നെയ്യാറ്റിന്‍കര: കാറും കോളും നിറഞ്ഞ ആകാശം പോലെയാണിപ്പോള്‍ നെയ്യാറ്റിന്‍കര. ആര് വിജയിക്കും എന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ. മാറിമാറി വന്ന രാഷ്ട്രീയ വിഷയങ്ങളും സാമുദായിക ധ്രുവീകരണവുമെല്ലാം മണ്ഡലത്തിലെ സാധ്യതകള്‍ പ്രവചനാതീതമാക്കിയിരിക്കുന്നു. എന്നിട്ടും മുന്നണികള്‍ പ്രതീക്ഷ വിടുന്നില്ല.
സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കി യു.ഡി.എഫ് പ്രചാരണം നടത്തവെ യു.ഡി.എഫ് ഘടകകക്ഷിയിലുണ്ടായിരുന്ന എഫ്. ലോറന്‍സിനെയാണ് ഇടതുമുന്നണി മുന്നില്‍ നിര്‍ത്തുന്നത്. ഇത്തവണയെങ്കിലും താമര വിരിയുമെന്ന പ്രതീക്ഷയില്‍ സമുന്നതനായ നേതാവ് ഒ. രാജഗോപാലിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. ജൂണ്‍ രണ്ടിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 16 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വവും എം.എല്‍.എ സ്ഥാനവും ശെല്‍വരാജ് രാജിവെച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. രാജിക്ക് ശേഷം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ എം.എല്‍.എ സ്ഥാനം സ്വപ്നം കണ്ട പല നേതാക്കള്‍ക്കും വിഷമമുണ്ടാക്കി. എന്നിട്ടും നേതൃത്വത്തിന്‍െറ തീരുമാനം അംഗീകരിച്ച് അവരും പ്രചാരണത്തിനിറങ്ങി. എല്ലാ സാമുദായിക ഘടകങ്ങളും പരിശോധിച്ച ശേഷമാണ് അഡ്വ. എഫ്. ലോറന്‍സിനെ സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. പാറശ്ശാല ബ്ളോക്ക് പഞ്ചായത്ത്അംഗമായ ലോറന്‍സിനെ പരിഗണിച്ചപ്പോഴും ഒട്ടേറെ വിവാദങ്ങള്‍ സി.പി.എമ്മിലുമുണ്ടായി. പ്രചാരണത്തിന്‍െറ ആദ്യഘട്ടത്തില്‍ ശെല്‍വരാജിനെ പ്രതിരോധത്തിലാക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചു.
വര്‍ഗവഞ്ചകനെന്നും കാലുമാറിയെന്നും ശെല്‍വരാജിനെ ചിത്രീകരിച്ച് എല്‍.ഡി.എഫ് പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയ സാഹചര്യത്തിലാണ് ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകം നടക്കുന്നത്. സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീയത്തിനൊപ്പം ശെല്‍വരാജിന് ‘ജീവിച്ചിരിക്കുന്ന’ രക്തസാക്ഷിയുടെ പരിവേഷം കൊടുക്കാനും യു.ഡി.എഫിന് സാധിച്ചു. അതോടെ മേല്‍ക്കൈ വീണ്ടെടുക്കാന്‍ യു.ഡി.എഫിനായി. അതിനിടയില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ച വിഷയവും യു.ഡി.എഫ് മുതലാക്കി.
പിന്നാലെ, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന യു.ഡി.എഫിനെതിരായ ആയുധമായി എല്‍.ഡി.എഫിനും ബി.ജെ.പിക്കും ലഭിച്ചു. അതിലൂന്നിയുള്ള പ്രചാരണമാണ് ഇപ്പോള്‍ മണ്ഡലത്തില്‍ അവര്‍ നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെട്ട യു.ഡി.എഫിന്‍െറ വന്‍പട മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോള്‍ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും പല സന്ദര്‍ഭങ്ങളിലും കഴിയുന്നില്ല.
നാടാര്‍, നായര്‍, ഈഴവ സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡഡലത്തില്‍ സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് നേടാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും ‘അസംതൃപ്തരുടെ’ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. യു.ഡി.എഫിനെയാണ് ബി.ജെ.പി മുഖ്യശത്രുവായി കണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയിട്ടും സമുദായ സംഘടനകള്‍ നിലപാട് പ്രഖ്യാപിക്കാത്തത് മുന്നണികളെയും സ്ഥാനാര്‍ഥികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.
അതിയന്നൂര്‍, ചെങ്കല്‍, തിരുപുറം, കാരോട്, കുളത്തൂര്‍ പഞ്ചായത്തുകളും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും ചേര്‍ന്നതാണ് നെയ്യാറ്റിന്‍കര മണ്ഡലം. 1,63,000 ത്തോളം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. നിലവിലെ പഞ്ചായത്തുകളുടെ ഭരണം പരിശോധിച്ചാല്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. എന്നാല്‍ ആ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ശെല്‍വരാജ് ജയിച്ചതെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുന്നു. നിലവില്‍ അതിയന്നൂര്‍ പഞ്ചായത്ത് മാത്രമാണ് എല്‍.ഡി.എഫിന്‍െറ പക്കലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍