Wed, 05/30/2012 - 09:43 ( 51 weeks 1 dayago)
കളംനിറയാന്‍ ‘ഗ്വോറ്റ്സിഞ്ഞോ’
(+)(-) Font Size
കളംനിറയാന്‍ ‘ഗ്വോറ്റ്സിഞ്ഞോ’

ബര്‍ലിന്‍: ഡോര്‍ട്ട്മുണ്ട് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ പ്രശസ്ത പ്രഫസറായ യൂര്‍ഗെന്‍ ഗ്വോറ്റ്സേയുടെ മകന്‍ മാറിയോക്ക് അച്ഛന്‍െറ വഴിയേ പഠിച്ച് മിടുക്കനാകാന്‍ താല്‍പര്യമില്ലായിരുന്നു. പുസ്തകങ്ങളോടും ശാസ്ത്ര-സാങ്കേതിക സംജ്ഞകളോടും മുഖംതിരിച്ച് കൊച്ചു മാറിയോ പുല്‍മേട്ടിലെ പന്തുകളിയുമായി ചങ്ങാത്തം കൂടി. മകന്‍ ടെന്നിസ് കളിക്കുന്നത് കാണാനാണ് കൂടുതല്‍ ആഗ്രഹിച്ചതെങ്കിലും മാറിയോയുടെ ഇഷ്ടം മനസ്സിലാക്കിയതോടെ കാല്‍പന്തുകളിയുടെ കുമ്മായവരക്കുള്ളിലേക്ക് പിതാവ് കയറൂരിവിടുകയും ചെയ്തു. ചെറുപ്പം മുതല്‍ കളിച്ചുതെളിഞ്ഞ പയ്യന് മികച്ച പന്തടക്കവും വേഗവും ഭാവനാസമ്പന്നതയും കൈവന്നു. കളിയില്‍ കേമനാകാനുള്ള എല്ലാ ലക്ഷണവുമുള്ളതുകൊണ്ടുതന്നെ ബൊറൂസിയാ ഡോര്‍ട്ട്മുണ്ട് ക്ളബിന്‍െറ യൂത്ത് അക്കാദമിയില്‍ എട്ടാം വയസ്സില്‍ പ്രവേശവും കിട്ടി.
മാറിയോ ഗ്വോറ്റ്സേ എന്ന പ്രതിഭാധനനായ ജര്‍മന്‍ ഫുട്ബാളറുടെ തുടക്കം അതായിരുന്നു. 17ാം വയസ്സില്‍ ബൊറൂസിയക്കുവേണ്ടി ബുണ്ടസ് ലീഗയില്‍ അരങ്ങേറ്റം കുറിച്ച ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, 2010-11 സീസണില്‍ ടീം ജര്‍മന്‍ ചാമ്പ്യന്മാരാകുമ്പോള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ലോക ഫുട്ബാളിന്‍െറ ശ്രദ്ധനേടി. ഇക്കഴിഞ്ഞ സീസണില്‍ ബൊറൂസിയ കിരീടം നിലനിര്‍ത്തുകയും ചെയ്തു. ഈ വര്‍ഷം തുടക്കത്തില്‍ പരിക്കു കാരണം കുറച്ചുകാലത്തേക്ക് കളത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.
കളത്തിലെ മിടുക്കിന് അംഗീകാരമായി ദേശീയ ടീമിലേക്ക് വിളിയെത്തിയത് കൗമാരപ്രായത്തില്‍. 18 വര്‍ഷവും അഞ്ചു മാസവും പ്രായമുള്ളപ്പോള്‍ ജര്‍മന്‍ ജഴ്സിയണിഞ്ഞ ഈ അഞ്ചടി ആറിഞ്ചുകാരന്‍ ജര്‍മനിയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരന്‍ എന്ന വിശേഷണം സ്വന്തമാക്കി. ഉവ് സീലര്‍ക്കു പിന്നിലാണ് ഇക്കാര്യത്തില്‍ ഗ്വോറ്റ്സേയുടെ സ്ഥാനം.
***********
അടുത്ത മാസം എട്ടിന് തുടങ്ങുന്ന യൂറോകപ്പില്‍ കിരീടം തിരിച്ചുപിടിക്കാന്‍ കോപ്പുകൂട്ടുന്ന ജര്‍മന്‍ നിര ഈ മിടുക്കനില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുകയാണ്.
ജൂണ്‍ മൂന്നിന് 20 വയസ്സു തികയുന്ന യുവതാരത്തെ മുന്‍നിര്‍ത്തിയാണ് കോച്ച് യൊവാക്വിം ലോയ്വ് തന്ത്രങ്ങള്‍ മെനയുന്നത്. യുക്രെയ്നിലെ ല്വീവില്‍ ഗ്രൂപ് ‘ബി’യില്‍ പോര്‍ചുഗലിനെതിരെയാണ് ജര്‍മനിയുടെ ആദ്യ മത്സരം.
‘ജര്‍മനിയുടെ ലയണല്‍ മെസ്സി’ എന്നാണ് നാട്ടുകാര്‍ ഗ്വോറ്റ്സേക്ക് നല്‍കിയ പുതിയ വിശേഷണം. ലോക ഫുട്ബാളറുടെ കേളീശൈലിയുമായി തങ്ങളുടെ ഭാവിതാരത്തിന് ഏറെ സാദൃശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ വിശേഷണം പതിച്ചുനല്‍കിയത് ഇതിഹാസതാരം ഫ്രാന്‍സ് ബക്കന്‍ബവറാണ്. ‘അവനെ തടഞ്ഞുനിര്‍ത്തുക ശ്രമകരമാണ്. ഗ്വോറ്റ്സേയുടെ കഴിവുകള്‍ മെസ്സിയുടേതുപോലെയാണ്. കളിയെ ഗണിച്ചെടുക്കുന്നതും ടെക്നിക്കുമെല്ലാം മെസ്സിയെ ഓര്‍മിപ്പിക്കുന്നതുതന്നെ’ -ബക്കന്‍ ബവര്‍ പറയുന്നു. ‘കൈസര്‍’ മാത്രമല്ല, മുന്‍ രാജ്യാന്തരതാരം മത്യാസ് സാമ്മറും വാഴ്ത്തുമൊഴികളുമായി ഗ്വോറ്റ്സേക്കു പിന്നാലെയുണ്ട്. അനിതരസാധാരണമായ സാങ്കേതികക്ഷമതയും ക്രിയേറ്റിവിറ്റിയുമെല്ലാം ഒത്തിണങ്ങിയ ഈ മിടുക്കന്‍ ജര്‍മനി കണ്ട ഏറ്റവും മികച്ച പ്രതിഭകളിലൊരാളാണെന്ന് ജര്‍മന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ (ഡി.എഫ്.ബി) ടെക്നിക്കല്‍ ഡയറക്ടറായ സാമ്മര്‍ സാക്ഷ്യപ്പെടുത്തുന്നു.
തന്‍െറ പുതിയ തുറുപ്പുശീട്ടിനെക്കുറിച്ച് സംസാരിക്കാന്‍ കോച്ച് ലോയ്വിന് ആയിരം നാവ്. ‘ഗ്വോറ്റ്സേ ടീമിനൊപ്പം ചേര്‍ന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും ഈ ടീമിന്‍െറ കൂടെ ഏറെക്കാലമായി കളിക്കുന്ന രീതിയിലാണ് അവന്‍െറ ചലനങ്ങള്‍. യൂറോ കപ്പില്‍ പകരക്കാരനെന്നതിനേക്കാള്‍ വലിയ റോളാണ് അവനുണ്ടാവുക. ഒട്ടേറെ യുവതാരങ്ങള്‍ക്കൊപ്പം ദേശീയ ടീമില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഗ്വോറ്റ്സേയുടെ ആത്മവിശ്വാസം അവര്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല’ -ലോയ്വ് ചൂണ്ടിക്കാട്ടുന്നു. മധ്യനിരയില്‍ ലാറ്റിനമേരിക്കന്‍ ശൈലിയോട് സാമ്യമുള്ള കേളീവൈഭവവുമായി ‘ഗ്വോറ്റ്സിഞ്ഞോ’ കളംനിറയുമെന്ന പ്രതീക്ഷയിലാണ് ജര്‍മന്‍കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus