12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

കിങ്ഖാന്റെ കോപവും വാംഖഡെയിലെ വിലക്കും

കിങ്ഖാന്റെ കോപവും വാംഖഡെയിലെ വിലക്കും
മഹാരാഷ്ട്ര കത്ത്

ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കം അരങ്ങുതകര്‍ക്കുന്നതിനിടെ ഷാറൂഖ്ഖാനെന്ന ബോളിവുഡിലെ 'കിങ്ഖാന്‍' മദ്യലഹരിയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് നേരെ അസഭ്യവര്‍ഷം നടത്തി വിവാദത്തില്‍ ചെന്നുചാടുകയുണ്ടായി. മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ആഹ്ലാദ പ്രകടനത്തില്‍ പങ്കുചേരാന്‍ ഓടിച്ചെന്ന ഷാറൂഖിനെ വാംഖഡെ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞതാണ് പ്രശ്നമായത്. മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കും കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമ നടി പ്രീതി സിന്റക്കും കളികഴിഞ്ഞാലുടന്‍ മൈതാനത്ത് കടക്കാമെങ്കില്‍ എന്തുകൊണ്ട് ഷാറൂഖിന് അതുപാടില്ല എന്ന ചോദ്യം ആരും ഉന്നയിച്ചുകണ്ടില്ല. പൊതുസമ്മതനും യുവാക്കള്‍ മാതൃകയായി കാണുന്ന താരവുമായ ഷാറൂഖ് ഖാനില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു മേയ് 16ന് അര്‍ധരാത്രി വാംഖഡെ സ്റ്റേഡിയത്തില്‍നടന്നത്. തന്റെ പെരുമാറ്റത്തില്‍ ക്ഷമചോദിക്കാനോ ചെയ്തത് തെറ്റായെന്ന് സമ്മതിക്കാനോ ഷാറൂഖ് തയാറായിട്ടില്ല. ആവുകയുമില്ല. ഷാറൂഖ്ഖാന്റെ ക്ഷമയുടെ നെല്ലിപ്പടി തകര്‍ത്ത സംഭവമെന്താണെന്നത് അധികമാരും അറിഞ്ഞിട്ടില്ല, ഷാറൂഖിന് അഞ്ചു വര്‍ഷത്തേക്ക് വാംഖഡെ സ്റ്റേഡിയത്തിലേക്ക് പ്രവേശം നിഷേധിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹികള്‍ ഒഴിച്ച്.
കോടികള്‍ ഒഴുക്കുകയും പേരും പ്രശസ്തിയും നുരഞ്ഞുപൊന്തുകയും ചെയ്യുന്ന ഐ.പി.എല്‍ ക്രിക്കറ്റിന്റെ മാസ്മരികത തന്നെയാണ് ഷാറൂഖ് വിവാദത്തിനും ഹേതുവായത്. മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമായ മുംബൈ പൊലീസിലെ ഇഖ്ബാല്‍ ശൈഖാണ് ഷാറൂഖിന്റെ ക്ഷമതെറ്റിച്ചത്. ക്ളബ് ക്രിക്കറ്റില്‍ തട്ടിയുംമുട്ടിയും കളിക്കുന്ന മകനെ ഐ.പി.എല്‍ എന്ന ചക്കരക്കുടത്തില്‍ കൈയിടിയിക്കാന്‍ ശൈഖ് ശ്രമംതുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒന്നും ഇന്നോളം വിജയിച്ചില്ല. തന്നെ തട്ടിമാറ്റിയവര്‍ക്കൊക്കെ ഇഖ്ബാല്‍ ശൈഖ് പണികൊടുത്തിട്ടുമുണ്ട്. ഒടുവിലത്തേതാണ് ഷാറൂഖ് ഖാന്‍. ഐ.പി.എല്ലിന്റെ പ്രതാപകാലത്ത് അതിന്റെ തലപ്പത്തിരുന്ന ലളിത് മോഡി, മുംബൈ ഇന്ത്യന്‍സിന്റെ ഉടമ മുകേഷ് അംബാനി തുടങ്ങിയവര്‍ ശൈഖിന്റെ പകരംവീട്ടലിന് ഇരയായവരാണ്. മകനെ ഐ.പി.എല്‍ താരമാക്കാന്‍ കഴിയാവുന്ന വഴികളിലെല്ലാം മുട്ടിയ ഇഖ്ബാല്‍ ശൈഖിന് നേരെ ശരദ് പവാര്‍ മുഖംതിരിച്ചുവെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് അകത്തെ സംസാരം. കള്ളപ്പണവുമായി ബന്ധപ്പെട്ട വിവാദമുയര്‍ന്നപ്പോള്‍ ലളിത് മോഡിക്കെതിരെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും ശരദ് പവാറിനും ചോര്‍ത്തിക്കൊടുത്തത് ഇഖ്ബാല്‍ ശൈഖാണത്രെ. വിവാദം കൊഴുപ്പിച്ച് മോഡിയുടെ തലതെറിപ്പിക്കുന്നതില്‍ ശൈഖ് നല്ല പങ്ക്വഹിച്ചുവെന്നാണ് സംസാരം. എന്നാല്‍, മുകേഷ് അംബാനിയോട് ശൈഖിന്റെ കളി ഏശിയില്ല. അമിതവണ്ണമുള്ള മകനായി പണിത ലിഫ്റ്റ് പൊളിച്ചുനീക്കേണ്ടിവന്നതേയുള്ളൂ മുകേഷിന്. നിയമവിരുദ്ധമായി നിര്‍മിച്ചതായിരുന്നു ആ ലിഫ്റ്റ്.
ഇഖ്ബാല്‍ ശൈഖിന്റെ ഒടുവിലത്തെ ഇരയാണ് ഷാറൂഖ്. മുംബൈ ഇന്ത്യന്‍സുമായി തന്റെ ടീം കൊമ്പുകോര്‍ത്ത ദിവസം ഷാറൂഖ് വാംഖഡെ സ്റ്റേഡിയത്തില്‍ കളികാണാനുണ്ടായിരുന്നില്ല. കളി ജയിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഷാറൂഖ് വാംഖഡെയിലെത്തുന്നത്. ശൈഖിനോടുള്ള കോപം വി.ഐ.പി ഗാലറിയിലുള്ള ക്രിക്കറ്റ് അസോസിയേഷന്റെ മറ്റ് അംഗങ്ങളോടും ഷാറൂഖ് പ്രകടിപ്പിച്ചു. കൈയൊപ്പ് നേടാനും ഒപ്പംനിന്ന് ഫോട്ടോ എടുക്കാനുമുള്ള അതിഥികളുടെ ശ്രമങ്ങളെ ഷാറൂഖ് അവഗണിക്കുകയും ചെയ്തു. അങ്ങനെ ഉരുണ്ടുകൂടിയ വികാരങ്ങളാണ് സ്റ്റേഡിയത്തില്‍ പൊട്ടിത്തെറിച്ചത്. സുരക്ഷയുടെ പേരില്‍ മകള്‍ സുഹാനയെയും കൂട്ടുകാരെയും സുരക്ഷാ ജീവനക്കാര്‍ കൈകാര്യം ചെയ്തതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഷാറൂഖ് വിശദീകരിച്ചത്. മകളെ സംരക്ഷിക്കുന്ന ഷാറൂഖിന്റെ ചെയ്തിയോട് ബോളിവുഡിലെ ഏറെപേരും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ചിലര്‍ മിണ്ടിയതുമില്ല.
പരസ്യമായ തെറി അഭിഷേകവും രോഷ പ്രകടനവും ഷാറൂഖില്‍നിന്ന് ഉണ്ടാകരുതായിരുന്നു. യുവാക്കളുടെ മാതൃകാ പുരുഷനായി ഒരു മാഗസിന്‍ ഷാറൂഖിനെ തെരഞ്ഞെടുത്തപ്പോള്‍ അതിനെ ചോദ്യംചെയ്തത് അദ്ദേഹത്തിന്റെ മകള്‍ സുഹാന തന്നെയായിരുന്നു. നല്ലപോലെ പുകവലിക്കുന്ന ഷാറൂഖ് എങ്ങനെയാണ് യുവാക്കള്‍ക്ക് മാതൃകയാവുകയെന്നാണ് സുഹാനയുടെ ചോദ്യം. ഇപ്പോള്‍ ആയിരങ്ങള്‍ കാണ്‍കെ മദ്യലഹരിയില്‍ തല്ലുണ്ടാക്കിയും അസഭ്യവര്‍ഷം നടത്തിയും ഷാറൂഖ് വിവാദനായകനുമായി. ജയ്പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിലിരുന്ന് പുകവലിച്ചത് കോടതി കേസുമായി. അസഭ്യവര്‍ഷത്തിന് അഞ്ചുവര്‍ഷത്തേക്ക് വാംഖഡെയിലേക്കുള്ള പ്രവേശം തടഞ്ഞാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ശിക്ഷ വിധിച്ചത്. എന്നാല്‍, ഈ തീരുമാനം അന്തിമമായി കൈക്കൊള്ളേണ്ടത് ബി.സി.സി.ഐ ആണ്. അതിന്റെ അര്‍ഥം വിലക്ക് പിന്‍വലിക്കുമെന്നാണെന്നാണ് സംസാരം. ബി.സി.സി.ഐക്ക് ഷാറൂഖിനെ പിണക്കാനാകില്ല. ഐ.പി.എല്‍ അധ്യക്ഷന്‍ രാജീവ് ശുക്ളയും ഷാറൂഖും തമ്മില്‍ വലിയ അടുപ്പമുണ്ട്. വിലക്ക് ഏര്‍പ്പെടുത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് വിലാസ്റാവ് ദേശ്മുഖിന്റെ ഉള്ളും അസോസിയേഷന്റെ നിലപാടില്‍നിന്ന് മറിച്ചാകില്ല. കാരണം, എന്തായാലും ഷാറൂഖില്‍നിന്ന് ഉണ്ടാകരുതാത്ത രംഗങ്ങളാണ് അന്നുണ്ടായത്. അതിന് ജനങ്ങള്‍ സാക്ഷിയുമാണ്. ചെയ്ത കാര്യങ്ങളില്‍ ഷാറൂഖ് പരസ്യമായി ഉറച്ചുനില്‍ക്കുകയും ചെയ്തു. അതിനാല്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ ദേശ്മുഖിന് കഴിയില്ല.
വാംഖഡെയിലെ അനിഷ്ടസംഭവത്തില്‍ ഷാറൂഖിനെതിരെ കോപംപുലര്‍ത്തുന്നത് ഇഖ്ബാല്‍ ശൈഖും ശിവസേന, എം.എന്‍.എസ് പാര്‍ട്ടികളും മാത്രമാണ്. ഇഖ്ബാലിന് വ്യക്തിവൈരാഗ്യവും ശിവസേന, എം.എന്‍.എസ് പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയവുമാണത്. ശിവസേന എന്നും ഷാറൂഖിന് എതിരാണ്. കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ പാക് ക്രിക്കറ്റ് താരങ്ങളെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഷാറൂഖിന്റെ പ്രതികരണമാണ് ശിവസേനയുടെ വിരോധത്തിന് കൊഴുപ്പേകിയത്. അന്നിറങ്ങിയ ഷാറൂഖിന്റെ 'മൈ നെയിം ഈസ് ഖാന്‍ ' എന്ന സിനിമയുടെ പ്രദര്‍ശനംതടയാന്‍ ശിവസേന ശ്രമം നടത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കടുത്ത നിലപാടില്‍ ശിവസേനയുടെ നീക്കംപാളി. ഇപ്പോള്‍ സേനയുടെയും എം.എന്‍.എസിന്റെയും രാഷ്ട്രീയക്കളിക്ക് മറ്റൊരു ഘടകം കൂടിയുണ്ട്. ഷാറൂഖ് ഏറ്റുമുട്ടിയ വാംഖഡെയിലെ സുരക്ഷാ ജീവനക്കാരന്‍ മറാത്തിയാണ്. ഷാറൂഖിനെ തടഞ്ഞ് ധീരതകാട്ടിയ സുരക്ഷാ ജീവനക്കാരനെ ആദരിക്കാന്‍ മണ്ണിന്റെ മക്കള്‍ വാദത്തിലൂന്നിയ ശിവസേനയും എം.എന്‍.എസും മത്സരിച്ചത് മറ്റൊരു കഥ. വിവാദം മുറുകുന്നതിനിടെ 'ജീവനില്‍ പേടി'യുള്ള സുരക്ഷാ ജീവനക്കാരന്‍ ഒളിവില്‍പോയത് ഒരു നാടകമായി അവസാനിക്കുകയും ചെയ്തു. നാടകത്തിന്റെ പിന്നില്‍ ആരായിരുന്നുവെന്നത് വ്യക്തമല്ല. കഥകള്‍ എന്തായിരുന്നാലും വാംഖഡെയില്‍ ഷാറൂഖ് ക്ഷമകാട്ടേണ്ടതായിരുന്നു. തന്റെ പുകവലിക്കെതിരെ ജീവന് തുല്യം സ്നേഹിക്കുന്ന മകള്‍ സുഹാന തുറന്നടിച്ചത് ഷാറൂഖിന് പാഠമാകേണ്ടതാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com