കാസര്‍കോട്: ഖല്‍ബില്‍ കൊണ്ടുനടന്ന ഹജ്ജ് മോഹം തല്‍ക്കാലം ഉപേക്ഷിച്ച് ഉംറക്ക് പോകാന്‍ തയാറെടുക്കുകയാണ് അബ്ദുല്ലയും ഭാര്യ മറിയുമ്മയും. ഹജ്ജ് ചെയ്യാന്‍ 25 വര്‍ഷം കടലയും പത്രവും വിറ്റ് ഒരുക്കൂട്ടിവെച്ചതൊന്നും അതിന് തികയില്ളെന്ന് വന്നതോടെയാണ് ആ മോഹം പൊലിഞ്ഞത്. കടല വിറ്റും പത്രം വിറ്റും കിട്ടിയ തുകകൊണ്ട് ഉംറക്ക് തയാറെടുക്കുന്നുണ്ടെങ്കിലും ഹജ്ജ് എന്ന ആഗ്രഹം കൂടി സഫലീകരിക്കാന്‍ പ്രാര്‍ഥിക്കുകയാണ് ഈ ‘ആദാമിന്‍െറ മക്കള്‍’.
കുമ്പള ബന്തിയോടിനടുത്ത് മുട്ടം ഗേറ്റിനരികെ അബ്ദുല്ല എന്ന 67കാരന് 25 വര്‍ഷം മുമ്പാണ് ഹജ്ജ് കര്‍മത്തിന് മോഹമുണ്ടായത്. സമ്പത്തും ആരോഗ്യവും അനുവദിക്കുമെങ്കിലേ ഹജ്ജ് കര്‍മം അനുഷ്ഠിക്കേണ്ടതുള്ളൂവെങ്കിലും സമ്പന്നനല്ലാത്ത ഒരാള്‍ അത് നടത്താന്‍ പാടില്ളെന്ന് എവിടെയും പറയുന്നില്ളെന്നാണ് അബ്ദുല്ലയുടെ പക്ഷം . തനിക്ക് അതിന് ജീവിതത്തില്‍ ഒരിക്കലും കഴിയില്ളെന്ന് ജീവിത സാഹചര്യം പലവുരു പറഞ്ഞുകൊടുത്തുവെങ്കിലും അബ്ദുല്ല അതനുസരിച്ചില്ല. തന്‍െറ സാഹചര്യങ്ങളെ തോല്‍പിക്കാനും പടച്ചവനില്‍ വിശ്വാസമര്‍പ്പിച്ചും ഇദ്ദേഹം കാല്‍നൂറ്റാണ്ട് കടല വിറ്റും പത്രം വിറ്റും പൊരുതി. പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങും സൈക്കിള്‍ യാത്ര. ആദ്യം പത്രം, അല്‍പം കഴിഞ്ഞാല്‍ പാല്‍, കുറച്ചുകൂടി കഴിഞ്ഞാല്‍ കടല ഇങ്ങനെ പോകും വ്യാപാരം. ഇവയില്‍നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടുവേണം ജീവിക്കാനും സ്വപ്നങ്ങള്‍ക്ക് നിറം പകരാനും. 25 വര്‍ഷംകൊണ്ട് ഇങ്ങനെ സ്വരൂപിച്ചത് 25,000 രൂപ. ഹജ്ജിന് ഈ തുക തികയില്ല. ഒന്നരലക്ഷം രൂപയെങ്കിലും വേണം തനിക്കും ഭാര്യക്കും വിശുദ്ധ ഭൂമിയില്‍ എത്താനെന്ന് അബ്ദുല്ലക്ക് അറിയാം. ഇപ്പോള്‍ ബാക്കി തുക സമാഹരിക്കാനും കഴിയില്ല. ഇതിനോടൊപ്പം കുറച്ചു തുക കൂടി സംഘടിപ്പിച്ച് ഉംറക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് അബ്ദുല്ല. അതിനുള്ള ഒരുക്കവും തുടങ്ങി.
ഒരു മകനുണ്ടെങ്കിലും അയാള്‍ ഭാര്യയോടൊപ്പം ഗള്‍ഫിലാണ്. അയാളെ ഒന്നിനും ബുദ്ധിമുട്ടിക്കാന്‍ താനില്ളെന്നും ഇദ്ദേഹം പറയുന്നു. പാതിവഴിയില്‍ പണി നിലച്ച വീട് ഭാരമായി അവശേഷിക്കുമ്പോഴും ഇപ്പോഴും ഹജ്ജ് സ്വപ്നങ്ങള്‍ നെയ്യുകയാണ് അബ്ദുല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍