12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ടി.പി. വധം: മനോജുമായി കണ്ണൂരില്‍ തെളിവെടുപ്പ്

ചന്ദ്രശേഖരന്റെ വള്ളിക്കാട് യാത്ര അന്വേഷിക്കുന്നു

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന മീത്തലെ കുന്നോത്ത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ വടക്കയില്‍ മനോജ് (47) എന്ന ട്രൗസര്‍ മനോജുമായി പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് ചൊക്ളി, തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, വള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ തെളിവെടുത്തത്. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനെ കൊടി സുനിയുമായി പരിചയപ്പെടുത്തിയ പ്രധാന കണ്ണികളിലൊരാളാണ് ട്രൗസര്‍ മനോജ്. കെ.സി. രാമചന്ദ്രന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍വെച്ചാണ് ഇയാള്‍ കൊടി സുനിയെ ആദ്യം പരിചയപ്പെടുത്തിയത്. പരിചയപ്പെടുത്തിയ സ്ഥലം, ഗൂഢാലോചനക്കായി പല തവണ യോഗം ചേര്‍ന്ന പ്രദേശങ്ങള്‍ എന്നിവ ഇയാള്‍ പൊലീസിന് കാണിച്ചുകൊടുത്തു. സംഭവത്തില്‍ പങ്കുള്ള തലശ്ശേരി മേഖലയിലെ ചിലരുടെ പേരുകള്‍കൂടി മനോജില്‍നിന്ന് ലഭിച്ചതായി അറിയുന്നു.
കസ്റ്റഡിയിലുള്ള കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനെ പൊലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തു. ഗൂഢാലോചനയില്‍ കെ.പി. കുഞ്ഞനന്തന്‍, സി.എച്ച്. അശോകന്‍, കെ.കെ. കൃഷ്ണന്‍ എന്നിവര്‍ക്ക് നിര്‍ണായക പങ്കുള്ളതായി ഇയാള്‍ ആവര്‍ത്തിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് അറിവുള്ള കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഏതാനും നേതാക്കളുടെ പേരുകള്‍ കൂടി രാമചന്ദ്രനില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
കൊലക്കുശേഷം ക്വട്ടേഷന്‍ സംഘത്തെ രക്ഷപ്പെടുത്തിയവര്‍ക്കെല്ലാം സി.പി.എമ്മുമായി ബന്ധമുണ്ടെന്നും അക്രമികള്‍ കൊലക്ക് പിറ്റേന്ന് സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസില്‍ എത്തിയ വിവരം താനറിഞ്ഞതായും മനോജ് മൊഴി നല്‍കിയിട്ടുണ്ട്.
മേയ് നാലിന് രാത്രി ടി.പി. ചന്ദ്രശേഖരന്‍ എന്തിനാണ് വള്ളിക്കാട് ഭാഗത്തേക്ക് പോയതെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചന്ദ്രശേഖരന് അവസാനമായി വന്ന ഫോണ്‍കോള്‍ ആര്‍.എം.പി പ്രവര്‍ത്തകനായ ബാബുവിന്റേതാണ്. പാര്‍ട്ടി സംബന്ധമായ കാര്യത്തിന് വിളിച്ചുവെന്നാണ് ബാബു പൊലീസിനോട് പറഞ്ഞത്.
ചന്ദ്രശേഖരന്‍ വള്ളിക്കാട് ഭാഗത്തേക്ക് പോകുന്ന വിവരം രഹസ്യമാക്കിവെച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ട്രാവല്‍ ഏജന്‍സി ഉടമയും ലീഗ് പ്രവര്‍ത്തകനുമായ ജാഫര്‍ എന്നയാളോട് തനിക്ക് അത്യാവശ്യമായി വള്ളിക്കാട് വഴി പോകണമെന്ന് പറഞ്ഞിരുന്നു. ചന്ദ്രശേഖരന്‍ പല വഴികളിലൂടെയാണ് വീട്ടിലേക്ക് പോയിരുന്നത്. നാട്ടിലെ എന്ത് കാര്യത്തിനും ഓടിയെത്തുന്ന ആളായതിനാല്‍ വള്ളിക്കാട് വഴിയുള്ള യാത്രയില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com