സാക്ഷരകേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയെക്കുറിച്ച മലയാളിയുടെ മുഴുവന്‍ കിഞ്ചനവര്‍ത്തമാനങ്ങളെയും അപ്രസക്തമാക്കുന്നതായിരുന്നു സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം ഇളകിപ്പറഞ്ഞ കിടിലന്‍ വര്‍ത്തമാനങ്ങള്‍. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസിന്റെ കൈയുംകണക്കും ആരുടെ അക്കൗണ്ടില്‍ വരവുവെക്കണമെന്ന ചര്‍ച്ച മുറുകുമ്പോഴാണ് പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്ന് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് മണി മുഴക്കിയിരിക്കുന്നത്. മാര്‍ക്സിസ്റ്റ്പാര്‍ട്ടിയെ എതിര്‍ത്ത 13 പേരുടെ പട്ടികയുണ്ടാക്കി അവരെ ഒന്നൊന്നായി തല്ലിച്ചതച്ചും കുത്തിവലിച്ചും വെടിവെച്ചും കൊന്ന കഥയാണ് പൈശാചികതയുടെ ഉന്മാദത്തിമിര്‍പ്പില്‍ മണി ഇളകിപ്പറഞ്ഞത്. രാഷ്ട്രീയപ്രതിയോഗികളെ വകവരുത്തുക തങ്ങളുടെ പതിവല്ലെന്ന വീരവാദം മുഴക്കി ചന്ദ്രശേഖരന്‍ കൊലയുടെ കേസന്വേഷണത്തിനെതിരെ സമ്മര്‍ദപ്രക്ഷോഭവുമായി സി.പി.എം ഇറങ്ങിത്തിരിച്ച സന്ദര്‍ഭത്തിലാണ് പാര്‍ട്ടി നേതൃത്വത്തിന്റെതന്നെ വായടപ്പിച്ചുകൊണ്ടുള്ള മണിയുടെ ഇളകിപ്പറച്ചില്‍.
വെട്ടും തട്ടും പതിവാക്കിയ ക്വട്ടേഷന്‍ സംഘാംഗമൊന്നുമല്ല മുണ്ടക്കല്‍ മാധവന്‍ മണി. 46 വര്‍ഷമായി പാര്‍ട്ടി അംഗത്വം വഹിക്കുന്ന, 27 വര്‍ഷമായി സംസ്ഥാനസമിതിയിലുള്ള, എട്ടു തവണ ഇടുക്കി ജില്ലാ സെക്രട്ടറിയായി റെക്കോഡിട്ട സി.പി.എം നേതാവാണ്. കണ്ടതു പറഞ്ഞും തോന്നിയതു ചെയ്തും തന്നെയാണ് പാര്‍ട്ടിയില്‍ അദ്ദേഹം ഈ നിലയെത്തിയത്; അഥവാ ആ പോക്കിന് എല്ലാകാലത്തും പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് എം.എം. മണിയുടെ വളര്‍ച്ച. എന്നിരിക്കെ, ശനിയാഴ്ച ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത് മണി നടത്തിയ പ്രസംഗത്തില്‍ ഉള്ളടങ്ങിയ കാര്യങ്ങള്‍ അങ്ങനെയങ്ങ് തള്ളിക്കളയുക സാധ്യമല്ല. പണ്ട് പറ്റാറുണ്ടായിരുന്ന നാക്കുപിഴയോ, ഹംസ മോഡല്‍ ഏറനാടന്‍ തമാശയോ ആയി തള്ളിക്കളയാവുന്ന വെറുമൊരു സ്വതസ്സിദ്ധ ശൈലീ വിശേഷമല്ല മനുഷ്യത്വമുള്ളവര്‍ക്ക് മണിയുടെ ഭീകരവര്‍ത്തമാനം. പ്രതികരണമരുതെന്നു പാര്‍ട്ടി നേതൃത്വം തീട്ടൂരമിറക്കിയ ശേഷവും തലനരച്ചവര്‍ മറുകണ്ടം ചാടുന്നതെന്തു കൊണ്ട് എന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെ മാത്രം അസ്വസ്ഥപ്പെടുത്തേണ്ട കാര്യമാണ്. ഇത്രയും പാരമ്പര്യമുള്ള ഒരു നേതാവില്‍ പോലും ഉള്ളിലുറഞ്ഞ പൈശാചികതയെ വെളിക്കു ചിന്താന്‍ ഉളുപ്പില്ലാത്തവണ്ണം മനുഷ്യത്വത്തെ മരവിപ്പിച്ചു നിര്‍ത്തുന്നത് പ്രത്യയശാസ്ത്രത്തിന്റെ ജനിതകവൈകല്യമോ അനുയായികളുടെ ആദര്‍ശവ്യതിയാനമോ എന്നതും അവര്‍ തീര്‍പ്പാക്കിക്കൊള്ളട്ടെ. എന്നാല്‍, ഈ ഹിംസ്രരാഷ്ട്രീയത്തെ പനപോലെ വളരാന്‍ വിട്ടാല്‍ നാടിന്റെ ഗതിയെന്താകും എന്ന ആപച്ഛങ്കയാണ് പച്ചമനുഷ്യരില്‍ ബാക്കിയാകുന്നത്.
രാഷ്ട്രീയരംഗത്ത് പ്രതിയോഗിയാകുന്നത്, സ്വന്തം തട്ടകത്തില്‍ മറ്റൊരു പാര്‍ട്ടിക്ക്, യൂനിയന് രൂപം നല്‍കുന്നത് കൊലവെറിക്കു മതിയായ കാരണമാണെന്നാണ് മണി പറഞ്ഞുവെച്ചത്. അത്തരക്കാരെ മൃഗീയമായി നേരിടുന്നത് അഭിമാനകരമായ കൃത്യമായാണ് അദ്ദേഹം അവതരിപ്പിച്ചത്. ചോര തുടിക്കും ചെറുകൈയുകളെ കൊത്തിയരിഞ്ഞ് കൊല്ലം 30 കഴിഞ്ഞും ആ കൊലവെറിയുടെയും 'ശവദാഹ'ത്തിന്റെയും ആവേശം കെട്ടടങ്ങാതെയും 68ലെത്തിയ ഒരു നേതാവ് കത്തിക്കയറുന്നത് എന്തിന്റെ ലക്ഷണമായാണ് കേരളം കാണേണ്ടത്? പാര്‍ട്ടി നയങ്ങളില്‍നിന്നുള്ള വ്യതിയാനമായിക്കണ്ട് ഒരു ശാസനയില്‍ തീരുന്നതാണോ ആ പ്രസ്താവന ഉയര്‍ത്തുന്ന വിഷയങ്ങള്‍? ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ അച്ചടക്കപ്രശ്നമായി മാത്രം അടക്കിപ്പിടിക്കാവുന്നതാണോ ഇത്തരം പിത്തലാട്ടങ്ങള്‍?
കക്ഷിരാഷ്ട്രീയക്കാര്‍ സ്വന്തം തട്ടകം കെട്ടിയുയര്‍ത്താന്‍ തുടങ്ങിയതു തൊട്ട് ജീവനും രക്തവും കൊണ്ടും കൊടുത്തുമുള്ള ഈ കൊലവെറി രാഷ്ട്രീയവും കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. മനുഷ്യന്റെ തലയും തെങ്ങിന്റെ കുലയും വെട്ടിനിരത്തി മുന്നേറിയ ഈ 'രാഷ്ട്രീയപ്രവര്‍ത്തനം' പക്ഷേ, ഒരു കാലത്തും അതിന്റെ ഉത്തരവാദിത്തം നേര്‍ക്കുനേര്‍ ഏറ്റെടുത്തിരുന്നില്ല. എല്ലാം പ്രാദേശിക രാഷ്ട്രീയസംഘട്ടനങ്ങള്‍ മാത്രമായി ഒതുക്കും. വേട്ടനായ്ക്കളും ഇരകളുമായി എന്നും എറിഞ്ഞുകൊടുക്കപ്പെട്ടത് ചെറുപരലുകളായിരുന്നു. കൊലക്കത്തിക്കും അതല്ലെങ്കില്‍ ജീവപര്യന്തം വരെയുള്ള കഠിനതടവിനും നാട്ടില്‍ രാഷ്ട്രീയക്രിമിനല്‍ എന്ന ചീത്തപ്പേരിനും തലവെച്ചുകൊടുക്കാനായിരുന്നു അവരുടെ യോഗം. ഏത് ബീഭത്സകൃത്യത്തിന്റെ അന്വേഷണഗതിയും വാണംപോലെ ആദ്യകുതിപ്പു കഴിഞ്ഞാല്‍ പിന്നെ പതിയെ മൂക്കുകുത്തും. ആദ്യമാദ്യം ചേരിതിരിഞ്ഞ് ഒച്ചവെക്കുന്നവര്‍ പയ്യെപ്പയ്യെ വാദിയാര്, പ്രതിയാര് എന്ന് തിരിച്ചറിയാനാവാത്ത പരുവത്തിലേക്ക് ഒന്നായിത്തീരും. ഏറ്റവുമൊടുവില്‍ കണ്ണൂരിലെ പട്ടുവത്ത് ശുക്കൂര്‍ എന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ സി.പി.എം വൈരത്തിനിരയായ സംഭവത്തിലെന്നപോലെ. പാര്‍ട്ടി കോടതിയുടെ വധശിക്ഷയായി മുസ്ലിംലീഗ് അതിനെ ഉയര്‍ത്തിക്കാട്ടിയതാണ്. എന്നിട്ടെന്ത്? യു.ഡി.എഫ് അധികാരത്തിലിരുന്നിട്ടും അഞ്ചാം മന്ത്രിയെ അരിയിട്ടു വാഴിച്ചിട്ടും സ്വന്തം അനുയായിയെ ദാരുണമായി അറുകൊല ചെയ്തവരെ പിടികൂടാന്‍ ശക്തമായി സമരരംഗത്തിറങ്ങിയ മുസ്ലിംലീഗിനെ പിന്നെയാരോ പിറകിലേക്കു കെട്ടിവലിച്ചപോലെ. ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധക്കേസിലും ഈ ആശങ്ക ഉയര്‍ന്നുകഴിഞ്ഞു, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനു ശേഷം കേസിന്റെ ഗതിയെന്താവും എന്ന്.
ഏതു രാഷ്ട്രീയ കൊലപാതകത്തെയും ചുറ്റിപ്പറ്റി ഉയരുന്ന ഈ ദുരൂഹതയാണ് ഇപ്പോള്‍ മണിയുടെ മണക്കാട് പ്രസംഗം അനാവരണം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആര്, ആര്‍ക്ക്, എന്തിനുവേണ്ടി, എങ്ങനെ സംഘടിപ്പിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരണമാണ് മണി നല്‍കിയത്. കക്ഷിരാഷ്ട്രീയ വേതാളങ്ങള്‍ നാടിനെ എങ്ങനെ നാശത്തിലേക്കു കൊണ്ടെത്തിക്കുന്നു എന്നതിന്റെ വസ്തുസ്ഥിതി വിവരം. സ്വന്തം പൈശാചികകൃത്യം ഏറ്റുപറഞ്ഞ ഈ നേതാവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും തങ്ങള്‍ കൊന്നുതള്ളിയെന്ന് അദ്ദേഹംതന്നെ 'സത്യപ്രസ്താവന'യിറക്കിയ സംഭവങ്ങളില്‍ കേസെടുത്ത് അന്വേഷിക്കുകയുമാണ് ഭരണകൂടത്തിന്റെ പ്രാഥമികബാധ്യത. നിയമം അതിന്റെ വഴിക്കു നീങ്ങട്ടെ. കേരളത്തില്‍ ഒരു നൂറു കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ച കാപാലിക രാഷ്ട്രീയഭീകരതക്കു പിന്നിലെ സത്യങ്ങളും സത്വങ്ങളും വെളിക്കു വരട്ടെ. നാട്ടുനടപ്പനുസരിച്ച് അവര്‍ ശിക്ഷിക്കപ്പെടുമെന്നു കരുതാന്‍ വയ്യ. എന്നാലും മനുഷ്യപ്പിശാചുക്കളെയും ഹിംസ്ര രാഷ്ട്രീയജീവികളെയും തിരിച്ചറിഞ്ഞ് ജനത്തിനു കരുതി നടക്കുകയെങ്കിലും ചെയ്യാമല്ലോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍