തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ അക്രമം; സ്വകാര്യ ബസ് ജീവനക്കാരായ നാലുപേര്‍ പിടിയില്‍. തിരുവല്ലം വാഴമുട്ടം ലതാഭവനില്‍ കണ്ണന്‍ എന്ന സുബിന്‍ (28), കല്ലറ മുതുവിള അംബിക നിവാസില്‍ അജയരാജ് (22), പള്ളിച്ചല്‍ ആശാരിവിള വീട്ടില്‍ ബൈജു (30), മുട്ടത്തറ പരവന്‍കുന്ന് വയല്‍വീട്ടില്‍ സിദ്ദീഖ് (29) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി തമ്പാനൂര്‍ പൊലീസില്‍ ഏല്‍പിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജിലാണ് സംഭവം. ആയുര്‍വേദ കോളജിന് സമീപത്തെ ഒരു വ്യാപാര സമുച്ചയത്തില്‍ ജോലി നോക്കുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. യുവതി ജോലിക്ക് പോകുന്നതിന് ജനറല്‍ ആശുപത്രിഭാഗത്ത് നിന്ന് സ്വകാര്യ ബസില്‍ കയറി. ഈ ബസിലെ തന്നെ ജീവനക്കാരും സംഭവസമയം അവധിയിലുമായിരുന്ന പ്രതികളായ യുവാക്കള്‍ സ്റ്റാച്യുവില്‍ നിന്ന് ബസില്‍ കയറുകയായിരുന്നു.
ബസില്‍ വെച്ചുതന്നെ യുവതിയെ ഇവര്‍ ശല്യം ചെയ്തിരുന്നതായി പറയുന്നു. തുടര്‍ന്ന് ഓവര്‍ബ്രിഡ്ജിലിറങ്ങിയ യുവതിയെ നാലുപേരും ചേര്‍ന്ന് റോഡില്‍വെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാര്‍ നാലുപേരെയും പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍