Mon, 05/28/2012 - 00:58 ( 51 weeks 5 daysago)
സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്
(+)(-) Font Size
സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്
തമിഴ്നാട് x സര്‍വീസസ്

കട്ടക്: വമ്പന്‍ ടീമുകള്‍ കലാശക്കളിക്കുമുമ്പേ ഇടറിവീണ 66ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ന് സര്‍വീസസും തമിഴ്നാടും ഏറ്റുമുട്ടും. ബരാബതി സ്റ്റേഡിയത്തില്‍ വൈകീട്ട് ആറിനാണ് കിരീടപോരാട്ടത്തിന് കിക്കോഫ്.
രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് പട്ടാളക്കാരുടെ പടയൊരുക്കമെങ്കില്‍ കന്നിക്കിരീടത്തില്‍ കണ്ണുനട്ടാണ് തമിഴ്നാട് കച്ചമുറുക്കുന്നത്. മുമ്പ് ആറു തവണ ഫൈനലിലെത്തിയ സര്‍വീസസിന് 1961ല്‍ മാത്രമാണ് കിരീടത്തില്‍ മുത്തമിടാനായത്. 1973ല്‍ ആദ്യമായി കലാശക്കളിയിലെത്തിയശേഷം തമിഴ്നാട് ഇത് രണ്ടാം തവണയാണ് ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്.
ഇരുനിരയും ഇതിനുമുമ്പ് ആറു തവണ മുഖാമുഖം കണ്ടപ്പോള്‍ നാലു തവണയും ജയം സര്‍വീസസിനൊപ്പമായിരുന്നു. 14 തവണ തമിഴ്വലയിലേക്ക് നിറയൊഴിച്ച പട്ടാളക്കാര്‍ നാലു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഏറ്റവുമൊടുവില്‍ 2008 ജൂണില്‍ ശ്രീനഗറില്‍ ഇരുനിരയും മുഖാമുഖം കണ്ടപ്പോള്‍ മലയാളിതാരം ഷാജി ഡിസില്‍വയുടെ ഹാട്രിക്കിന്റെ ബലത്തില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് സര്‍വീസസ് തമിഴ്നാടിനെ തുരത്തിയത്.
40 വര്‍ഷത്തെ ഇടവേളക്കുശേഷം കലാശക്കളിക്ക് യോഗ്യത നേടിയ തമിഴ്നാട് ഏറെ ആവേശത്തോടെയാണ് തിങ്കളാഴ്ചയിലെ കലാശക്കളിയെ സമീപിക്കുന്നത്. മുന്‍ ഇന്റര്‍നാഷനല്‍ സബീര്‍ പാഷയുടെ ശിക്ഷണത്തില്‍ ഒഡിഷയില്‍ കളത്തിലിറങ്ങുന്ന തമിഴ്നാട് 2-1ന് മണിപ്പൂരിനെ മുട്ടുകുത്തിച്ചാണ് കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. കേരളത്തിന്റെ കിരീടമോഹങ്ങള്‍ 1-2ന് തല്ലിക്കെടുത്തിയാണ് അഞ്ചു മലയാളികള്‍ ഉള്‍പ്പെട്ട സര്‍വീസസിന്റെ ഫൈനല്‍ പ്രവേശം. മലയാളിയായ വി. സജിത്കുമാറിന്റെ ശിക്ഷണത്തിലാണ് ടീം കളത്തിലിറങ്ങുന്നത്.
സന്തോഷ് ട്രോഫിയില്‍ ആദ്യമായി കളിക്കുന്നവരാണ് ഇത്തവണ തമിഴ്നാട് ടീമിലെ മിക്കവരും. തമിഴ്നാടിനു പുറത്ത് ആദ്യമായി കളിക്കാനിറങ്ങിയ പലരും ടീമിലുണ്ട്. ഇവരെ അണിനിരത്തി കെട്ടുറപ്പും പോരാട്ടവീര്യവുമുള്ള നിരയാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് സബീര്‍ പാഷക്ക് അവകാശപ്പെട്ടതാണ്. കളിക്കാരുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെ ചെറുകാര്യങ്ങളില്‍പോലും ബദ്ധശ്രദ്ധനായി പാഷ ടീമംഗങ്ങള്‍ക്ക് പ്രചോദനമേകുമ്പോള്‍ കളത്തില്‍ കോച്ചിന്റെ കണക്കുകൂട്ടലുകള്‍ക്കൊത്ത് പന്തുതട്ടി അവര്‍ പ്രതീക്ഷക്കൊത്തുയരുന്നു. മുന്‍ ദേശീയ യൂത്ത് ഡെവലപ്മെന്റ് കോച്ച് ടോം ജോസഫ് ടോളിന്റെ കീഴിലാണ് കോച്ചിങ്ങില്‍ തനിക്ക് ഉയര്‍ച്ച കൈവന്നതെന്ന് പാഷ വ്യക്തമാക്കുന്നു.
ഫൈനലില്‍ തങ്ങളേക്കാള്‍ അല്‍പം മുന്‍തൂക്കം സര്‍വീസസിനാണെന്ന് പാഷ പറയുന്നു. 'ടൂര്‍ണമെന്റിന് ഏറെ ഒരുക്കം നടത്തിയാണ് അവരെത്തിയത്. ഇരുനിരയിലെയും കളിക്കാരെ ഒറ്റക്കൊറ്റക്കെടുത്ത് താരതമ്യപ്പെടുത്തുമ്പോള്‍ സര്‍വീസസ് എന്തായാലും ജയിക്കുമെന്ന് പറയേണ്ടിവരും. തീര്‍ച്ചയായും അവര്‍ക്കുതന്നെയാണ് മുന്‍തൂക്കം. അമച്വര്‍ ടീമായ തങ്ങള്‍ സംഘടിതമായ കളി കാഴ്ചവെച്ചില്ലെങ്കില്‍ സര്‍വീസസ് ആക്രമിച്ചുകയറി തങ്ങളെ തകര്‍ത്തുവിട്ടേക്കുമെന്നും പാഷ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍, സജിത്കുമാറിന്റെ കണക്കുകൂട്ടലില്‍ തമിഴ്നാട് എന്തിനും പോന്ന എതിരാളികളാണ്. കേരളത്തിനെതിരായ സെമിയിലാണ് ടൂര്‍ണമെന്റില്‍ തങ്ങളുടെ മികച്ച കളി പുറത്തെടുത്തതെന്ന് പറയുന്ന സര്‍വീസസ് കോച്ച്, തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയെന്നതിനാണ് ഫൈനലിലും മുന്‍തൂക്കം നല്‍കുകയെന്നും വ്യക്തമാക്കി. രണ്ടു മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ ഗോളി നനാവോ സിങ്ങിന് പുറത്തിരിക്കേണ്ടിവരുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും സജിത് ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus