12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ഭാവഭേദമില്ലാതെ പ്രതി; അമര്‍ഷത്തോടെ ജനക്കൂട്ടം

കായംകുളം: തൂക്കുകയര്‍ ലഭിച്ചിട്ടും 22കാരന്‍ വിശ്വരാജിന് ഭാവഭേദവുമില്ല. ചിരിച്ചും തമാശപറഞ്ഞും പ്രതി പൊലീസിന് നടുവില്‍ നിന്നപ്പോള്‍ വിധികേള്‍ക്കാന്‍ എത്തിയ ജനക്കൂട്ടത്തിന് അമര്‍ഷം. ഓച്ചിറ ഞക്കനാല്‍ സന്തോഷ് ഭവനില്‍ വിശ്വരാജിന് വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ വ്യാഴാഴ്ച രാവിലെ 11.15 ഓടെ ഉത്തരവിട്ടപ്പോള്‍ ജനക്കൂട്ടം കോടതി വളപ്പില്‍ നിന്ന് പ്രതിയെ കാണാന്‍ മുറിക്കുള്ളിലേക്ക് ഇരച്ചുകയറി. അവരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു.
നാലാമത്തെ കേസായാണ് സ്മിത കൊലക്കേസ് എടുത്തത്. കേസിന്‍െറ അപൂര്‍വതകള്‍ ജഡ്ജി വിശദീകരിച്ചശേഷം ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ വിശ്വരാജിന്‍െറ മുഖത്തെ ചിരി ജനക്കൂട്ടത്തെ അദ്ഭുതപ്പെടുത്തി. ഈ കേസിനുശേഷം മറ്റ് കേസുകളിലേക്കും കോടതി തിരിഞ്ഞു.
വിശ്വരാജിനെ കനത്ത പൊലീസ് കാവലില്‍ കോടതി മുറിയുടെ പിറകിലെ ബെഞ്ചിലേക്ക് മാറ്റി. നടപടികള്‍ വൈകുന്നതില്‍ അസ്വസ്ഥതപ്പെട്ടെങ്കിലും ഒരിക്കല്‍പോലും ഭാവപകര്‍ച്ച കാട്ടിയില്ല. കോടതി ഇടവേള സമയത്ത് അഭിഭാഷകനായ മുജീബ് റഹ്മാനൊപ്പം വിശ്വരാജിനെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് മനസ്സുതുറന്നു. ‘സംഭവിച്ചുപോയി. വധശിക്ഷ വിധിക്കുമെന്ന് കരുതിയില്ല. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. ജയിലില്‍ നിന്ന് അപ്പീല്‍ പോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിത സാഹചര്യങ്ങളാണ് തന്‍െറ ജീവിതത്തെ ഇത്തരത്തിലാക്കിയത്. അച്ഛനോടാണ് തന്‍െറ ശത്രുത മുഴുവന്‍. താന്‍ ജനിച്ചതിന് ശേഷമാണ് അമ്മയെ അച്ഛന്‍ വിവാഹം കഴിച്ചത്. അനുജന്‍ സന്തോഷ് പിറന്നതിനുശേഷം ഇറങ്ങിപ്പോകുകയും ചെയ്തു. അനുജനെ ഒന്ന് കാണണമെന്ന ആഗ്രഹം മാത്രമാണുള്ളത്. അമ്മയോടും അത്ര താല്‍പ്പര്യമില്ല. കൂട്ടുകെട്ടാണ് തന്നെ മദ്യപാനിയാക്കിയത്. സംഭവദിവസവും വളഞ്ഞനടക്കാവുകാരനായ കോണ്‍ട്രാക്ടറാണ് തനിക്ക് മദ്യം വാങ്ങിത്തന്നത്. താന്‍ താമസിച്ചിരുന്ന അമ്പിളിയുടെ വീട്ടുകാരും തന്നെ ചൂഷണം ചെയ്തു. ഇവരെല്ലാം പിന്നീട് എന്നെ ചതിച്ചു. മദ്യലഹരിയാണ് തന്നെ ഭ്രാന്തനാക്കിയത്. ആറാംക്ളാസുവരെ മാത്രമെ പഠിച്ചിട്ടുള്ളൂ. ജയില്‍വാസക്കാലത്ത് പഠിക്കണമെന്ന ആഗ്രഹമുണ്ട്. കൂട്ടാളികളുടെ സമ്മര്‍ദത്താലാണ് ഒരിക്കല്‍ ജയില്‍ചാടാന്‍ ശ്രമിച്ചത്. ഇനി അങ്ങനൊരു അബദ്ധം സംഭവിക്കില്ല’ -വിശ്വരാജ് പറഞ്ഞു.
കോടതി നടപടി ഉച്ചക്ക് രണ്ടുമണിയോടെ പൂര്‍ത്തിയായി. പിന്നെ ആലപ്പുഴയില്‍നിന്ന് വരുന്ന പൊലീസ് വാനിന് കാത്തിരിപ്പ്. അപ്പോഴെല്ലാം പ്രതി ജയിലിലേക്ക് പോകാനുള്ള ധിറുതിയിലായിരുന്നു. 2.30 ഓടെ വാന്‍ എത്തി. ഭാവഭേദങ്ങളില്ലാതെ വാനിലേക്ക്.
ഈ സമയം സ്ത്രീകളടക്കമുള്ളവര്‍ തടിച്ചുകൂടി. കാണാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ വനിതാ പൊലീസ് വലയം തീര്‍ത്തു. വിചാരണ സമയത്ത് കോടതി മുറ്റത്ത് വിശ്വരാജിനെ നേരത്തേ സ്ത്രീകള്‍ തല്ലാന്‍ ശ്രമിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com