Wed, 05/30/2012 - 09:42 ( 1 year 3 weeksago)
ഗംഭീര്‍ ടെസ്റ്റ് നായകസ്ഥാനത്തേക്ക്?
ന്യൂദല്‍ഹി: ഐ.പി.എല്ലില്‍ മഹേന്ദ്ര സിങ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍കിങ്സിനെതിരെ ഗൗതം ഗംഭീറിന്‍െറ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ കിരീട വിജയം ദേശീയ ടീം ക്യാപ്റ്റന്‍സിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. ടെസ്റ്റില്‍ അമ്പേ പരാജയമായ ധോണിക്ക് പകരം ഗംഭീറിനെ നായകസ്ഥാനം ഏല്‍പിക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായാണ് വാര്‍ത്ത.
ഏതാനും മാസം മുമ്പ് നടന്ന ആസ്ട്രേലിയന്‍ പര്യടനത്തിലും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം ഇംഗ്ളണ്ടില്‍ പോയപ്പോഴും ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ ധോണിയെ മാറ്റണമെന്ന് മുറവിളിയുണ്ടായി. ഇടക്ക് ടെസ്റ്റില്‍ കളിക്കാന്‍ പോലും താല്‍പര്യമില്ലെന്ന തരത്തില്‍ അദ്ദേഹം പ്രസ്താവനകളും നടത്തി. 2013ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് വരെ ക്യാപ്റ്റന്‍ പറഞ്ഞുവെച്ചു. എന്നാല്‍, ധോണിക്ക് പകരക്കാരനായി നായകസ്ഥാനത്തേക്ക് ആരെയെങ്കിലും കൊണ്ടുവരാന്‍ സെലക്ടര്‍മാര്‍ തയാറായില്ലെങ്കിലും ഗംഭീറിനെ മാറ്റി വിരാട് കോഹ്ലിയെ വൈസ് ക്യാപ്റ്റനാക്കി ചില സൂചനകള്‍ നല്‍കി. ധോണി പിന്‍വാങ്ങുന്നതോടെ കോഹ്ലിയായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന സന്ദേശമാണ് സെലക്ടര്‍മാരുടെ നീക്കം വഴി ലഭിച്ചത്.
വീരേന്ദര്‍ സെവാഗായിരിക്കും ഇന്ത്യയുടെ അടുത്ത നായകനെന്നും പ്രചരിച്ചിരുന്നെങ്കിലും കോഹ്ലിയുടെ രംഗപ്രവേശത്തോടെ യുവതാരത്തിലാണ് അധികാരികള്‍ക്ക് കൂടുതല്‍ താല്‍പര്യം എന്ന തോന്നലുണ്ടാക്കി. എന്നാല്‍, ടെസ്റ്റില്‍ പിച്ചവെച്ചു തുടങ്ങുന്ന കോഹ്ലിക്ക് ഇപ്പോള്‍ തന്നെ ക്യാപ്റ്റന്‍സി കൊടുക്കാന്‍ സെലക്ടര്‍മാര്‍ തയാറായേക്കില്ലെന്നാണ് പുതിയ വാര്‍ത്ത. 34ാം വയസ്സിലുള്ള സെവാഗിനേക്കാള്‍ സാധ്യത 30കാരനായ ഗംഭീറിനാണ്. അസ്ഥിര പ്രകടനങ്ങളിലൂടെ ഏത് സമയത്തും ടീമിന് പുറത്താവാന്‍ സാധ്യതയുള്ളയാളായാണ് സെവാഗിനെ വിശേഷിപ്പിക്കുന്നത്.
ദേശീയ ടീമിനുവേണ്ടി എന്നും മികവ് പുലര്‍ത്താറുള്ള ഗംഭീറിലെ നായകന്‍െറ പ്രതിഭ ഐ.പി.എല്ലില്‍ തെളിഞ്ഞുകണ്ടതോടെ ടെസ്റ്റ് നായകസ്ഥാനം അദ്ദേഹത്തെ ഏല്‍പിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സൗരവ് ഗാംഗുലി, അജിത് വഡേകര്‍ തുടങ്ങിയ പല മുന്‍ ക്യാപ്റ്റന്മാരും ദല്‍ഹിക്കാരനായ ഈ ഓപണറെ ധോണിയുടെ പിന്‍ഗാമിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
കൊല്‍ക്കത്തയെ ഗംഭീര്‍ നയിച്ച രീതിയെപ്പറ്റി ബ്രെറ്റ് ലീ അടക്കമുള്ള സഹതാരങ്ങള്‍ക്ക് മാത്രമല്ല ധോണിക്ക് പോലും നല്ല അഭിപ്രായമാണ്. ബാറ്റിങ്ങില്‍ നെടുംതൂണായാണ് അദ്ദേഹം ടീമിനെ ഫൈനലിലെത്തിച്ചത്.
ആസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിനും ധോണിക്കും നേരെ വന്ന പല വിമര്‍ശ ശരങ്ങളെയും പ്രതിരോധിച്ചത് ഗംഭീറായിരുന്നു. കളിക്കാര്‍ക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും ആവേശം നല്‍കുന്ന രീതിയാണ് ധോണിയുടേത്. ഇതാവട്ടെ കുറെക്കാലമായി ടെസ്റ്റില്‍ കാണാനില്ല. എന്നാല്‍, അല്‍പം കൂടി പക്വമായാണ് ഗംഭീര്‍ കളിക്കളത്തില്‍ പെരുമാറുന്നത്.
ആറ് ഏകദിനങ്ങളില്‍ ടീമിനെ നയിച്ച ഗംഭീറിന്‍െറ വിജയശതമാനം നൂറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍