ഡമസ്കസ്: ശനിയാഴ്ച ഹൗല പട്ടണത്തില്‍ ഡസന്‍ കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ 92 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ പങ്കില്ലെന്ന് സിറിയന്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ ഏതെങ്കിലും ഭീകരസംഘടനക്ക് കൈയുള്ളതായാണ് സര്‍ക്കാര്‍ കരുതുന്നതെന്നും സിറിയന്‍ വിദേശകാര്യ വക്താവ് ജിഹാദ് അല്‍ മുഖദ്ദസി വ്യക്തമാക്കി. ഔദ്യോഗിക സൈന്യം നടത്തിയ വെടിവെപ്പിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് നേരത്തേ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
'സംഭാഷണത്തിലേക്ക് മടങ്ങാന്‍ പ്രതിപക്ഷം തയാറാകണം. സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തും. സിറിയ സന്ദര്‍ശിക്കുന്ന കോഫി അന്നന്റെ ദൂതനെ ഞങ്ങള്‍ സ്വാഗതം ചെയ്യും' -മുഖദ്ദസി വ്യക്തമാക്കി.
ഹൗല സംഭവം മൃഗീയ ദുരന്തമാണെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ആഭ്യന്തര കലാപത്തിലേക്കാണ് നയിക്കുകയെന്നും യു.എന്‍ നിരീക്ഷക സംഘം അധ്യക്ഷന്‍ ജനറല്‍ റോബര്‍ട്ട് മൂഡ് മുന്നറിയിപ്പു നല്‍കി.
സംഭവത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യു.എന്‍ നേതൃത്വത്തില്‍ സൈനിക നടപടികള്‍ ആരംഭിക്കണമെന്ന് പ്രതിപക്ഷ വേദിയായ ഫ്രീ സിറിയ ആര്‍മി (എഫ്.എസ്.എ) ആവശ്യപ്പെട്ടു.
യു.എന്‍ ഇടപെടാന്‍ മടിച്ചുനില്‍ക്കുന്ന പക്ഷം യു.എന്‍ സമാധാന ഫോര്‍മുലക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നും എഫ്.എസ്.എ മുന്നറിയിപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍