വടകര: രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയത് എം.എം. മണി തുറന്നു പറഞ്ഞതാണോ അതോ കൊല്ലിച്ചതാണോ, ഏതാണ് തെറ്റെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വടകര കോട്ടപ്പറമ്പില്‍ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണിയുടെ വെളിപ്പെടുത്തല്‍ നിസ്സാരമായി കണ്ടുകൂടാ. സി.പി.എമ്മിലെ പലരും ഇപ്പോള്‍ വെപ്രാളത്തിലാണ്. വെപ്രാളത്തില്‍ പലരും തുറന്നു പറയും. മണി പറഞ്ഞതും പൊലീസ് പിടിക്കാന്‍ വന്നാല്‍ വിട്ടുകൊടുക്കില്ലെന്ന് കണ്ണൂരിലെ നേതാവ് പറഞ്ഞതും അതുകൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ക്വട്ടേഷന്‍ സംഘത്തെവെച്ച് പാര്‍ട്ടി നിലനിര്‍ത്തുന്നതിനേക്കാള്‍ നല്ലത് പിരിച്ചുവിടുകയാണ്. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്തും മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും കൊലപാതകങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍, സി.പി.എം ശക്തികേന്ദ്രങ്ങളില്‍ കൊലപാതകം അടിക്കടി നടക്കുകയാണ്. പട്ടിക തയാറാക്കിയാണ് ആളുകളെ കൊല്ലുന്നത്. ക്ളാസില്‍ കയറി അധ്യാപകനെ വെട്ടിക്കൊന്നതും ഷുക്കൂറിനെ വളഞ്ഞുവെച്ച് കൊന്നതും ഇതേ രീതിയിലാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ചടങ്ങില്‍ പി.കെ.കെ. ബാവ അധ്യക്ഷത വഹിച്ചു. ആര്‍.കെ. രവിവര്‍മ, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, എം.സി. മായിന്‍ഹാജി, എം.എ. റസാഖ് മാസ്റ്റര്‍, സി.കെ. സുബൈര്‍, പി.കെ. ഫിറോസ്, നജീബ് കാന്തപുരം, സി.പി. അസീസ്, പി.വി. മുഹമ്മദ് അരീക്കോട് എന്നിവര്‍ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍