കൊല്ലം: ജില്ലയില്‍ നികത്തിയ നെല്‍വയലുകള്‍ വിദഗ്ധ സംഘം പരിശോധിച്ച് തരംതിരിക്കുമെന്ന് കലക്ടര്‍ പി.ജി തോമസ് അറിയിച്ചു. 2005 ന് മുമ്പ് നികത്തിയ വയലുകളാണ് പ്രത്യേകം തരംതിരിക്കുക. വില്ലേജ് ഓഫിസര്‍, കൃഷിഓഫിസര്‍, താലൂക്ക് അധികൃതര്‍ എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധിക്കുക.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം 2008 കര്‍ശനമാക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. പരിശോധനാഫലം 2008 ല്‍ തയാറാക്കിയ ഡാറ്റാ ബാങ്കുമായി ഒത്തുനോക്കി തെറ്റില്ലെന്ന് ഉറപ്പുവരുത്തും. ഭാവിയില്‍ നെല്‍കൃഷിക്ക് ഉപയോഗപ്പെടുത്താവുന്നത്, മറ്റുകൃഷിക്ക് ഉപയോഗപ്പെടുത്താവുന്നത്, നെല്‍കൃഷിക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത് എന്നിങ്ങനെയാണ് നികത്തിയ വയലുകളെ തരംതിരിക്കുക. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. സലിം, ആര്‍.ഡി.ഒ വി. ജയപ്രകാശ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സി.ഒ. ഹേമലത, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍