ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും 14 മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ചതില്‍ അണ്ണാ സംഘത്തിനുള്ളില്‍ ഭിന്നത. മന്‍മോഹന്‍സിങ് മാന്യനാണെന്നും അദ്ദേഹത്തിനെതിരെ അഴിമതി ആരോപണമുന്നയിച്ചതിന് സംഘാംഗങ്ങളോട് വിശദീകരണം ചോദിക്കുമെന്നും അണ്ണാ ഹസാരെ പറഞ്ഞു. പ്രധാനമന്ത്രിക്കും മുതിര്‍ന്ന മന്ത്രിമാര്‍ക്കുമെതിരെ ആരോപണമുന്നയിക്കുംമുമ്പ് തന്നോട് ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അതിനാല്‍ പ്രധാനമന്ത്രിക്കെതിരായ ആരോപണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുകയാണെന്നും അണ്ണാ സംഘാംഗം സന്തോഷ് ഹെഗ്ഡെയും വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രിക്കെതിരായ ആരോപണത്തിന്റെ എല്ലാ വിഷയവും ഹസാരെ അറിയില്ലെന്നും അക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നും സംഘാംഗം പ്രശാന്ത് ഭൂഷണ്‍ വിശദീകരിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 15 മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് പ്രഖ്യാപിച്ച് അവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് അണ്ണാ സംഘാംഗങ്ങളായ പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജ്രിവാള്‍, കിരണ്‍ ബേദി എന്നിവര്‍ ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതാദ്യമായാണ് അണ്ണാ സംഘം പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. മന്‍മോഹന്‍സിങ് ഖനി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന 2004-06 കാലത്ത് ചുരുങ്ങിയ വിലക്ക് ഖനനത്തിന് ലൈസന്‍സ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന സി.എ.ജി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് അണ്ണാ സംഘം പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. മാധ്യമങ്ങള്‍ ചോര്‍ത്തിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്ന് സി.എ.ജി വിശദീകരിക്കുകയും ചെയ്തിരുന്നു. ഇത്തരമൊാരു റിപ്പോര്‍ട്ട് ആധാരമാക്കി പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ നിലപാട്.
അതേസമയം, പ്രധാനമന്ത്രിയെ പ്രശാന്ത്ഭൂഷണ്‍ ശിഖണ്ഡിയെന്ന് വിളിച്ചതും വിവാദമാവുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരെ ഇത്തരം മോശം പദപ്രയോഗം പാടില്ലെന്നും അണ്ണാ സംഘം വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും പാര്‍ട്ടിഭേദമന്യേ നേതാക്കള്‍ പ്രതികരിച്ചു. ബി.ജെ.പി, ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടി നേതാക്കള്‍ ഈ അഭിപ്രായമായാണ് പ്രകടിപ്പിച്ചത്. ഇതേതുടര്‍ന്ന് പ്രസ്താവന തിരുത്തിയ പ്രശാന്ത് ഭൂഷണ്‍, പ്രധാനമന്ത്രിയെ ശിഖണ്ഡിയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തെ അഴിമതിക്ക് മറയാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നാണ് പറഞ്ഞതെന്നും വിശദീകരിച്ചു. അതിനിടെ, തനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിന് അണ്ണാ സംഘാംഗം അരവിന്ദ് കെജ്രിവാളിനെതിരെ മന്ത്രി എസ്.എം. കൃഷ്ണ വക്കീല്‍ നോട്ടീസ് അയച്ചു. കേസ് നേരിടുമെന്നും കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ, എസ്.എം. കൃഷ്ണ നടത്തിയ ഖനന അഴിമതിക്കും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും തെളിവുണ്ടെന്നും അണ്ണാസംഘാംഗം അഡ്വ. പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍