Mon, 05/28/2012 - 20:45 ( 50 weeks 6 daysago)
കട്ടക്: രാജ്യത്തിന്റെ സമുന്നത ഫുട്ബാള്‍ കിരീടത്തില്‍ അര നൂറ്റാണ്ടിന്റെ ഇടവേളക്കുശേഷം വീണ്ടും പട്ടാള മുത്തം. 66ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ വാശിയേറിയ കലാശക്കളിയില്‍ പൊരുതിക്കളിച്ച തമിഴ്നാടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച് സര്‍വീസസ് കിരീടം ചൂടി. 67 മിനിറ്റിനകം മൂന്നു ഗോളിന്റെ ലീഡ് നേടിയ സര്‍വീസസിനെതിരെ അവസാന എട്ടുമിനിറ്റിലാണ് തമിഴ്നാട് തിരിച്ചടിച്ചത്. സര്‍വീസസിന്റെ മൂന്നാം ഗോള്‍ കോഴിക്കോട്ടുകാരനായ ഫര്‍ഹദിന്റെ വകയായിരുന്നു.
കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടിലാണ് കലാശക്കളിക്ക് കിക്കോഫ് വിസില്‍ മുഴങ്ങിയത്. ചളിയില്‍ ചുവടുകള്‍തെറ്റിയ മൈതാനത്ത് കൂടുതല്‍ മിടുക്കു കാട്ടിയത് സര്‍വീസസായിരുന്നു. പന്തിന്മേല്‍ വ്യക്തമായ മേധാവിത്വം കാട്ടിയ പട്ടാള നിര ബോക്സിനു പുറത്തുനിന്ന് വലയിലേക്ക് നിറയൊഴിച്ചുള്ള ആക്രമണ രീതിയാണ് അവലംബിച്ചത്. ഒരുതവണ ക്യാപ്റ്റന്‍ ഗോര്‍ഡന്‍ സൊറാംചാന തൊടുത്ത ഷോട്ട് തമിഴ്നാട് ക്രോസ്ബാറിനെ പിടിച്ചുകുലുക്കിയാണ് തിരിച്ചെത്തിയത്. 17ാം മിനിറ്റില്‍ ഹോറിന്റെ ഷോട്ട് വലയിലേക്ക്പാഞ്ഞുകയറവെ തമിഴ്നാട് സെന്‍ട്രല്‍ ഡിഫന്‍ഡര്‍ സുമന്‍ രാജ് തട്ടിയകറ്റി.
ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളുമായി പട്ടാളക്കാരുടെ നിയന്ത്രണ ഭൂമിയിലേക്ക് പടനയിച്ച തമിഴ്നാട് 22ാം മിനിറ്റിലാണ് ആദ്യശ്രമം നടത്തിയത്. ജയകുമാറിന്റെ ഷോട്ട് പക്ഷേ, ലക്ഷ്യം തെറ്റിപ്പറന്നു. 44ാം മിനിറ്റില്‍ നിര്‍മല്‍ കുമാറിന്റെ ക്രോസില്‍ ചാള്‍സ് ആനന്ദ് രാജ് തൊടുത്ത ഹെഡര്‍ സര്‍വീസസ് ഗോളി എ.കെ.ബല്‍വന്ത് തട്ടിയകറ്റി.
അടുത്ത മിനിറ്റില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ സര്‍വീസസ് ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് സഞ്ജു സുബ്ബയുടെ തകര്‍പ്പന്‍ വലങ്കാലന്‍ ഷോട്ട് തമിഴ്നാട് ഗോളി അഖില്‍ സോമനെ കബളിപ്പിച്ച് വലയിലേക്ക് നീങ്ങുകയായിരുന്നു.
രണ്ടാം പകുതി നാലു മിനിറ്റ് പിന്നിടവേ സര്‍വീസസ് രണ്ടാം ഗോളും നേടി. ചാറ്റല്‍ മഴക്കിടെ പന്തുമായികുതിച്ച ഹോറിന്‍ തൊടുത്തഷോട്ട് അഖില്‍ തടഞ്ഞിട്ടെങ്കിലും റീബൗണ്ടില്‍ സുബ്രതാ സര്‍ക്കാര്‍ പന്ത് വലയിലേക്ക് തട്ടി. അഞ്ചു മിനിറ്റിനിടെ രണ്ടുഗോള്‍ വഴങ്ങിയത് തമിഴ്നാടിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. മാനസികമായി തകര്‍ന്ന എതിരാളികള്‍ക്കുമേല്‍ 67ാം മിനിറ്റിലായിരുന്നു ഫര്‍ഹദിന്റെ ഗോള്‍. തടയാന്‍ ഓടിയെത്തിയ അഖിലിനെ നിഷ്പ്രഭനാക്കി ഫര്‍ഹദ് പന്ത് വലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു.
മൂന്നു ഗോളിന് പിന്നിലായിട്ടും മുന്‍ ഇന്റര്‍നാഷനല്‍ സയ്യിദ് സബീര്‍ പാഷ പരിശീലിപ്പിച്ച തമിഴ്നാടിന്റെ കുട്ടികള്‍ അന്ത്യഘട്ടങ്ങളില്‍ വീറോടെ പൊരുതിക്കയറി. 82ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ശാന്തകുമാറും 89ാം മിനിറ്റില്‍ എം.രമേഷും സര്‍വീസസ് വലയിലേക്ക് നിറയൊഴിച്ചെങ്കിലും വിജയം സര്‍വീസസിനൊപ്പം നിന്നു.
ഏഴു തവണ ഫൈനലിലെത്തിയ സര്‍വീസസ് ഇത് രണ്ടാം തവണയാണ് കിരീടം ചൂടുന്നത്. 1960-61ലായിരുന്നു പട്ടാളക്കാര്‍ മുമ്പ് കിരീടത്തിലേക്ക് മാര്‍ച്ച് ചെയ്തത്. 1954-55, 1958-59, 1966-67, 1969-70, 2007-08 വര്‍ഷങ്ങളില്‍ സര്‍വീസസിന് രണ്ടാം സ്ഥാനത്തൊതുങ്ങേണ്ടിവന്നു.
കന്നിക്കിരീടം ലക്ഷ്യമിട്ട് കട്ടക്കില്‍ കളത്തിലിറങ്ങിയ തമിഴ്നാടിന് തങ്ങളുടെ രണ്ടാംഫൈനലിലും നിരാശ തന്നെയായി. 1972-73ല്‍ കലാശക്കളിയിലെത്തിയപ്പോഴും തമിഴ്നാടിന് തോല്‍വിയായിരുന്നു ഫലം.
മലയാളികളുടെ കരുത്തിലാണ് സര്‍വീസസിന്റെ കിരീടധാരണം. മലയാളി പരിശീലകന്‍ വി.സജിത് കുമാറിന്റെ ശിക്ഷണത്തില്‍ കളത്തിലിറങ്ങിയ ടീമില്‍ നാലു പേര്‍ -പി.എസ്.സുമേഷ്, ഫര്‍ഹദ്, ദിലീപ് മണിയാല്‍, രാരി.എസ്.രാജ് എന്നിവര്‍ മലയാളികളാണ്. തമിഴ്നാട് നിരയിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു. ഗോള്‍ കീപ്പര്‍ അഖില്‍ സോമന്‍ ചങ്ങനാശ്ശേരിക്കാരനാണ്. അവരുടെ മാനേജരാകട്ടെ തൃശൂര്‍ സ്വദേശി ഉണ്ണിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍