12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം ഹരജി നല്‍കി

മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം ഹരജി നല്‍കി

കൊച്ചി: മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സി.പി.എമ്മിന്റെ ഹരജി. എഫ്.ഐ. ആര്‍ സമര്‍പ്പിച്ച ക്രിമിനല്‍ കേസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതും പുറത്തുവിടുന്നതും ഹൈകോടതി ഉത്തരവിന്റെ ലംഘനമായതിനാല്‍ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ഹരജി നല്‍കിയത്. പത്ര -ചാനല്‍ മേധാവികളും അന്വേഷണ ഉദ്യോഗസ്ഥരുമടക്കം 16 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി.
ഈ മാസം നാലിന് ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട ശേഷം സി.പി.എമ്മിന് നേരെ മാധ്യമങ്ങളുടെ ആക്രമണം നടക്കുകയാണ്. എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.പി.എമ്മിന് എതിരാണെന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുവരുന്നു. സാക്ഷിമൊഴികള്‍, കുറ്റവാളികളുടെ വിശദീകരണങ്ങള്‍, അന്വേഷണ പുരോഗതി, ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍, അവര്‍ തിരച്ചില്‍ നടത്തിയ സ്ഥലങ്ങള്‍, അന്വേഷണം നടത്താനിരിക്കുന്ന സ്ഥലങ്ങള്‍ എല്ലാം പൊലീസില്‍നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കി മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ കഥ മെനഞ്ഞ് പൊടിപ്പുംതൊങ്ങലും വെച്ച് അവതരിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് നിഷേധിക്കുന്നുമില്ല -ഹരജിയില്‍ പറയുന്നു.
സി.പി.എം അന്വേഷണത്തിന് എതിരല്ല. ശരിയായ പ്രതികളെ കണ്ടെത്തണമെന്ന നിലപാട് മാത്രമേയുള്ളൂ. എന്നാല്‍, സി.പി.എം നേതാക്കള്‍ കുറ്റസമ്മതം നടത്തി, സാക്ഷിമൊഴി നല്‍കി എന്ന തരത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പടച്ചുവിടുകയാണ്. ക്രിമിനല്‍ കേസുകളിലെ അന്വേഷണ പുരോഗതി വെളിപ്പെടുത്തുന്നതിലെ അപകടം വിശദീകരിച്ച് 2010 ഡിസംബര്‍ 22ന് സമ്പത്ത് കേസില്‍ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച കേസിലെ വിവരങ്ങള്‍ പുറത്തുവിടുന്നതും ചോര്‍ത്തുന്നതും കോടതിയലക്ഷ്യമാണെന്ന് വ്യക്തമാക്കിയത്. മാധ്യമശ്രദ്ധ കിട്ടാന്‍ ചില പൊലീസ് ഓഫിസര്‍മാര്‍ അന്വേഷണ പുരോഗതി മാധ്യമങ്ങള്‍ക്കും പൊതുജനത്തിനും മുന്നില്‍ വെളിപ്പെടുത്തുന്ന പതിവുണ്ട്. മാധ്യമങ്ങളാകട്ടെ വസ്തുത പരിശോധിക്കാതെ വാര്‍ത്ത ചോര്‍ത്തിയെടുത്ത് പൊതുവിവരമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. പൊലീസും മാധ്യമങ്ങളും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് കോടതിയലക്ഷ്യം മാത്രമല്ല, വിചാരണവേളയില്‍ കോടതിക്ക് മേല്‍ അനാവശ്യ സമ്മര്‍ദത്തിനും ഇടയാക്കുന്നതായി ആ ഉത്തരവില്‍ പറയുന്നു. ഇത് ഏതെങ്കിലും ഒരു കേസിന് മാത്രമല്ല, എല്ലാത്തിനും ബാധകമാകുന്നതാണെന്ന് ഹരജിയില്‍ പറയുന്നു.
ചന്ദ്രശേഖരന്‍ വധത്തിന് ശേഷം മാധ്യമങ്ങളും പൊലീസും നടത്തുന്നത് കോടതിയലക്ഷ്യമാണെന്നും 1971ലെ കോടതിയലക്ഷ്യ നിയമം 12ാം വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
'മലയാള മനോരമ' മാനേജിങ് എഡിറ്റര്‍ ഫിലിപ് മാത്യു, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, 'മാതൃഭൂമി' എഡിറ്റര്‍ എം. കേശവമേനോന്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഇന്ത്യാവിഷന്‍ ചാനല്‍ റസിഡന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫാറൂഖി, എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി. ബഷീര്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം.വി. നികേഷ്കുമാര്‍, ഏഷ്യാനെറ്റ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.എന്‍. ഗോപകുമാര്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍മാരായ സി.എന്‍. തോമസ്, കെ.വി. ജയദീപ്, മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, സീനിയര്‍ ഇന്‍പുട്ട് എഡിറ്റര്‍ റോമി മാത്യു, മാനേജിങ് ഡയറക്ടര്‍ ജയന്ത് മാമ്മന്‍ മാത്യു, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം. പോള്‍, ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് അഡ്വ.പി.വി. കുഞ്ഞികൃഷ്ണന്‍ മുഖേന ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com