തൊടുപുഴ: പാര്‍ട്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന എം. എം. മണിയുടെ വെളിപ്പെടുത്തലുകള്‍ തള്ളിപ്പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നടപടി ശുദ്ധ തട്ടിപ്പാണെന്ന് പി.ടി. തോമസ് എം.പി. ഇതില്‍ സത്യസന്ധതയുടെ അംശം പോലുമില്ല. ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടിയെടുത്ത ചെപ്പടിവിദ്യയായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ.പി.ടി. തോമസ് ആരോപിച്ചു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
ഇടുക്കിയില്‍ നടന്ന 11 അരുംകൊലകള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. മണി അക്കമിട്ട് നിരത്തിയ കൊലപാതകങ്ങളില്‍ അയ്യന്‍ നായിഡുവിന്റെയും ബാലുവിന്റെയും കൊലപാതകങ്ങളില്‍ മാത്രമാണ് പ്രതികളെ ശിക്ഷിച്ചത്. അയ്യന്‍നായിഡു കൊലക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിച്ചതുകൊണ്ടാണ് അന്ന് പ്രതികളെ പിടികൂടിയത്. കേസിലെ പ്രധാന സാക്ഷി ആറ്റുകാട് രാമകൃഷ്ണനെ പിന്നീട് സി.പി.എമ്മുകാര്‍ വകവരുത്തി. ബാലുവിന്റെ മാതാവ് ഹൈകോടതിയെ സമീപിച്ചതിനാലാണ് നീതി ലഭിച്ചത്.
എം.എം. മണി കണക്കുകള്‍ നിരത്തി പറഞ്ഞ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വി.എസ്. അച്യുതാനന്ദനായിരുന്നതിനാല്‍ ഇതുസംബന്ധിച്ച് വി.എസ് നിലപാട് വ്യക്തമാക്കണം. 1980 -92 കാലഘട്ടത്ത് വി.എസായിരുന്നു പാര്‍ട്ടി സെക്രട്ടറി. ഈ കാലഘട്ടത്തില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ വി.എസിന്റെ അറിവോടെയാണോ നടന്നതെന്ന് വ്യക്തമാക്കണം.
അക്കാലത്ത് വി.എസിന്റെ ഏറ്റവും അടുത്ത അനുയായിയായിരുന്നു എം.എം. മണി എന്നത് ശ്രദ്ധേയമാണ്. വര്‍ഗശത്രുക്കളെ സമരത്തിലൂടെ ഉന്മൂലനം ചെയ്യുക എന്ന പാര്‍ട്ടി സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന് പ്രകാശ് കാരാട്ടും വ്യക്തമാക്കണം. സി.പി. എമ്മിനെ ഭീകരപാര്‍ട്ടിയായി പ്രഖ്യാപിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും അവരുടെ കള്ളപ്രചാരണങ്ങളില്‍ ജനങ്ങള്‍ വശംവദരാകരുതെന്നും പി.ടി. തോമസ് അഭ്യര്‍ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍