12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്ക് ഉപാധികളോടെ ജാമ്യം

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്ക് ഉപാധികളോടെ ജാമ്യം
കോടി രൂപ വീതം കെട്ടിവെക്കണം, അനുമതിയില്ലാതെ കേരളം വിടാനാകില്ല

കൊച്ചി: കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇറ്റാലിയന്‍ സൈനികരായ ലെസ്റ്റൊറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണെ എന്നിവര്‍ക്കാണ് ജസ്റ്റിസ് എന്‍. കെ. ബാലകൃഷ്ണന്‍ ജാമ്യം അനുവദിച്ചത്.
ജാമ്യത്തില്‍ വിടുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ജാമ്യം അനുവദിച്ചാല്‍ ബാധകമാക്കേണ്ട വ്യവസ്ഥകള്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍ നായര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരായ കുറ്റാരോപണത്തില്‍ നിന്ന് നിയമവിരുദ്ധ പ്രവൃത്തി നിരോധിക്കല്‍ നിയമ പ്രകാരമുള്ള (സപ്രഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ടിവിടീസ് ആക്ട് -സുവ) വകുപ്പുകള്‍ ഒഴിവാക്കുമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫ് അലിയും അറിയിച്ചു. തുടര്‍ന്ന്, പ്രതികള്‍ ഇതുവരെ തടവനുഭവിച്ച കാലയളവ് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിടുകയായിരുന്നു.
ഒരു കോടി രൂപ വീതം കെട്ടിവെക്കണമെന്നതാണ് ജാമ്യം അനുവദിച്ചുള്ള പ്രധാന ഉപാധി. ജാമ്യത്തുക ഇരുവരും കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവെക്കണം. ഒരു കോടി വീതമുള്ള ഇന്ത്യക്കാരായ രണ്ട് പേരുടെ ജാമ്യമാണ് മറ്റൊരു ഉപാധി. തിരിച്ചറിയല്‍ കാര്‍ഡുകളോ മറ്റ് രേഖകളോ പരിശോധിച്ച് ജാമ്യക്കാരുടെ ആധികാരികത ഉറപ്പാക്കണം. ഇവരുടെ പേരിലുള്ള വസ്തുവിന്റെ രേഖകളും പരിശോധിക്കണം. ജാമ്യക്കാര്‍ക്ക് കോടതിയുടെ അനുമതിയില്ലാതെ കേരളം വിടാനുമാകില്ല. പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
എല്ലാ ദിവസവും രാവിലെ 10നും 11 നുമിടയില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലെത്തി ഒപ്പുവെക്കണം. സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാകണം താമസം. താമസിക്കുന്ന കെട്ടിടത്തിന്റെ നമ്പരടക്കമുള്ള വിവരങ്ങള്‍ കമീഷണര്‍ക്ക് കൈമാറണം. കമീഷണറുടെ അധികാരപരിധിക്ക് പുറത്ത് പോകരുത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. നേരിട്ടോ അല്ലാതെയൊ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. സാക്ഷികളെ വാഗ്ദാനങ്ങള്‍ നല്‍കി പ്രീണിപ്പിക്കുകയോ സാക്ഷികളോ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരോ കോടതിക്കും പൊലീസിനും വിവരങ്ങള്‍ നല്‍കുന്നത് തടയുകയോ ചെയ്യരുത്. കമീഷണര്‍ ആവശ്യപ്പെടുന്ന സമയത്തും സ്ഥലത്തും കൃത്യമായി എത്തണം. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പൊലീസിന് കൈമാറണം. പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത തടയാന്‍ തുറമുഖമുള്‍പ്പെടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശവും വിവരവും കമീഷണര്‍ കൈമാറണം.
സാധുതയുള്ള പാസ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദേശികളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച റീജനല്‍ ഓഫിസറോ വിദേശ രജിസ്ട്രേഷന്‍ ഓഫിസോ നല്‍കുന്ന യാത്രാരേഖയോ വിസയോ ഉണ്ടെങ്കില്‍ മാത്രമെ ജയിലില്‍നിന്ന് പുറത്തിറക്കാവൂവെന്നും ഉത്തരവിലുണ്ട്. ഇക്കാര്യം ജയില്‍ സൂപ്രണ്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.
സുവ നിയമപ്രകാരം ഇന്ത്യയുടെ സാമ്പത്തികാധികാരമുള്ള മേഖലയില്‍ നടന്ന കൊലപാതകത്തിന് കടുത്ത ശിക്ഷ നല്‍കാനാകുമെങ്കിലും ഈ വകുപ്പ് ഉള്‍പ്പെടുത്തി നിയമനടപടി തുടര്‍ന്നാല്‍ കേസ് നടത്തിപ്പ് ദുര്‍ബലപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുവ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരമാനമെടുത്തത്. അനാവശ്യമായി കപ്പലിന്റെയോ ബോട്ടിന്റെയോ യാത്ര തടസ്സപ്പെടുത്തുന്നതിന് സുവ നിയമപ്രകാരം കടുത്ത ശിക്ഷയാണ് ലഭിക്കുക. ജാമ്യം നല്‍കിയാല്‍ വിസ കാലാവധി തീര്‍ന്ന ഇവര്‍ക്ക് ഇന്ത്യയില്‍ തങ്ങാന്‍ അവസരമൊരുക്കാന്‍ നടപടികളെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട അധികൃതരില്‍നിന്ന് താല്‍ക്കാലിക വിസയോ യാത്രാ രേഖയോ സംഘടിപ്പിച്ച് നല്‍കാമെന്ന നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചത്. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ നാടുവിടില്ലെന്ന് ഉറപ്പാക്കാന്‍ മതിയായ ബോണ്ട് തുകയും ഇന്ത്യക്കാരായ ജാമ്യക്കാരെയും വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ഫെബ്രുവരി 15ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുവെച്ച് നടന്ന സംഭവത്തില്‍ നീണ്ടകര തീരദേശ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 19ന് അറസ്റ്റിലായ തങ്ങള്‍ മാസങ്ങളായി റിമാന്‍ഡില്‍ കഴിയുകയാണെന്നും ജാമ്യം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഇറ്റാലിയന്‍ നാവികര്‍ ഹരജി നല്‍കിയത്. നേരത്തേ കൊല്ലം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജി തള്ളിയിരുന്നു. വിചാരണ സമയത്ത് പ്രതികളുടെ സാന്നിധ്യം ആവശ്യമുള്ളപ്പോള്‍ ലഭ്യമാക്കാനാകില്ലെന്ന കാരണത്താലാണ് ജാമ്യഹരജി അന്ന് തള്ളിയത്. എന്നാല്‍, അന്വേഷണവും വിചാരണയുമായി സഹകരിക്കാമെന്നും പാസ്പോര്‍ട്ട് കണ്ടുകെട്ടാനും മറ്റ് ജാമ്യ വ്യവസ്ഥകള്‍ അംഗീകരിക്കാനും തയാറാണെന്നും ജാമ്യ ഹരജിയില്‍ പ്രതികള്‍ വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com