ട വിമാനത്തില്‍ നിന്നാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. തകരാര്‍ പരിഹരിച്ച വിമാനം പിന്നീട് രാത്രി ഏഴോടെ മസ്കത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പറന്നെങ്കിലും കോഴിക്കോട് യാത്രക്കാരെ കൊണ്ടുപോയില്ല. പൈലറ്റ് അടക്കമുള്ള ക്രൂവിന് ജോലിചെയ്യാന്‍ അനുവദിച്ച സമയം അവസാനിച്ചതിനാല്‍ വിമാനം ഷാര്‍ജയില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. മസ്കത്തില്‍ നിന്നുള്ള കോഴിക്കോട് യാത്രക്കാര്‍ ഷാര്‍ജയില്‍ കുടുങ്ങുന്നത് ഒഴിവാക്കാനാണ് കോഴിക്കോട് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ വിശദീകരിച്ചു. അതേസമയം, ഇതേ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട യാത്രക്കാര്‍ അവിടെയും കുടുങ്ങികിടക്കുകയാണ്. മസ്കത്തില്‍ നിന്ന് 80ഓളം കോഴിക്കോട് യാത്രക്കാരാണ് വിമാനത്തില്‍ യാത്രചെയ്യേണ്ടിയിരുന്നത്.
സ്കൂള്‍ അവധിക്കായി ഗള്‍ഫിലെത്തി മടങ്ങുന്ന സ്ത്രീകളും കുട്ടികളുമാണ് വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗവും. യാത്രക്കായി രാവിലെ പത്തോടെ മസ്കത്ത് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത യാത്രക്കാര്‍ രാത്രി ഏറെ വൈകിയും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് ഭാര്യയുടെയും മക്കളുടെയും യാത്രമുടങ്ങിയത് അറിഞ്ഞെത്തിയ രവീന്ദ്രന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. ഇവര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം നല്‍കുമെന്നും ശനിയാഴ്ച ഉച്ചയോടെ നാട്ടിലേക്ക് മറ്റൊരു വിമാനത്തില്‍ യാത്ര തുടരാന്‍ സൗകര്യമൊരുക്കുമെന്നും എയര്‍ഇന്ത്യ ഒമാന്‍ കണ്‍ട്രി മാനേജര്‍ മോഹിത് സെയിന്‍ വ്യക്തമാക്കി. ഒമാനിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് മസ്കത്തിലെത്തി വിമാനം കയറിയ യാത്രക്കാര്‍ വല്ലാതെ വലഞ്ഞു. ഇവര്‍ വിമാനത്തില്‍ കയറിയ ആശ്വാസത്തില്‍ വിമാനത്താവളത്തില്‍ കൊണ്ടുവിട്ടവര്‍ തിരിച്ചുപോയിരുന്നു. പിന്നീടാണ് യാത്രമുടങ്ങിയ വിവരം അറിയുന്നത്. വിമാനത്തില്‍ കയറി യാത്രപുറപ്പെടുന്നതിന് തൊട്ടുമുമ്പാണത്രെ തകരാര്‍ ശ്രദ്ധയില്‍പെട്ടത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നല്‍കിയ ലഘുഭക്ഷണം മാത്രം കഴിച്ചാണ് കുട്ടികളടക്കമുള്ള യാത്രക്കാര്‍ രാത്രി വരെ വിമാനത്താവളത്തില്‍ കഴിഞ്ഞത്. സന്ദര്‍ശകവിസയില്‍ വന്ന് മടങ്ങുന്നവര്‍ക്ക് തിരിച്ച് വീണ്ടും മസ്കത്ത് വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാന്‍ കഴിയാത്തത് നിരവധി പേരെ ബുദ്ധിമുട്ടിലാക്കി. ഇവര്‍ക്ക് മൂന്നുദിവസത്തെ വിസ നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചതായി യാത്ര മുടങ്ങിയ നിഖില റെനീഷിന്‍െറ ബന്ധു രവി പറഞ്ഞു. രാത്രി വൈകി ഇവരെ നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus