12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

നാല് പാലങ്ങളുടെ നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കും

കൊച്ചി: ഗോശ്രീ ദ്വീപ് വികസന അതോറിറ്റി മൂലമ്പിള്ളിയില്‍നിന്ന് ചാത്തനാട് വരെ നിര്‍മിക്കുന്ന നാലുവരിപ്പാതയിലെ നാലു പാലങ്ങളുടെ നിര്‍മാണം ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്‍പ്പിക്കാന്‍ ജിഡ (ഗോശ്രീ ഐലന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി) ചെയര്‍മാനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഏപ്രിലില്‍ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍െറ നേതൃത്വത്തില്‍ പ്രദേശം സന്ദര്‍ശിച്ച് പദ്ധതി ഏറ്റെടുക്കാമെന്ന് തത്ത്വത്തില്‍ സമ്മതിച്ചിരുന്നതായി സെക്രട്ടറിയായ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് യോഗത്തെ ധരിപ്പിച്ചു. പദ്ധതിക്ക് അനുവദിക്കുന്ന തുകയുടെ എട്ടു ശതമാനം വകുപ്പുതല ഫീസായി ഡി.എം.ആര്‍.സിക്ക് അനുവദിക്കാമെന്ന വ്യവസ്ഥയില്‍ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി.
പദ്ധതിയെ പോര്‍ട്ട് കണക്ടിവിറ്റിയായി പ്രഖ്യാപിക്കുന്നത് മറ്റ് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഗുണമാകുമെന്ന് എസ്. ശര്‍മ എം.എല്‍.എ പറഞ്ഞു. ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പകരം ഭൂമി വികസിപ്പിക്കുന്നതിന് അനുവാദം നല്‍കുമെന്ന ധാരണയിലാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കൂടുതല്‍ സ്ഥലം ജിഡ ഏറ്റെടുക്കുന്നത് ഭാവിയില്‍ കൂടുതല്‍ വരുമാനത്തിന് സാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറുങ്കോട്ടയെ വടുതലയുമായി ബന്ധിപ്പിച്ച് പാലം നിര്‍മിക്കാന്‍ യോഗം തത്ത്വത്തില്‍ അനുമതി നല്‍കി. ഇതുസംബന്ധിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിലവില്‍ ദ്വീപ് ജിഡയില്‍ ഇല്ലാത്ത അവസ്ഥയില്‍ ഇത് ഉള്‍പ്പെടുത്താന്‍ നിയമഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പദ്ധതിക്ക് ഏഴു കോടിയാണ് വേണ്ടിവരിക. ഇതിനകം കേന്ദ്രമന്ത്രി കെ.വി. തോമസ് എം.പി ഫണ്ടില്‍നിന്ന് 2.5 കോടിയും ഹൈബി ഈഡന്‍ എം.എല്‍.എ 50 ലക്ഷം രൂപയും പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി തുക വിവിധ ഏജന്‍സികളില്‍നിന്ന് സ്വരൂപിക്കാനാവുമെന്ന് കലക്ടര്‍ പറഞ്ഞു.
ജിഡയുടെ കീഴിലെ കുടിവെള്ളപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിച്ചതിലും കാലതാമസം വരുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റിയില്‍ പണം മുന്‍കൂര്‍ കെട്ടിവെച്ച് ചെയ്യുന്ന ഇത്തരം പദ്ധതികള്‍ വൈകുന്നത് ശരിയല്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതോറിറ്റിയിലെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ടിടപെടണമെന്നും എം.എല്‍.എമാരുള്‍പ്പെടെയുള്ളവര്‍ ആവശ്യമുന്നയിച്ചു. അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 13ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുളവുകാട് പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലസംഭരണി നിര്‍മിക്കാന്‍ ജിഡ ഫണ്ടനുവദിക്കും. ജലഅതോറിറ്റിയുടെ കീഴില്‍ രണ്ട് ജലസംഭരണി നിര്‍മിക്കാനുള്ള പദ്ധതി നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണിത്. നിലവിലെ ടാങ്ക് 60 വര്‍ഷം പഴക്കമുള്ളതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. ജിഡയിലെ എല്ലാ പഞ്ചായത്തുകള്‍ക്കും ഭവന നിര്‍മാണത്തിന് അനുവദിച്ച 50 ലക്ഷം രൂപ വീതമുള്ള ഫണ്ട് റോഡ് നിര്‍മാണത്തിന് മാറ്റി നല്‍കും. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടര്‍ന്ന് അവരുടെ പ്രമേയത്തിന്‍െറ അടിസ്ഥാനത്തില്‍ തുക മാറ്റിനല്‍കാവുന്നതാണെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു.
കളമശേരിയില്‍നിന്നാരംഭിക്കുന്ന കണ്ടെയ്നര്‍ റോഡിനോട് ചേര്‍ന്ന സര്‍ക്കാര്‍ ഭൂമി ജിഡ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍ദേശിച്ചു. അല്ലെങ്കില്‍ വലിയ കൈയേറ്റത്തിന് സാധ്യതയുണ്ടാകുമെന്നും അത്തരം സ്ഥലങ്ങള്‍ ഏറ്റെടുത്ത് വരുമാനദായകമായ പദ്ധതികള്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിനിലെ എട്ട് സമാന്തര പാലങ്ങളുടെയും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 1.30 കോടി അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പദ്ധതിയിലെ കാലതാമസം സൂചിപ്പിച്ചതിനെത്തുടര്‍ന്നാണിത്. ഫോര്‍ട്ട് വൈപ്പിനിലേക്കും പദ്ധതിവിഹിതം അനുവദിക്കണമെന്ന് ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മേയര്‍ ടോണി ചമ്മണി, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com