സുല്‍ത്താന്‍ ബത്തേരി: ചെതലയം നീര്‍ത്തട വികസന പദ്ധതിയില്‍ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി ആരോപണം. കടക്കെണി ആത്മഹത്യ ആവര്‍ത്തിക്കപ്പെടുന്ന വയനാട്ടില്‍ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നബാര്‍ഡ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലാണ് അഴിമതി.
ക്രമക്കേടുകളെപ്പറ്റി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും തട്ടിപ്പുവീരന്മാരെ നിയമത്തിന് മുമ്പിലെത്തിക്കണമെന്നും വാട്ടര്‍ഷെഡ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി.ഇ. ജേക്കബ്, ഇ.ഡി.സി കമ്മിറ്റി വൈസ് പ്രസിഡന്‍റ് എം.വി. ഉണ്ണികൃഷ്ണന്‍, കണ്ണിയന്‍ അഹമ്മദ്കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചെതലയം ഗ്രാമത്തില്‍ നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ്, മണ്ണും ജലവും സംരക്ഷിക്കുന്നതിനുവേണ്ടി 1.37 കോടി രൂപ എസ്റ്റിമേറ്റില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. ‘മിറര്‍’ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 600 ഹെക്ടര്‍ വനവും 600 ഹെക്ടര്‍ കൃഷിഭൂമിയുമടക്കം ആകെ 1200 ഹെക്ടറിലെ പ്രവൃത്തിയാണിത്.
വനത്തിനുള്ളില്‍ നടപ്പാക്കുന്ന മഴക്കുഴി, തടയണ നിര്‍മാണം ഇ.ഡി.സി മുഖേനയാണ് നടപ്പാക്കുന്നത്. കൃഷിയിടങ്ങളില്‍ മണ്‍കൈയാല, മഴക്കുഴി, ഫല വൃക്ഷത്തൈ വിതരണം തുടങ്ങിയവയാണ് നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ചെതലയത്ത് നടന്ന വൃക്ഷത്തൈ വിതരണത്തിന്‍െറ പേരില്‍ 6,85,000 രൂപയാണ് ചെലവെഴുതിയതെങ്കിലും ചെലവായത് രണ്ട് ലക്ഷത്തില്‍ താഴെ മാത്രമാണെന്ന് നീര്‍ത്തട വികസന കമ്മിറ്റി ഭാരവാഹികളടക്കം ആരോപിക്കുന്നു. വനമേഖലയില്‍ നടന്ന മഴക്കുഴി നിര്‍മാണവും പ്രഹസനമായി. 11,000 മഴക്കുഴികള്‍ നിര്‍മിച്ചതായാണ് രേഖകള്‍. ഒരു മീറ്റര്‍ വീതി, 50 സെ.മീ. നീളം, 50 സെ.മി. ആഴം എന്നീ അളവിലാണ് കുഴികള്‍ നിര്‍മിക്കേണ്ടത്. മാനദണ്ഡം പൂര്‍ണമായും മറികടന്ന് നാമമാത്രമായ മഴക്കുഴികളാണ് നിര്‍മിച്ചത്. ഇ.ഡി.സി കമ്മിറ്റി രൂപവത്കരിച്ചെങ്കിലും ഒരിക്കല്‍പോലും കമ്മിറ്റി വിളിച്ചുകൂട്ടുകയോ, പ്രവൃത്തിയെപ്പറ്റി ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ പദ്ധതി നടത്തിപ്പുകാരായ ‘മിറര്‍’ ഏകപക്ഷീയമായി കണക്കുകള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് ഭാരവാഹികള്‍ ആരോപിച്ചു. അരലക്ഷത്തിന് താഴെ മാത്രം ചെലവിട്ട പ്രവൃത്തിക്ക് 3,80,610 രൂപ ചെലവെഴുതി. കൃഷിയിടങ്ങളിലെ മണ്‍കൈയാല നിര്‍മാണത്തിലും പദ്ധതി ഫണ്ട് ഉപയോഗിച്ചുനടന്ന ടൂര്‍ പ്രോഗ്രാമിലും ക്രമക്കേട് നടന്നിട്ടുണ്ട്.
നീര്‍ക്കുഴിയുടെ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകമായി അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ കൂലി നല്‍കണമെന്നതാണ് പദ്ധതി മാനദണ്ഡം. 3,80,610 രൂപ ഒരാളുടെ പേരില്‍ ചെക് നല്‍കി ബാങ്കില്‍നിന്നും മാറ്റിയെടുക്കുകയായിരുന്നു. ഇതിന് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി ആരോപണമുണ്ട്. തൊഴിലാളികളെക്കൊണ്ട് ബ്ളാങ്ക് വൗച്ചറില്‍ ഒപ്പിട്ടുവാങ്ങിയശേഷം കുഴികളുടെ എണ്ണം വന്‍തോതില്‍ പെരുപ്പിച്ചുകാട്ടി പണം തട്ടിയെന്നും അവര്‍ പറഞ്ഞു.
പദ്ധതിയില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപിച്ച് ചെതലയം പ്രദേശത്ത് തിങ്കളാഴ്ച വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യു.ഡി.എഫിന്‍െറ പേരിലാണ് പോസ്റ്ററുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍