Thu, 05/31/2012 - 00:34 ( 51 weeks 6 hoursago)
മോസ്കോ: കറുപ്പും വെളുപ്പും നിറഞ്ഞ 64 കളങ്ങളുടെ തമ്പുരാന് ഇത് കാല്‍നൂറ്റാണ്ടിന്റെ ഇടറാത്ത കുതിപ്പ്. 18ാം വയസ്സില്‍ ജൂനിയര്‍ ചാമ്പ്യനായി ലോകം കീഴടക്കിയ വിശ്വനാഥന്‍ ആനന്ദിന്റെ അഞ്ചാം വിശ്വകിരീടത്തിലൂടെ ചെസിന്റെ മാതൃഭൂമിയും ലോകത്തിന്റെ നെറുകയില്‍. ആറാം നൂറ്റാണ്ടില്‍ ഭാരതം ലോകത്തിനു സമ്മാനിച്ച ചതുരംഗത്തില്‍ ചോദ്യചെയ്യപ്പെടാത്ത ശക്തിയായി തമിഴ്നാട് മയിലാടുതുറെയിലെ വിശ്വനാഥന്‍ ആനന്ദ് എന്ന 42 കാരന്‍ ഇന്ത്യയെ മാറ്റിത്തീര്‍ത്തു. റഷ്യയില്‍ നടന്ന ലോകചെസ് ചാമ്പ്യന്‍ഷിപ് പോരാട്ടത്തില്‍ ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫാന്‍ഡിനെ ടൈബ്രേക്കറില്‍ കീഴ്പ്പെടുത്തിയാണ് ആനന്ദ് കരിയറിലെ അഞ്ചാമത്തെയും തുടര്‍ച്ചയായി നാലാമത്തെയും ലോക കിരീടം സ്വന്തമാക്കിയത്.
ലോകചെസ് ഭിന്നിച്ചു നിന്ന കാലം 2000ത്തില്‍ തെഹ്റാനില്‍ നടന്ന നോക്കൗട്ട് ഫോര്‍മാറ്റില്‍ ചാമ്പ്യനായാണ് ആനന്ദ് ലോകകിരീടത്തില്‍ മുത്തമിട്ടു തുടങ്ങിത്. പിന്നീട് 2007ല്‍ മെക്സികോ സിറ്റിയില്‍ ഏകീകരിച്ച് നടന്ന ടൂര്‍ണമെന്റിലാണ് എല്ലാവരെയും കീഴടക്കി ആനന്ദ് രണ്ടാം വിശ്വ കിരീടം ചൂടിയത്. അവസാന റൗണ്ടില്‍ വെറും 20 നീക്കങ്ങളിലൂടെ ഹങ്കറിയുടെ പീറ്റര്‍ ലിക്കോയുമായി പോയന്റ് പങ്കിട്ടെടുത്താണ് ഇന്ത്യക്കാരന്‍ ലോക ചാമ്പ്യനായത്. 2008ല്‍ ജര്‍മനിയിലെത്തിയ ടൂര്‍ണമെന്റില്‍ മാച്ച് ഫോര്‍മാറ്റിലേക്ക് മാറിയപ്പോഴും ആനന്ദ് ഇരിപ്പുറപ്പിച്ച ലോക ചെസ് ചാമ്പ്യന്‍ പട്ടത്തിന് ഇളക്കം തട്ടിയില്ല. വ്്ളാദിമര്‍ ക്രാംനികിനെ തകര്‍ത്തായിരുന്നു ഇക്കുറി കിരീട ധാരണം. 6.5-4.5 എന്ന പോയന്റ് നിലയില്‍ ലോകചെസിലെ വായാടിയുടെ വായടപ്പിച്ചായിരുന്നു ആനന്ദിന്റെ മൂന്നാം കിരീട നേട്ടം. 2010ല്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ ലോകചെസ് ചാമ്പ്യന്‍ഷിപ് പോരാട്ടം വിരുന്നെത്തിയപ്പോള്‍ പ്രതികൂല സാഹചര്യങ്ങളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ആനന്ദിന്റെ യാത്ര.
അഗ്നിപര്‍വത പൊട്ടിത്തെറി കാരണം യൂറോപ്പിലെമ്പാടും വിമാനഗതാഗതം താറുമാറായപ്പോള്‍ 30 മണിക്കൂര്‍ റോഡ് യാത്രയിലൂടെയാണ് മത്സര വേദിയിലെത്തുന്നത്. മൂന്നു ദിവസത്തേക്ക് മത്സരം മാറ്റിവെക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അധികൃതര്‍ ഒരു ദിവസം മാത്രം വിശ്രമം അനുവദിച്ചു. എന്നാല്‍, വെള്ളയും കറുപ്പും കരുക്കളുടെ ചതുരംഗ ബോര്‍ഡിനു മുന്നിലെത്തിയപ്പോള്‍ ക്ഷീണം മറന്ന് തന്ത്രം മെനഞ്ഞ ആനന്ദിനു മുന്നില്‍ ആതിഥേയ താരം കൂടിയായ വെസ്ലിന്‍ ടോപലോവ് അടിയറവു പറഞ്ഞു. ഇക്കുറി രണ്ട് പോയന്റ് വ്യത്യാസത്തിലായിരുന്നു ആനന്ദിന്റെ കരിയറിലെ മറ്റൊരു സമ്മോഹന മുഹൂര്‍ത്തം പിറന്നത്.
ഇസ്രായേല്‍ മതില്‍ പിളര്‍ത്തി
ഇക്കുറി അഞ്ചാം ലോക കിരീടം തേടിയെത്തിയ ആനന്ദിനു മുന്നില്‍ ഇസ്രായേല്‍ കാരനായ 43കാരന്‍ ബോറിസ് ഗെല്‍ഫാന്‍ഡ് തീര്‍ത്തത് അതികഠിനമായ മതില്‍ക്കെട്ടായിരുന്നു. 12 മാച്ചുകളടങ്ങിയ പോരാട്ടത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പം. ആനന്ദിന്റെ സമയം കഴിഞ്ഞുവെന്നുവരെ വിമര്‍ശവുമായി മുന്‍ലോകതാരങ്ങളെത്തിയപ്പോള്‍ ആരാധകരും അങ്കലാപ്പിലായി. ഓരോഗെയിമും സമനിലയില്‍ പുരോഗമിക്കവെ അപ്രതീക്ഷിതമായാണ് ഏഴാം റൗണ്ടില്‍ ഗെല്‍ഫാന്‍ഡ് വിജയം നേടുന്നത്. എന്നാല്‍, തൊട്ടടുത്ത റൗണ്ടില്‍ തിരിച്ചടിച്ച വിശ്വനാഥന്‍ ആനന്ദ് മത്സരത്തിലേക്ക് തിരിച്ചെത്തി. പന്ത്രണ്ടാം റൗണ്ടും സമാപിച്ചപ്പോള്‍ ഇരുവരും 6-6 പോയന്റുമായി ഒപ്പത്തിനൊപ്പം. ഇതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. തപ്പിത്തടഞ്ഞ ആനന്ദിനെ കാത്തിരുന്നത് വേഗപരീക്ഷണമായ റാപ്പിഡ്, ബ്ലിറ്റ്സ് റൗണ്ടുകള്‍. ഓരോ താരത്തിനും 25 മിനിറ്റ് വീതം അനുവദിക്കുന്ന നാല് ഗെയിമുകളടങ്ങിയ റാപ്പിഡില്‍ ഫലം കണ്ടില്ലെങ്കില്‍ മത്സരം അതിവേഗ നീക്കങ്ങളുടെ പോര്‍ക്കളമായ ബ്ലിറ്റ്സിലെത്തും. എന്നാല്‍, കരുതലോടെ കരുക്കള്‍ നീക്കി കിരീടം റാപ്പിഡില്‍ തന്നെ തീരുമാനമാക്കാനായിരുന്നു ഇരുവരുടെയും ശ്രമം. ആദ്യ ഗെയിമില്‍ കറുപ്പ് കരുക്കളുമായി കളിച്ച ആനന്ദ് രാജ്ഞിക്കു മുന്നിലെ കാലാളിനെ ഇറക്കി പതിവുരീതിയില്‍ തന്നെ കളി തുടങ്ങി. ഈ ഗെയിം 25 മിനിറ്റിലെത്തിയപ്പോഴേക്കും സമനിലയില്‍ പിരിഞ്ഞു. രണ്ടാം ഗെയിമില്‍ വെള്ള കരുക്കളുമായാണ് ആനന്ദ് നീക്കം തുടങ്ങിയത്. 74ാമത്തെ നീക്കത്തില്‍ എതിരാളിയുടെ രാജാവിനെ കുരുക്കിലാക്കി നിര്‍ണായക മാച്ച് പോയന്റും പോക്കറ്റിലാക്കി ആനന്ദ് മുന്‍ തൂക്കം നേടി. മൂന്നും നാലും ഗെയിമുകളില്‍ തിരിച്ചടിക്കാനുള്ള ഭാവത്തിലായിരുന്നു ഗെല്‍ഫാന്‍ഡ്. എന്നാല്‍, പരിമിതമായ സമയം നല്‍കിയ സമ്മര്‍ദം താരത്തെ പലതവണ അസ്വസ്ഥപ്പെടുത്തി. പരിചയ സമ്പത്തിന്റെ മുന്‍ തൂക്കം മുതലെടുത്തായിരുന്നു ആനന്ദിന്റെ ടൈബ്രേക്കര്‍ പോരാട്ടം. ഇക്കുറി കറുത്ത കരുക്കളില്‍ കളിച്ച ആനന്ദിനെ ഗെല്‍ഫാന്‍ഡ് സമനിലയിലേക്ക് പിടിച്ചു കെട്ടി. നാലാം ഗെയിം തുടങ്ങുമ്പോള്‍ 2-1എന്നായിരുന്നു നില. ഇസ്രായേല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജയിച്ചാല്‍ കളി ബ്ലിറ്റ്സിലേക്കു നീങ്ങുമ്പോള്‍ കിരീടം ചൂടാന്‍ ആനന്ദിന് സമനില മതിയായിരുന്നു. എതിരാളിയുടെ വെപ്രാളം പൂര്‍ണമായും മുതലെടുത്ത ആനന്ദ് 56 നീക്കത്തിനൊടുവില്‍ സമനില തീര്‍പ്പാക്കി വിശ്വകിരീടം അഞ്ചാം തവണയും സ്വന്തമാക്കി.
കിങ് ആനന്ദ്
ഇനി 2014 വരെ വിശ്വനാഥന്‍ ആനന്ദ് തന്നെ ലോക ചെസിലെ രാജാവ്. 2007ല്‍ ലോകചാമ്പ്യന്‍ പട്ടത്തില്‍ ഇരിപ്പുറപ്പിച്ച ആനന്ദിന് അടുത്ത ലോകചെസ് ചാമ്പ്യന്‍ഷിപ് നടക്കുന്ന 2014 വരെ നിലവിലെ ചാമ്പ്യനെന്ന സ്ഥാനത്തിരിക്കാം. കിരീട നേട്ടത്തോടെ ആകെ സമ്മാനത്തുകയായ 25.5 ലക്ഷം ഡോളറില്‍ 14 ലക്ഷം യു.എസ് ഡോളര്‍ സമ്മാനം ആനന്ദിന് ലഭിക്കും. ശേഷിച്ച തുക എതിരാളി ബോറിസ് ഗെല്‍ഫന്‍ഡിന് ലഭിക്കും.ഭാര്യ അരുണക്കും ഒരു വയസ്സുകാരനായ മകനുമൊപ്പം സ്പെയിനിലാണ് താമസം.ആനന്ദിന്റെ ലോക കിരീടങ്ങള്‍
1987- ലോകചെസ് ജൂനിയര്‍ ചാമ്പ്യന്‍
2000-ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ് (തെഹ്റാന്‍)
2007 - ലോകചെസ് ചാമ്പ്യന്‍ഷിപ് (മെക്സികോ സിറ്റി)
2008- ലോകചെസ് ചാമ്പ്യന്‍ഷിപ് (ജര്‍മനി)
2010 - ലോകചെസ് ചാമ്പ്യന്‍ഷിപ് (സോഫിയ, ബള്‍ഗേറിയ)
2012 -ലോകചെസ് ചാമ്പ്യന്‍ഷിപ് (മോസ്കോ)
പ്രധാന വിജയങ്ങള്‍
1986- അറബ് ഏഷ്യന്‍ ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍ഷിപ്
1987- ശക്തി ഫിനാന്‍സ് ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റ്
1990- ഏഷ്യന്‍ സോണല്‍ ചാമ്പ്യന്‍ഷിപ്
1990- മാഞ്ചസ്റ്റര്‍ ചെസ് ഫെസ്റ്റിവല്‍
1992- ഗുഡ്റിച്ച് ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റ്
1994- മെലഡി ആംപര്‍ ടൂര്‍ണമെന്റ്
1994- ലോക ചെസ് ചാമ്പ്യന്‍ഷിപ്
1994- പി.സി.എ ഗ്രാന്‍ഡ് പ്രിക്സ്
1996- ക്രെഡിറ്റ് സ്വിസ് റാപിഡ് ചെസ് ഗ്രാന്‍ഡ് പ്രിക്സ്
1997- ക്നോക് ഔട്ട് ചാമ്പ്യന്‍ഷിപ്
1998- ടൊര്‍ണിയോ ഇന്റര്‍നാഷനല്‍
2000- വിന്ദ്ര ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റ്
2003, 2004, 2006- കോറസ് ചെസ് ടൂര്‍ണമെന്റ്
2007- ഫിഡേ വേള്‍ഡ് ചാമ്പ്യന്‍ഷിപ്
2008- ലിനാറസ് ചെസ് ടൂര്‍ണമെന്റ്
2011- ലിയോണ്‍ ചെസ് ടൂര്‍ണമെന്റ്
2011- കോര്‍സിക മാസ്റ്റേഴ്സ് ടൂര്‍ണമെന്റ്
പുരസ്കാരങ്ങള്‍
1985- അര്‍ജുന അവാര്‍ഡ്
1987- പത്മശ്രീ
1987- സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്
1991- രാജീവ് ഗാന്ധി ഖേല്‍രത്ന
1998- ബ്രിട്ടീഷ് ചെസ് ഫെഡറേഷന്റെ ബുക് ഓഫ് ദ ഇയര്‍ അവാര്‍ഡ്
2000-പത്മഭൂഷണ്‍
1997, 1998, 2003, 2004, 2007, 2008- ചെസ് ഓസ്കര്‍
1998- സ്പോര്‍ട്സ് മില്ലേനിയം അവാര്‍ഡ്
2007- പത്മവിഭൂഷണ്‍
2011-ഗേ്ളാബല്‍ സ്ട്രാറ്റജിസ്റ്റ് അവാര്‍ഡ്
നിങ്ങളുടെ അഭിപ്രായങ്ങള്‍