Wed, 05/30/2012 - 10:12 ( 50 weeks 6 daysago)
ഫ്രഞ്ച് ഓപണ്‍: സെറീന ആദ്യ റൗണ്ടില്‍ പുറത്ത്
(+)(-) Font Size
ഫ്രഞ്ച് ഓപണ്‍: സെറീന ആദ്യ റൗണ്ടില്‍ പുറത്ത്
ഫ്രഞ്ച് ഓപണ്‍: പോരാട്ടം മുറുകുന്നു; നദാലിന് ജയം

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസിലെ ആദ്യ അട്ടിമറിയില്‍ സൂപ്പര്‍ താരം സെറീന വില്യംസ് ആദ്യ റൗണ്ടില്‍ പുറത്ത്. വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക റാങ്കിങ്ങില്‍ 111ാം സ്ഥാനത്തുള്ള ഫ്രാന്‍സിന്റെ വെര്‍ജിന്‍ റസാനോയാണ് അഞ്ചാം നമ്പര്‍ താരം സെറീന വില്യംസിനെ ആവേശപോരാട്ടത്തിനൊടുവില്‍ മുട്ടുകുത്തിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫ്രഞ്ച് താരത്തിന്റെ വിജയഗാഥ. 2002ലെ ഫ്രഞ്ച് ഓപണടക്കം 13 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ ചൂടിയ സെറീനയുടെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ അട്ടിമറിയായിരുന്നു റോളണ്ട് ഗാരോസില്‍ കണ്ടത്. 1998ലെ ആസ്ട്രേലിയന്‍ ഓപണില്‍ സഹോദരി വീനസ് വില്യംസിനു മുന്നില്‍ തോല്‍വി വഴങ്ങി രണ്ടാം റൗണ്ടില്‍ പുറത്തായതാണ് ഗ്രാന്‍ഡ്സ്ലാമില്‍ ഇതിനു മുമ്പ് സെറീനയുടെ തോല്‍വി. സ്കോര്‍: 4-6, 7-6, 6-3.
മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ പോരിനൊടുവിലായിരുന്നു ലോകടെന്നിസിലെ ഏറ്റവും കരുത്തുറ്റ വനിതാതാരത്തെ തുടക്കക്കാരി അടിയറവ് പറിയിച്ചത്. 2010ലെ വിംബിള്‍ഡണ്‍ കിരീടനേട്ടത്തിനുശേഷം പരിക്ക് കാരണം ബുദ്ധിമുട്ടിലായ സെറീന കഴിഞ്ഞ യു.എസ് ഓപണ്‍ ഫൈനല്‍ വരെയെത്തിയാണ് തിരിച്ചുവരവ് നടത്തിയത്. എന്നാല്‍, ഈ സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ആസ്ട്രേലിയന്‍ ഓപണില്‍ നാലാം റൗണ്ട് വരെ എത്താനേ കഴിഞ്ഞുള്ളൂ. പഴയ പ്രതാപത്തിലേക്കുള്ള മടങ്ങിവരവിനിടെയാണ് അപ്രതീക്ഷിത അട്ടിമറിയില്‍ സെറീനയുടെ ഫ്രഞ്ച് ഓപണ്‍ കിരീടമോഹവും വീഴുന്നത്.
വനിതകളിലെ മറ്റു മത്സരങ്ങളില്‍ ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്കോ, 15ാം നമ്പര്‍ താരം സ്ലോവാക്യയുടെ ഡൊമിനിക സിബല്‍കോവ, ആറാം നമ്പര്‍ താരം ആസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍ എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഫ്രഞ്ച് ഓപണിലെ ഏഴാം കിരീടം ചൂടി റെക്കോഡ് കുറിക്കാനൊരുങ്ങുന്ന റഫേല്‍ നദാല്‍ ജയത്തോടെ തുടങ്ങി. ആദ്യ റൗണ്ടില്‍ ഇറ്റലിയുടെ സിമോണ്‍ ബൊലേലിക്കു മുന്നില്‍ ജയത്തോടെയാണ് നദാല്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍ 6-2, 6-2, 6-1. ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍ ഇടം നേടി. സ്ലോവാക്യയുടെ ബ്ലാസ് ക്വസികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു ദ്യോകോവിച്ചിന്റെ കുതിപ്പ്. സ്കോര്‍: 6-0, 6-4, 6-4.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus