കോട്ടയം: മഴ ആരംഭിച്ചതോടെ ജില്ലയില്‍ കൂടുതല്‍ പേരില്‍ ഡെങ്കിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു.
പനി ബാധിച്ചവര്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടുകയും വിശ്രമിക്കുകയും ധാരാളം ജലം കുടിക്കുകയും വേണം. ജില്ലയില്‍ ഈ വര്‍ഷം 36 മഞ്ഞപ്പിത്തം, 36 ഡെങ്കിപ്പനി, 11 എലിപ്പനി, 3,631 വയറിളക്കം, 624 ചിക്കന്‍ പോക്സ് എന്നിവ സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് അവസാന ആഴ്ച മാത്രം ആറ് ഡെങ്കിപ്പനി കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
മേയ് 31ന് ജില്ലയില്‍ രണ്ട് മഞ്ഞപ്പിത്തം ബി, 38 വയറിളക്കം, 236 പനി, രണ്ട് ചിക്കന്‍ പോക്സ്, അഞ്ച് ഡെങ്കിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമാനൂര്‍, കരൂര്‍, മണര്‍കാട്, പനച്ചിക്കാട്, കുമാരനല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് വ്യാഴാഴ്ച ഡെങ്കിപ്പനി കണ്ടെത്തിയത്.
പഞ്ചായത്തുമായി സഹകരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നാല് ലക്ഷത്തിലധികം ഭവനങ്ങള്‍ സന്ദര്‍ശിച്ച് കൊതുകുകളുടെ ഉറവിട നിര്‍മാര്‍ജനം, ക്ളോറിനേഷന്‍, നോട്ടീസ് വിതരണം, ബോധവത്കരണം എന്നിവ നടത്തിയതായി ഡി.എം.ഒ അറിയിച്ചു.
റബര്‍ മരങ്ങളില്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍, കുപ്പികള്‍, മരപ്പൊത്തുകള്‍, സണ്‍ ഷെയ്ഡുകള്‍, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചട്ടിക്കടിയിലെ ട്രേ, വീടുകള്‍ക്ക് ചുറ്റും അലക്ഷ്യമായി കിടക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവയില്‍ ജലം കെട്ടിനിന്ന് കൊതുക് വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യസ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വീടിനകത്തും പുറത്തുമായി ചെറിയ വെള്ളക്കെട്ടുകളില്‍ കൊതുക് വളരുന്നത് തടയണം. ആഴ്ചയില്‍ ഒരുദിവസം വീട്ടിലും പരിസരത്തും ജലം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
റബര്‍ തോട്ടങ്ങളില്‍ കൊതുക് വളരാന്‍ സാഹചര്യം ഒരുക്കുന്ന തോട്ടം ഉടമകള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം മുന്നറിയിപ്പ് നല്‍കാനും അവ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ സാന്നിധ്യവും അവശ്യമരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍