Tue, 05/29/2012 - 01:04 ( 51 weeks 5 daysago)
ചെന്നൈ: ആദ്യ മൂന്ന് ഐ.പി.എല്ലിലും ഏറ്റവും പിറകിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞതവണ പ്ലേ ഓഫില്‍ എത്തിയെങ്കിലും തോറ്റ് പുറത്തായി. ആ ടീമാണ് ഇക്കുറി തകര്‍പ്പന്‍ വിജയത്തോടെ ജേതാക്കളായിരിക്കുന്നത്. ചെപ്പോക്കില്‍ ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ചായിരുന്നു ഗൗതം ഗംഭീര്‍ സംഘത്തിന്റെ കിരീടധാരണം.
'മാന്‍'വീന്ദര്‍ ഓഫ് ദ മാച്ച്
ഒരൊറ്റ രാത്രികൊണ്ട് മന്‍വീന്ദര്‍ സുല്‍ത്താന്‍സിങ് ബിസ്ല ലോകശ്രദ്ധ നേടി. കലാശക്കളിയില്‍ 48 പന്തില്‍ 89 റണ്‍സടിച്ച് മാന്‍ ഓഫ് ദ മാച്ചായ 29 കാരന്റെ പ്രകടനം അത്രക്ക് കേമമായിരുന്നു. അതുവരെ ആറ് മത്സരങ്ങളില്‍ മാത്രം ഇറങ്ങാന്‍ അവസരം ലഭിച്ച ബിസ്ലയെ ഞായറാഴ്ച പ്ലയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് കരുത്തനായ ബ്രണ്ടന്‍ മക്കല്ലത്തെ കരക്കിരുത്തിയായിരുന്നു. ടീം മാനേജ്മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം ബിസ്ല കാത്തു. അവിശ്വസനീയമാണ് ടീം വിജയത്തിലെത്തിയതെന്നും സ്വന്തം ബാറ്റിങ്ങില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗംഭീറിനൊപ്പം ഓപണറായി ഇറങ്ങിയ ബിസ്ല ജാക് കാലിസിനൊപ്പം ചേര്‍ന്നാണ് കൊല്‍ക്കത്തയെ മുന്നോട്ടുനയിച്ചത്. സ്കോര്‍ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് മാത്രം നില്‍ക്കെ ഗംഭീര്‍ (രണ്ട്) മടങ്ങിയത് ടീമിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ബിസ്ലക്ക് പുറമെ കാലിസന്റെ (69) പ്രകടനം കൂടിയായപ്പോള്‍ ടീം ലക്ഷ്യത്തിനടുത്തേക്ക് നീങ്ങി. എന്നിട്ടും അവസാന ഘട്ടത്തില്‍ പിരിമുറുക്കം. 20ാം ഓവറിലെ മൂന്നും നാലും ബൗണ്ടറികള്‍ അതിര്‍ത്തി കടത്തി ദേശീയ താരമായ മനോജ് തിവാരി തന്റെ റോളും ഭംഗിയാക്കി.
ഗംഭീറാണ് നായകന്‍
കൊല്‍ക്കത്തയുടെ വിജയം ക്യാപ്റ്റന്‍ ഗംഭീറിന്റേത് കൂടിയാണ്. ബാറ്റിങ്ങില്‍ നെടുംതൂണായും സഹതാരങ്ങള്‍ക്കുള്ള ഊര്‍ജ സ്രോതസ്സായും പ്രവര്‍ത്തിച്ച നായകന്‍ 590 റണ്‍സുമായി ക്രിസ് ഗെയിലിന് പിറകില്‍ രണ്ടാമതെത്തി. ജയിച്ചത് ടീമാണെന്നും വ്യക്തികളെല്ലെന്നുമായിരുന്നു കിരീടനേട്ടത്തിന് ശേഷം ഗംഭീറിന്റെ പ്രതികരണം.
ധോണിയുടെ ടീമിനെതിരായ വിജയം ഗംഭീറിന്റെ അന്താരാഷ്ട്ര കരിയറിലും നിര്‍ണായക വഴിത്തിരിവാകുകയാണ്. ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്ക് ഗംഭീറിനെ പരിഗണിക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടുകഴിഞ്ഞു. ടെസ്റ്റില്‍ പരാജയമായ ധോണിക്ക് പകരക്കാരനെത്തേടുന്ന ബി.സി.സി.ഐ ഗംഭീറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.
ഗില്ലി, ദാദ കളം വിടുന്നു
പുണെ വാരിയേഴ്സ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, പഞ്ചാബ് കിങ്സ് ഇലവന്റെ നായകനും പരിശീലകനുമായ ആദം ഗില്‍ക്രിസ്റ്റ് തുടങ്ങിയവരുടെ അവസാന ഐ.പി.എല്ലിനാണ് കൊടിയിറങ്ങിയത്. കളം വിടുന്നതായി പരസ്യമായി പ്രഖ്യാപിച്ചത് ആസ്ട്രേലിയക്കാരനായ ഗില്‍ക്രിസ്റ്റ് മാത്രമാണ്. വേണ്ടത്ര മികവ് പുലര്‍ത്താതിരുന്ന ഗാംഗുലിയെ അടുത്ത സീസണില്‍ ആരും ലേലത്തിലെടുക്കാന്‍ സാധ്യതയില്ല.
ഒന്നോ രണ്ടോ കളിയില്‍ മാത്രം ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹെര്‍ഷല്‍ ഗിബ്സും ഇക്കുറി ബാംഗ്ളൂരിന് വേണ്ടി കളിച്ച ലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും അടുത്ത വര്‍ഷം ഉണ്ടാവുമോ എന്ന് കണ്ടറിയണം. 462 റണ്‍സുമായി തിളങ്ങിയെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് സ്വമേധയാ പിന്‍വാങ്ങിയാല്‍ അദ്ഭുതപ്പെടാനില്ല.
വീണ്ടും വിദേശവാഴ്ച
ഇക്കുറിയും വിദേശതാരങ്ങളാണ് റണ്‍സിലും വിക്കറ്റ് നേട്ടത്തിലും ഒന്നാമതെത്തിയത്. 733 റണ്‍സുമായി ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിലെ വെസ്റ്റിന്‍ഡീസുകാരന്‍ ക്രിസ് ഗെയില്‍ ടോപ് സ്കോററായി. 25 വിക്കറ്റുമായി ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മോര്‍നെ മോര്‍ക്കലാണ് ഒന്നാം സ്ഥാനത്ത്. 24 വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്തക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച കരീബിയന്‍ പുതുമുഖം സുനില്‍ നാരായണ്‍ മാന്‍ ഓഫ് ദ സീരീസുമായി.
ഗൗതം ഗംഭീര്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്), ശിഖര്‍ ധവാന്‍ (ഡെക്കാന്‍ ചാര്‍ജേഴ്സ്), അജിന്‍ക്യ രഹാനെ (രാജസ്ഥാന്‍ റോയല്‍സ്), വീരേന്ദര്‍ സെവാഗ് (ദല്‍ഹി ഡെയര്‍ ഡെവിള്‍സ്) എന്നീ ഇന്ത്യന്‍ താരങ്ങളാണ് റണ്‍നേട്ടത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മോര്‍ക്കലിന്റെയും നാരായണിന്റെയും പിറകില്‍ ശ്രീലങ്കക്കാരനായ മുംബൈ ഇന്ത്യന്‍സ് ബൗളര്‍ ലസിത് മലിംഗ, ഇന്ത്യന്‍ കളിക്കാരായ ഉമേഷ് യാദവ് (ദല്‍ഹി ഡെയര്‍ ഡെവിള്‍സ്), വിനയ് കുമാര്‍ (ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ്) എന്നിവരാണുള്ളത്.
യൂസുഫിനും ബിസ്ലക്കും
ബാലാജിക്കും കപ്പില്‍ രണ്ടാം മുത്തം
രണ്ട് ടീമില്‍ അംഗമായി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിച്ചവരാണ് യൂസുഫ് പത്താന്‍, ലക്ഷ്മിപതി ബാലാജി, മന്‍വീന്ദര്‍ ബിസ്ല എന്നിവര്‍. 2008ലെ പ്രഥമ സീസണില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്നു യൂസുഫ്. 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ ഭാഗമായിരുന്നു ബിസ്ല. 2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ജേതാക്കളാവുമ്പോള്‍ ആ ടീമില്‍ അംഗമായിരുന്നു ബാലാജി. മൂവരും ഇപ്പോള്‍ കൊല്‍ക്കത്തയുടെ പ്രിയതാരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍