ന്യൂദല്‍ഹി: ഭീകരമുദ്ര ചാര്‍ത്തി നിരപരാധികളായ മുസ്ലിം യുവാക്കളെ വേട്ടയാടുന്നത് നിയമപരമായി പ്രതിരോധിക്കാന്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ നിയമസഹായ വേദി രൂപവത്കരിക്കാന്‍ മുസ്ലിം നേതാക്കളുടെ യോഗം തീരുമാനിച്ചു.
രാജ്യത്ത് മുസ്ലിം ചെറുപ്പക്കാരുടെ അറസ്റ്റ് തുടരുന്ന സാഹചര്യത്തില്‍ പരാതിയുമായി അന്തര്‍ദേശീയ മനുഷ്യാവകാശ വേദികളെ സമീപിക്കാനും യോഗം തീരുമാനിച്ചു.
ഭീകരകേസുകള്‍ ചുമത്തി മുസ്ലിം യുവാക്കളുടെ അറസ്റ്റ് തുടരുന്നതിനെതിരെ വ്യാപകമായ രോഷമുയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് നടപടിയില്ലാത്ത സാഹചര്യത്തിലാണ് പ്രമുഖ മുസ്ലിം സംഘടനകളുടെ നേതാക്കള്‍ ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുത്തത്. കഴിഞ്ഞ 15 ദിവസത്തിനിടെ നടന്ന രണ്ട് അറസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചത്.
ബിഹാറില്‍നിന്നുള്ള മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഫസീഹ് അഹ്മദിനെ സൗദി അറേബ്യയില്‍നിന്നും അഅ്സംഗഢ് ജംഇയ്യതുല്‍ ഫലാഹിലെ രണ്ട് കശ്മീരി വിദ്യാര്‍ഥികളെ അലീഗഢിലെത്തിയ ട്രെയിനില്‍നിന്നും കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് മുശാവറ യോഗം ചേര്‍ന്നത്.
മേയ് 13ന് പിടികൂടിയ ഫസീഹിനെക്കുറിച്ചും 24ന് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത കശ്മീരി യുവാക്കളെക്കുറിച്ചും ഒരു വിവരമില്ലെന്ന് യോഗം വിലയിരുത്തി.
ഇരകളാക്കപ്പെട്ട കുടുംബങ്ങളുടെയും സമുദായത്തിന്‍െറയും പരാതികളില്‍ തണുപ്പന്‍ പ്രതികരണമാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകുന്നത്.
തെളിവുകളില്ലാതെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കാസ്മിയെ അറസ്റ്റ് ചെയ്തതിന് ശേഷവും അറസ്റ്റ് പരമ്പര തുടരുകയാണ്. കഴിഞ്ഞ 10 വര്‍ഷമുണ്ടായ അറസ്റ്റുകള്‍ അവലോകനംചെയ്ത നേതാക്കള്‍ ഡസന്‍കണക്കിന് യുവാക്കളെ പിന്നീട് കോടതി വിട്ടയച്ചുവെന്ന് ഓര്‍മിപ്പിച്ചു.
കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ നടത്തിയ എല്ലാ അറസ്റ്റുകളും നിയമവിരുദ്ധമായിരുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ലംഘനമായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.
അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്‍റ് സഫറുല്‍ ഇസ്ലാം ഖാന്‍, ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ കാര്യ സെക്രട്ടറി മുഹമ്മദ് അഹ്മദ്, ജംഇയ്യത്ത് അഹ്ലെ ഹദീസ് ജനറല്‍ സെക്രട്ടറി മൗലാനാ അസ്ഗര്‍ ഇമാം മഹ്ദി, മൗലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി, റേഡിയന്‍സ് വീക്ക്ലി എഡിറ്റര്‍ ഇഅ്ജാസ് അസ്ലം, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എസ്.ക്യൂ.ആര്‍. ഇല്യാസ്, മുസ്ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുജ്തബ ഫാറൂഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മുസ്ലിം യുവാക്കളുടെ അറസ്റ്റിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനും ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ലക്കും രണ്ടു ദിവസം മുമ്പ് മുസ്ലിം നേതാക്കള്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍