12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ഇത്തരം ഘട്ടത്തിലാണ് ഗാന്ധിജി നികുതിനിഷേധം തുടങ്ങിയത്

ഇത്തരം ഘട്ടത്തിലാണ് ഗാന്ധിജി നികുതിനിഷേധം തുടങ്ങിയത്

എണ്ണവില വര്‍ധനയെച്ചൊല്ലി മേയ് 31ന് അഖിലേന്ത്യാ ബന്ദാണ്; കേരളം നേരത്തേതന്നെ മുറപ്രകാരം ഹര്‍ത്താലാചരിച്ചു. പെട്രോളിനു പിറകെ ഡീസലിന്റെകൂടി വിലനിയന്ത്രണം എടുത്തുകളയാന്‍ പോകുന്നു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികവും പാര്‍ലമെന്റിന്റെ അറുപതാം വാര്‍ഷികവും ഒത്തുവന്ന ആഴ്ചയില്‍തന്നെ, ജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എണ്ണക്കമ്പനികളെ താങ്ങുകയും പാര്‍ലമെന്ററി ജനാധിപത്യം നിസ്സഹായമായി ബന്ദ് എന്ന ഹരാകിരിയില്‍ വ്യാജമായ ആശ്വാസം കണ്ടെത്തേണ്ടിവരുകയും ചെയ്തിരിക്കുന്നു. സത്യമാണത്- കേന്ദ്രം നിസ്സഹായമായിരിക്കുന്നു; പാര്‍ലമെന്ററി ജനായത്തം പാഴ്വേലയായിരിക്കുന്നു. അമേരിക്കയില്‍ വന്‍കുത്തകകള്‍ നിയമമെഴുതിയുണ്ടാക്കിയശേഷം പാസാക്കാനായി സംസ്ഥാന നിയമസഭകളെ ഏല്‍പിക്കുകയാണത്രെ! ഇവിടെയും പാര്‍ലമെന്റും സര്‍ക്കാറും ബഹുരാഷ്ട്ര കോര്‍പറേറ്റുകളുടെയും ലോബികളുടെയും ഏജന്‍സി ആയിക്കഴിഞ്ഞിട്ടില്ലേ? ജനങ്ങളോടല്ല, കുത്തകകളോടാണ് ഭരണസംവിധാനത്തിന് കൂറ്. സാമ്പത്തികനയവും വിദേശനയവും തീരുമാനിക്കുന്നത് വിദേശശക്തികളും കുത്തകകളുമാണ്. നമ്മുടെ പ്രകൃതിവിഭവങ്ങള്‍ -മണ്ണും വായുവും ജലവും- കൊള്ളയടിക്കാന്‍ പാകത്തിലാണ് നിയമങ്ങളുണ്ടാക്കുന്നത്. കൃഷിക്കാരെ തളര്‍ത്തി ജി.എം വിളകള്‍ക്ക് അനുമതി നല്‍കുന്നു. പ്രത്യേക സാമ്പത്തിക മേഖലകള്‍ ഉണ്ടാക്കി കുത്തകകളെ രാജ്യത്തിന്റെ നിയമങ്ങളില്‍നിന്ന് പരിരക്ഷിക്കുന്നു. വന്‍കിട പദ്ധതികള്‍ വേഗത്തില്‍ അനുവദിക്കാനുള്ള പ്രത്യേക സംവിധാനം പ്രധാനമന്ത്രിയുടെ ഓഫിസില്‍തന്നെ സജ്ജീകരിക്കുന്നു. ചില്ലറ വ്യാപാരരംഗത്ത് കുത്തകകള്‍ക്ക് അനുമതി -വിദേശ കുത്തകകളടക്കം- ലഭ്യമാകുന്നു. ഇതുകൊണ്ടൊക്കെ ഉണ്ടാകുമെന്നുപറഞ്ഞ തൊഴിലവസരങ്ങളാകട്ടെ ഉണ്ടാകുന്നുമില്ല; ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ശതമാനംപോലും തൊഴില്‍വര്‍ധനയില്ല. നാട്ടിലെ പരിസ്ഥിതി, വനം നിയമങ്ങളെ നോക്കുകുത്തിയാക്കി കൊറിയന്‍ ഭീമന്മാര്‍ക്കായി പോസ്കോ ഉരുക്കുകമ്പനി സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുന്നത് പ്രധാനമന്ത്രിതന്നെയാണ്. ഉദാരീകരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും 'രണ്ടാം തലമുറ പരിഷ്കാരങ്ങള്‍'ക്കായി ഇപ്പോള്‍ കുത്തകകള്‍ സമ്മര്‍ദം തുടങ്ങിയിരിക്കുകയാണ്. അവര്‍ക്കു വേണ്ടത് ചെയ്തുകൊടുക്കുമെന്ന സൂചനകൂടിയാണ് ഡീസല്‍ വിലനിയന്ത്രണവും ഉപേക്ഷിക്കാനുള്ള നീക്കം.
ജനവിരുദ്ധവും കുത്തകകള്‍ക്കനുകൂലവുമായ വന്‍ തീരുമാനങ്ങളില്‍ ഒരു പോസ്കോ മാത്രമല്ല ഉള്ളത്. ഒഡിഷയിലെ ടാറ്റാ സ്റ്റീല്‍, ഛത്തിസ്ഗഢിലെയും ത്സാര്‍ഖണ്ഡിലെയും ഗോവയിലെയും വന്‍ ഖനിവ്യവസായങ്ങള്‍, ഉത്തരഖണ്ഡിലും ഹിമാചല്‍പ്രദേശിലും വടക്കുകിഴക്കന്‍ മേഖലയിലും വരാന്‍ പോകുന്ന കൂറ്റന്‍ അണക്കെട്ടുകള്‍, കൂടങ്കുളത്തും ജയ്താപൂരിലും മീഠിവിര്‍ദിയിലും ഫതേഹാബാദിലും കൊവ്വഡയിലും ചുട്കയിലും മറ്റും ആണവകൂണുകള്‍പോലെ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന ന്യൂക്ളിയര്‍ പ്ലാന്റുകള്‍- ഇതെല്ലാം തദ്ദേശീയരെ കടുത്ത ദുരിതത്തിലാഴ്ത്തുമെന്ന് തീര്‍ച്ചപ്പെട്ടിട്ടും, ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിട്ടും രാജ്യത്തിനുമേല്‍ അവ അടിച്ചേല്‍പിക്കുകയാണ് സര്‍ക്കാര്‍. ഗതിമുട്ടിയ ഗ്രാമീണരും വനവാസികളുമൊക്കെ പ്രതിഷേധിക്കുമ്പോള്‍ കേസെടുത്തും മറ്റും പീഡിപ്പിക്കുന്നു; സമരങ്ങളെ അടിച്ചമര്‍ത്തുന്നു. ജനങ്ങളെ ഒറ്റിയും രാജ്യത്തെ വിറ്റഴിച്ചും വന്‍കിട കമ്പനികള്‍ക്ക് സൗകര്യമൊരുക്കലാണ് 'നവലിബറല്‍കാല'ത്തെ സര്‍ക്കാറിന്റെ പണി എന്ന് മന്‍മോഹന്‍സിങ്ങും സംഘവും വിശ്വസിക്കുന്നുണ്ട്.
ഇവിടെയാണ് പാര്‍ലമെന്ററി ജനാധിപത്യത്തെക്കൂടി നിരൂപണം ചെയ്യേണ്ടിവരുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിന് 60 വയസ്സ് തികഞ്ഞ ഈ ഘട്ടത്തിലാണ് ജനപ്രതിനിധിസഭ എന്ന നിലക്ക് പാര്‍ലമെന്റും പാര്‍ലമെന്ററി വ്യവസ്ഥിതിയും ഏറ്റവും ദുര്‍ബലമായി കാണപ്പെടുന്നത്. ജനാധിപത്യമെന്ന വിലാസത്തില്‍തന്നെ ജനഹിതത്തെ ഹൈജാക് ചെയ്ത്, നിക്ഷിപ്ത താല്‍പര്യങ്ങളുടെ കരാറുപണിക്കാരായി ഭരണവ്യവസ്ഥയെ മാറ്റുന്ന സംവിധാനമായി ഇന്ത്യന്‍ പാര്‍ലമെന്ററി ജനായത്തം മാറിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്ന ജനവികാരം ഉള്‍ക്കൊണ്ടുകൊണ്ടല്ല സര്‍ക്കാറുകള്‍ ഭരിക്കുന്നത്. ഏറ്റവുമൊടുവില്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍തന്നെ ഭരണത്തിലേറിയത് സമത്വവും നീതിയും ന്യൂനപക്ഷ ക്ഷേമവും വാഗ്ദാനം ചെയ്തുകൊണ്ടാണ്. എന്നാല്‍, നവലിബറല്‍ നയങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തിലോ വിദേശനയം അമേരിക്കന്‍ വിധേയത്വമായി മാറുന്നതിലോ ഒന്നും ജനാഭിലാഷം ഒട്ടും നോക്കാത്ത സര്‍ക്കാര്‍ ഇക്കുറിയും അതെല്ലാം അട്ടിമറിച്ചിരിക്കുന്നു. പാര്‍ലമെന്റിന് പ്രാതിനിധ്യസ്വഭാവം ഇല്ലാതായിരിക്കുന്നു. വന്‍ ബിസിനസുകാര്‍ അവിടെയും പിടിമുറുക്കിയിരിക്കുകയാണ്. ഏതെങ്കിലുമൊരു സംഘത്തെ അധികാരത്തിലെത്തിക്കുക എന്ന ഒരൊറ്റ ധര്‍മമായി തെരഞ്ഞെടുപ്പും പാര്‍ലമെന്റും മാറിയിരിക്കുന്നു. അധികാരത്തില്‍ ആരു വന്നാലും ഒരേ ജനവിരുദ്ധ ദേശവിരുദ്ധ നയങ്ങള്‍ തുടരുന്ന അവസ്ഥ. ജനവിരുദ്ധ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും നിയമസാധുത നല്‍കലാണ് ജനപ്രതിനിധി സഭകളുടെ ജോലിയെന്ന് വന്നിരിക്കുന്നു.
രോഗം അടിസ്ഥാനപരമാണ്. അതുകൊണ്ട് പരിഹാരവും അടിസ്ഥാനപരമാകണം. ജനാധിപത്യത്തെ ജനങ്ങള്‍ വീണ്ടെടുക്കണം. പെട്രോള്‍ വിലക്കയറ്റം വന്നാല്‍ ഒരു ഹര്‍ത്താല്‍, ഇനി ഡീസല്‍ വിലനിയന്ത്രണം ഉപേക്ഷിക്കുമ്പോള്‍ ഒരു ബന്ദ്- ഇത്രയുംകൊണ്ട് തീരുന്നതല്ല പ്രശ്നം. വിലകൂടാന്‍ കാരണം വിലനിയന്ത്രണം നീക്കുന്നതാണ്. അത് നീക്കാന്‍ കാരണം കുത്തകകള്‍ക്കനുകൂലമായതും ജനവിരുദ്ധമായതും പാര്‍ലമെന്ററി സംവിധാനത്തെ ദുരുപയോഗിച്ചുണ്ടാക്കിയതുമായ നയങ്ങളാണ്. ആ നയങ്ങളെയാണ് മാറ്റേണ്ടത്. അതിന് ഹര്‍ത്താലും ബന്ദും മറ്റു ആത്മപീഡനങ്ങളും പോരാ. ഉപ്പുകുറുക്കാനും അതിന് വിലനിശ്ചയിക്കാനുമുള്ള അധികാരം ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് പിടിച്ചെടുത്തപ്പോഴാണ് ഗാന്ധിജി ദണ്ഡിയാത്രയും ഉപ്പുസത്യഗ്രഹവും തുടങ്ങിയത്. നികുതിനിഷേധമായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭത്തിന്റെ മര്‍മം. ഹര്‍ത്താല്‍പോലെ ഊര്‍ജമില്ലാത്ത ആചാരമല്ല അത്; സര്‍ക്കാര്‍ വിരുദ്ധ അക്രമങ്ങള്‍പോലെ ഹിംസാത്മകവുമല്ല. പാര്‍ലമെന്ററി ജനാധിപത്യത്തെ വീണ്ടെടുക്കാനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുമേല്‍ ജനതാല്‍പര്യങ്ങളെ പുനഃപ്രതിഷ്ഠിക്കാനും അഹിംസയുടേതായ, എന്നാല്‍ ഫലപ്രദമായ, ഒരു സമരരീതി നാം കണ്ടെത്തേണ്ടിയിരിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com