അബൂദബി: തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ ഉച്ച സമയത്തെ ജോലിയില്‍ ഇളവ് അനുവദിക്കണമെന്ന നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമ ലംഘനം നടത്തുന്നത് ആദ്യ തവണയാണെങ്കില്‍ 15,000 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമെ 70 ബ്ളാക്ക് പോയിന്‍റുമുണ്ടാകും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ വര്‍ധിപ്പിക്കും. നിയമ ലംഘനം നടത്തുന്ന സ്ഥാപനത്തെ നിലവിലെ ക്ളാസില്‍നിന്ന് തരംതാഴ്ത്തുന്ന നടപടിയുമുണ്ടാകും. തരംതാഴ്ത്തലിന് വിധേയമാകുന്നത് സ്ഥാപനത്തിന് നിയമപരമായ പല നേട്ടങ്ങളും ഇല്ലാതാക്കും. ഏതെങ്കിലും സ്ഥാപനം കുറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, എത്ര തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ശിക്ഷ തീരുമാനിക്കുക.
തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ച സമയത്ത് വിശ്രമിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടത് ബന്ധപ്പെട്ട സ്ഥാപന ഉടമയുടെ നിയമപരമായ ബാധ്യതയാണ്. പല കമ്പനികളും ഈ സമയത്ത് ജോലി നിര്‍ത്തിവെക്കുമെങ്കിലും തൊഴിലാളികള്‍ക്ക് വിശ്രമത്തിന് പ്രത്യേക സൗകര്യം ഒരുക്കാറില്ല. അതിനാല്‍, പരിസരത്തെ മരച്ചുവട്ടിലും പുല്‍ത്തകിടിലും മറ്റുമാണ് ഇവര്‍ സമയം ചെലവഴിക്കുക. ഇതിനു പകരം, വെയിലു കൊള്ളാതെ വിശ്രമിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കാനാണ് നിര്‍ദേശം.
എട്ടു മണിക്കൂറില്‍ കൂടുതല്‍ സമയം ഒരു ദിവസം ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായി ഓവര്‍ ടൈം അലവന്‍സ് നല്‍കണം. ഫെഡറല്‍ തൊഴില്‍ നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.
തൊഴിലാളികള്‍ക്ക് ഉച്ച ഇടവേള ബാധകമായ എല്ലാ സ്ഥാപനങ്ങളിലും ഓരോ ദിവസത്തെയും ജോലി ക്രമീകരണങ്ങളെ കുറിച്ച നോട്ടീസ് പ്രദര്‍ശിപ്പിക്കണം. ഇത് അറബിക്ക് പുറമെ അവിടെയുള്ള എല്ലാ തൊഴിലാളികള്‍ക്കും മനസിലാകുന്ന വിവിധ ഭാഷകളിലും വേണം. പരിശോധനക്കായി എത്തുന്ന മന്ത്രാലയ സംഘങ്ങള്‍ ഈ നോട്ടീസും പരിശോധിക്കും.
തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്ത് അപകടം സംഭവിക്കുന്നത് തടയാന്‍ എല്ലാ സ്ഥാപനങ്ങളും ശക്തമായ മുന്‍കരുതല്‍, സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇത് ഉച്ച ഇടവേള നിലവിലുള്ള മാസങ്ങളില്‍ മാത്രമല്ല, മറ്റു സമയങ്ങളിലും ബാധകമാണ്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കണം. നേരിട്ട് വെയിലു കൊള്ളാതെ ജോലി ചെയ്യാന്‍ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. കുടകള്‍ സ്ഥാപിക്കുക, ശീതീകരണ സംവിധാനം തുടങ്ങിയവ ഇതില്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍