Mon, 05/28/2012 - 00:55 ( 51 weeks 5 daysago)
സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റ്: കോട്ടയത്തിന് ഓവറോള്‍ കിരീടം
കൊച്ചി: സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ പെണ്‍കരുത്തില്‍ കോട്ടയം ഓവറോള്‍ കിരീടം കാത്തു. യൂത്ത് അത്ലറ്റിക്സില്‍ പാലക്കാട് രണ്ടാമതും കിരീടം നേടി. എട്ട് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമടക്കം 190 പോയന്റ് നേടിയാണ് ചാമ്പ്യന്‍പട്ടം കോട്ടയം നിലനിര്‍ത്തിയത്. 10 സ്വര്‍ണം, 11 വെള്ളി, അഞ്ച് വെങ്കലം എന്നിവ ഉള്‍പ്പെടെ 157 പോയന്റുമായി എറണാകുളമാണ് രണ്ടാമത്. 101 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനം സ്വന്തമാക്കി. തിരുവനന്തപുരവും പാലക്കാടുമാണ് തൊട്ടടുത്ത്. റെക്കോഡുകളൊന്നും പിറക്കാതിരുന്ന സീനിയര്‍ മീറ്റില്‍ പോയന്റൊന്നും നേടാതെ കാസര്‍കോട് ഏറ്റവും പിന്നിലായി. മൂന്നു പോയന്റ് നേടിയ പത്തനംതിട്ടയാണ് ഇവര്‍ക്ക് മുന്നില്‍. പുരുഷ വിഭാഗത്തില്‍ എറണാകുളം മുന്നിലെത്തിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയാണ് കോട്ടയം ഓവറോള്‍കിരീട ം നേടിയത്.
യൂത്ത് അത്ലറ്റിക്സില്‍ 210 പോയന്റുമായാണ് പാലക്കാട് തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായത്. 135 പോയന്റുമായി എറണാകുളം രണ്ടാമതും 88 പോയന്റുമായി തൃശൂര്‍ മൂന്നാമതുമാണ്. 80 പോയന്റ് നേടിയ കോഴിക്കോടാണ് നാലാമത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാടാണ് മുന്നില്‍. ഇരുവിഭാഗത്തിലും എറണാകുളം രണ്ടാമതെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് 109 പോയന്റും എറണാകുളം 60 പോയന്റും തൃശൂര്‍ 54 പോയന്റും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 101 പോയന്റാണ് പാലക്കാടിന്. രണ്ടാമതെത്തിയ എറണാകുളം 75 പോയന്റും മൂന്നാമതെത്തിയ കോഴിക്കോട് 42 പോയന്റും നേടി.
യൂത്ത് അത്ലറ്റിക്സിന്റെ രണ്ടാംദിനം പിറന്നത് 17 റെക്കോഡുകളാണ്. ഇതോടെ മൊത്തം 24 റെക്കോഡുകള്‍ പിറന്നു. ഞായറാഴ്ച അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിന്റെ എ. അബ്ദുസ്സമദ് 200 മീറ്ററിലും വയനാടിന്റെ പി. അജേഷ് 110 മീറ്റര്‍ ഹര്‍ഡില്‍സിലും പുതിയ റെക്കോഡുകള്‍ സ്വന്തമാക്കി. 800 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ ട്വിങ്കിള്‍ ടോമി റെക്കോഡോടെ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ രണ്ടാമതെത്തിയ പാലക്കാടിന്റെ പി. കിഷോറും റെക്കോഡ് സമയം മറികടന്നു.
ഹൈജംപില്‍ എറണാകുളത്തിന്റെ ശ്രീനിത് മോഹന്‍ റെക്കോഡ് സൃഷ്ടിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ കെ. കാര്‍ത്തിക്കും ട്രിപ്പിള്‍ ജംപില്‍ തൃശൂരിന്റെ എം.എ. അജിത്തും റെക്കോഡിട്ടു. റെപ്റ്റാത്തലിനില്‍ തൃശൂരിന്റെ വി.ആര്‍. ജാതവേദ് 4496 പോയന്റുമായി റെക്കോഡ് തിരുത്തിക്കുറിച്ചു. ഈ ഇനത്തില്‍ ആദ്യ നാല് സ്ഥാനത്ത് എത്തിയവരും റെക്കോഡ് മറികടന്നു. മെഡലി റിലേയില്‍ തൃശൂര്‍ പുതിയ റെക്കോഡ് സ്ഥാപിച്ചപ്പോള്‍ രണ്ടാമത് എത്തിയ കോഴിക്കോടും മൂന്നാമതെത്തിയ ഇടുക്കിയും നിലവിലെ റെക്കോഡ് മറികടന്നു. 2:2.53 ആണ് തൃശൂരിന്റെ സമയം. 2000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ പാലക്കാടിന്റെ എ. സതീശും റെക്കോഡിന് ഉടമയായി.
യൂത്ത് അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 800 മീറ്ററില്‍ പി.ടി. ഉഷയുടെ ശിഷ്യ ജെസി ജോസഫ് പുതിയ റെക്കോഡ് സ്ഥാപിച്ചു. കോഴിക്കോടിന്റെ ഈ താരത്തിന് സമയം 2:12.82. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ പി. മെര്‍ലിന്‍ ഹൈജംപില്‍ എറണാകുളത്തിന്റെ അശ്വതി, ജാവലിന്‍ ത്രോയില്‍ മലപ്പുറത്തിന്റെ സി.കെ. പ്രജിത, ഹെപ്റ്റാത്തലണിന് തിരുവനന്തപുരത്തിന്റെ അമൃത, 2000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ പാലക്കാടിന്റെ എ.എസ്. സൂര്യ എന്നിവരും റെക്കോഡ് തിരുത്തി. പെണ്‍കുട്ടികളുടെ മെഡലി റിലേയില്‍ തൃശൂരും റെക്കോഡ് നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍