കണ്ണൂര്‍: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ അരിയിലിലെ ഷുക്കൂറിനെ വധിച്ച സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം മേഖലയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുമേഷ്, സജിത്ത്, അനൂപ് എന്നിവരെയാണ് കേസന്വേഷിക്കുന്ന വളപട്ടണം സി.ഐ യു.പ്രേമനും സംഘവും അറസ്റ്റ് ചെയ്തത്.
കീഴറയിലെ ഒരുവീട്ടില്‍ അഭയം തേടിയ ഷുക്കൂറിനെ വിളിച്ചിറക്കി കൊണ്ടുപോയി സ്പ്രിങ് കത്തി ഉപയോഗിച്ച് കുത്തിയത് സുമേഷാണെന്ന് പൊലീസ് പറഞ്ഞു. അനൂപും സജിത്തും ഒപ്പമുണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധംകൊണ്ട് നെഞ്ചിലേറ്റ മുറിവാണ് ഷുക്കൂറിന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കൊലക്കുപയോഗിച്ച ആയുധം ഒളിപ്പിച്ചുവെച്ചത് സജിത്താണ്. ഇതെവിടെയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആയുധം ഇന്ന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.
സംഭവത്തില്‍ ഇതുവരെ 25 പേര്‍ അറസ്റ്റിലായിട്ടുണ്ട്. നേരിട്ട് പങ്കുള്ളവര്‍ ആദ്യമായാണ് പിടിയിലാവുന്നത്. ഇവരില്‍നിന്ന് സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാവുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ഫെബ്രുവരി 20നാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത്.
സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനം അരിയിലില്‍ ആക്രമിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് കീഴറയില്‍ ഷുക്കൂര്‍ വധിക്കപ്പെട്ടത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍