12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ചന്ദ്രശേഖരന്‍ വധം: റഫീഖ് കീഴടങ്ങി

ചന്ദ്രശേഖരന്‍ വധം: റഫീഖ് കീഴടങ്ങി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ക്വട്ടേഷന്‍ സംഘത്തലവന്‍ കൊടി സുനിക്ക് ഇന്നോവ കാര്‍ വാടകക്കെടുത്ത് നല്‍കിയ തലശ്ശേരി ടെമ്പിള്‍ഗേറ്റ് സ്വദേശി വായപ്പടിച്ചി റഫീഖ് (29) പ്രത്യേക അന്വേഷണ സംഘത്തിനുമുമ്പാകെ കീഴടങ്ങി. മേയ് അഞ്ചു മുതല്‍ ഒളിവിലായിരുന്ന ഇയാള്‍ ചൊവ്വാഴ്ച ഉച്ചയോടെ റൂറല്‍ എസ്.പി ടി.കെ. രാജ്മോഹന്റെ മുമ്പാകെ കീഴടങ്ങുകയായിരുന്നു. വടകര കോടതിയില്‍ അഭിഭാഷകന്‍ മുഖേന ചൊവ്വാഴ്ച രാവിലെ നേരിട്ട് കീഴടങ്ങാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ കേസില്‍ പ്രതിയാക്കപ്പെടാത്തതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് എസ്.പി ഓഫിസിലെത്തിയത്. ചൊവ്വാഴ്ച മുതല്‍ വിശദമായി ചോദ്യം ചെയ്യുന്ന ഇയാളെ കേസില്‍ പ്രതിയാക്കണോ വേണ്ടേ എന്ന് പൊലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ലഭിച്ച തെളിവനുസരിച്ച് ഇയാളെ കേസില്‍ സാക്ഷിയാക്കിയേക്കും. തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു ഇയാള്‍.
കൊടി സുനിയുമായി ചേര്‍ന്ന് തലശ്ശേരിയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റഫീഖിന് സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊടി സുനിയെ മുന്‍ പരിചയമുള്ളതിനാലാണ് അയാളുടെ ആവശ്യപ്രകാരം ഇന്നോവ കാര്‍ ഏര്‍പ്പാടാക്കിയതെന്ന് റഫീഖ് മൊഴി നല്‍കി. കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രക്ക് പോകാനെന്ന് പറഞ്ഞാണ് കൊടി സുനി കാറിനായി സമീപിച്ചതെന്നും ഇടനിലക്കാരനായതിന് 1000രൂപ പ്രതിഫലം ലഭിച്ചെന്നും റഫീഖ് മൊഴി നല്‍കി. ഏപ്രില്‍ 23നാണ് ഇന്നോവ കാര്‍ കൊടി സുനിക്ക് കൈമാറിയതെന്നും ആ സമയത്ത് കാറില്‍ 'മാഷാ അല്ലാഹ്' സ്റ്റിക്കര്‍ ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിന്റെ പിറ്റേന്ന് ചൊക്ളിയില്‍നിന്ന് ഇന്നോവ കാര്‍ പിടികൂടിയതിനെ തുടര്‍ന്ന് തന്റെ പേര് പുറത്തായതോടെ ഭയംമൂലം ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടു. ചില മാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചതോടെ ക്ളീന്‍ഷേവ് ചെയ്ത് രൂപം മാറ്റം വരുത്തി. ഫോട്ടോയില്‍ സുമുഖനായ റഫീഖ് കീഴടങ്ങാനെത്തുമ്പോള്‍ കരുവാളിച്ച നിലയിലായിരുന്നു. ബംഗളൂരുവില്‍ പലയിടത്തും അലഞ്ഞതിനാലാണ് നിറം കറുത്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊലയാളി സംഘാംഗം സിജിത്ത് പിടിയിലായതോടെ, തന്നെ പൊലീസ് സംശയിക്കുന്നില്ലെന്ന ഉറപ്പിലാണ് കീഴടങ്ങാന്‍ തയാറായതെന്നും റഫീഖ് മൊഴി നല്‍കി. ഇതുവരെ പ്രതിപ്പട്ടികയില്‍ വരാത്തതിനാല്‍ പൊലീസ് 'പൊയ്ക്കൊള്ളാന്‍' പറഞ്ഞിട്ടും ഇയാള്‍ തയാറായില്ല. പുറമെ നില്‍ക്കുന്നതിനേക്കാള്‍ സുരക്ഷിതത്വം അകത്തായതിനാല്‍ കൊടി സുനിയും മറ്റും പിടിയിലാകുന്നതുവരെ പൊലീസ് കസ്റ്റഡിയില്‍ കഴിയാന്‍ അനുവദിക്കണമെന്ന് റഫീഖ് അഭ്യര്‍ഥിച്ചു.
കാര്‍ വാടകക്കെടുത്തത് റഫീഖ് ആയതിനാല്‍ ആദ്യ നാളുകളില്‍ പൊലീസ് ഇയാളെ സംശയിച്ചിരുന്നു. ഇതനുസരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയൂം ചെയ്തു. എന്നാല്‍, കെ.സി. രാമചന്ദ്രന്‍ പിടിയിലായതോടെ ക്വട്ടേഷന്‍ സംഘത്തില്‍ റഫീഖ് ഉണ്ടായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞു. കൊലയാളി സിജിത്തിന്റെ അറസ്റ്റോടെയാണ് ഇയാള്‍ പ്രതിപ്പട്ടികയില്‍ ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
ഇതിനിടെ, ബുധനാഴ്ച കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയും രക്തസമ്മര്‍ദത്തില്‍ നേരിയ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണനെ (61) ഇതുവരെ പൊലീസിന് ചോദ്യം ചെയ്യാനായില്ല. കുന്നുമ്മക്കര സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ രാമകൃഷ്ണനെ ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ കെ.സി. രാമചന്ദ്രനെ ബുധനാഴ്ച വടകര കോടതിയില്‍ ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പി.പി. രാമകൃഷ്ണന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച വൈകീട്ട് നാലിന് അവസാനിക്കുമെന്നതിനാല്‍ ചോദ്യം ചെയ്യലില്‍നിന്ന് ഇയാള്‍ തല്‍ക്കാലം രക്ഷപ്പെടും.
പി.പി. രാമകൃഷ്ണന്‍ ബുധനാഴ്ച അഡ്വ. വിശ്വന്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളുടെ മൊഴികള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാമകൃഷ്ണന്‍ നല്‍കിയ മറ്റൊരു ഹരജിയില്‍ ബുധനാഴ്ച പൊലീസിന്റെ വാദം കേട്ട കോടതി വ്യാഴാഴ്ച വിധി പറയും.
അതേസമയം, രജീഷിനെ സഹായിച്ചതിന് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട വടശേരിക്കര സ്വദേശി വത്സലനെ വടകര പൊലീസിന് കൈമാറും. വധത്തിന് ശേഷം മുംബൈയിലേക്ക് കടന്ന രജീഷ് വത്സലന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിലരെ വിളിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. വര്‍ഷങ്ങളായി മുംബൈയില്‍ ജോലിനോക്കുന്ന വത്സലന്‍ രണ്ട് ദിവസം മുമ്പാണ് വടശേരിക്കരയിലെത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com