Sat, 06/02/2012 - 09:46 ( 50 weeks 6 daysago)
ഡംപോ ഗോവയെ ഷാറൂഖ് വാങ്ങുന്നു
(+)(-) Font Size
ഡംപോ ഗോവയെ ഷാറൂഖ് വാങ്ങുന്നു

മുംബൈ: കായികപ്രേമിയായ ബോളിവുഡ് താരരാജാവ് ഷാറൂഖ്ഖാന്‍ മറ്റൊരു പരീക്ഷണത്തിന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമ ഫുട്ബാളിലും പണമെറിയാനൊരുങ്ങുകയാണ്. രാജ്യത്തെ പ്രമുഖ ക്ളബും ഐ ലീഗ് ചാമ്പ്യന്മാരുമായ ഡെപോ സ്പോര്‍ട്സ് ക്ളബ് ഗോവയുടെ പകുതി ഓഹരി വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് കിങ് ഖാന്‍. ഇത് ഇന്ത്യന്‍ ഫുട്ബാളിന് പുത്തനുണര്‍വ് നല്‍കുമെന്ന പ്രതീക്ഷയില്‍ കായികലോകവും.
ഡെംപോയുടെ 50 ശതമാനം ഓഹരികള്‍ ഷാറൂഖ് വാങ്ങുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഏറക്കുറെ പൂര്‍ത്തിയായി. താരവുമായും ക്ളബുമായും അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം വരാന്‍ അല്‍പദിവസങ്ങള്‍കൂടി എടുക്കും. 30 കോടിയോളം രൂപയാണ് പകുതി ഓഹരിക്ക് നല്‍കേണ്ടിവരിക. ഫുട്ബാളര്‍ കൂടിയായ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്ററും ചില കോര്‍പറേറ്റ് ഗ്രൂപ്പുകളും ഓഹരികള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, സാധ്യതാ ലിസ്റ്റില്‍ മുമ്പന്‍ ഷാറൂഖ് തന്നെയാണ്.
ഗോവയിലെ ഡെംപോ ബിസിനസ് ഗ്രൂപ്പാണ് ക്ളബ്ബിന്റെ ഉടമകള്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ ടീം അഞ്ചാം തവണയും ദേശീയ ചാമ്പ്യന്മാരായതോടെ ഡെന്മാര്‍ക്കിലെ മുന്‍നിര ക്ളബും അക്കാദമിയുമായ എഫ്.സി മിഡിലാന്‍ഡ് 12 ദശലക്ഷം യൂറോക്ക് ഡെംപോയുടെ 34 ശതമാനം ഓഹരി വാങ്ങിയിരുന്നു. ഓഹരിയുടെ വലിയൊരു ഭാഗം ആരെങ്കിലും സ്വന്തമാക്കിയാലും ഡെംപോ എന്ന പേരില്‍ത്തന്നെ ക്ളബ്ബ് അറിയപ്പെടുമെന്ന് ഉടമ ശ്രീനിവാസ് വി ഡെംപോ അറിയിച്ചു. നാലു പതിറ്റാണ്ടു മുമ്പ് മുത്തച്ഛന്‍ വഴിയാണ് ഇതിന്റെ ഉടമസ്ഥത ശ്രീനിവാസിന്റെ കുടുംബ്ധിലെത്തിയത്.
12 വര്‍ഷമായി അര്‍മാന്‍ഡോ കൊളാകോയുടെ ശിക്ഷണത്തിലുള്ള ഡെംപോ 2007-08 മുതല്‍ ഒന്നിടവിട്ട സീസണുകളിലെല്ലാം ഐ ലീഗ് കിരീടം സ്വന്തമാക്കി. എന്നാല്‍, പ്രതിവര്‍ഷം 12 കോടി ചെലവുവരുന്ന ക്ളബ് സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഇതുമൂലം പല പ്രധാനതാരങ്ങളെയും അവര്‍ക്ക് നഷ്ടമായി. തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇക്കുറി ഐ.പി.എല്‍ ചാമ്പ്യന്മാരായതോടെ കളിക്കമ്പം ഇരട്ടിച്ച ഷാറൂഖ് ഇനി ഫുട്ബാള്‍ മൈതാനങ്ങളിലും ആവേശമാവാനെത്തുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus