കൊച്ചി: പ്രതിരോധ വകുപ്പിന് നല്‍കാന്‍ 1000 ഏക്കര്‍ സ്ഥലം കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ, ഉരുളന്‍തണ്ണി മേഖലയില്‍ കണ്ടെത്തുമെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. എന്‍.എ.ഡിക്ക് ഇത്രയും സ്ഥലം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദേശം ലഭിച്ചതായും അദ്ദേഹം ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. പൂയംകുട്ടിയിലെ വാരിയംകുടിയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാനും ഉരുളന്‍തണ്ണിയില്‍ സ്ഥലം കണ്ടെത്തും. തോട്ടം മേഖലയില്‍ സ്ഥലം കണ്ടെത്താനാണ് ശ്രമമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ പദ്ധതികള്‍ മന്ത്രിസഭാ വാര്‍ഷികത്തിന്‍െറ ഭാഗമായി ഉദ്ഘാടനം ചെയ്യും. കോട്ടപ്പടി-നേര്യമംഗലം ഹില്‍ ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിന് ശേഷം തുടങ്ങും. ആനക്കയം പാലത്തിന്‍െറ നിര്‍മാണത്തിന് വനം വകുപ്പിന്‍െറ അനുമതി തേടിയിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. കോതമംഗലം ഇരുമലപ്പടിയില്‍ റോഡ് വളവ് നേരെയാക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തട്ടേക്കാട് പെരിയാര്‍ തടാകത്തില്‍ ബോട്ട് സര്‍വീസിന് അനുമതി നല്‍കുമ്പോള്‍ ജലസേചന വകുപ്പിന്‍െറ അഭിപ്രായം ആരായണമെന്ന് വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. ഭൂതത്താന്‍കെട്ട് ബാരേജിന്‍െറ ചുമതലയുള്ള ജലസേചന വകുപ്പിന് ഇക്കാര്യത്തില്‍ നിയന്ത്രണാധികാരം നല്‍കിയില്ലെങ്കില്‍ അപകടസാധ്യത ഒഴിവാക്കാനാകില്ല. തുറമുഖ വകുപ്പിന്‍െറ ലൈസന്‍സോടെ ഒരു ബോട്ട് തടാകത്തില്‍ സര്‍വീസിനിറക്കിയിട്ടുണ്ട്. ഇതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായിട്ടില്ലെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.
മൂവാറ്റുപുഴ ബൈപാസില്‍ തങ്കളം - കോഴിപ്പിള്ളി ഭാഗത്തെ റോഡ് നിര്‍മാണത്തിന് പൊതുമരാമത്ത്, സര്‍വേ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ടി.യു. കുരുവിള എം.എല്‍.എ നിര്‍ദേശിച്ചു. കോതമംഗലം മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് നല്‍കിയ കരാര്‍ റദ്ദാക്കാനോ അല്ലെങ്കില്‍ നിലവിലെ നിരക്ക് വര്‍ധിപ്പിക്കാനോ നടപടി വേണം. റോഡ് കൈയേറ്റം വര്‍ധിച്ചുവരികയാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. കോതമംഗലം, മൂവാറ്റുപുഴ മേഖലയില്‍ സ്വകാര്യ ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി ട്രിപ്പ് മുടക്കുന്നുണ്ടെന്ന പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു. ശബരിമല സര്‍വീസിന് പോയ ബസുകളെല്ലാം അതത് കേന്ദ്രങ്ങളില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ആലുവ പട്ടണത്തിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തും വെള്ളക്കെട്ട് ഒഴിവാക്കാന്‍40 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനത്തിന് എസ്റ്റിമേറ്റായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കലൂര്‍ പൊറ്റക്കുഴി ഭാഗത്ത് ഓട നിര്‍മാണത്തിനും നടപടിയുണ്ട്.
പൊതുനിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എന്നാല്‍, ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്ന സാഹചര്യമാണ്. പൊലീസിന്‍െറ സഹായത്തോടെ ഇതിനെതിരെ നടപടി സ്വീകരിക്കും. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപൈ്ള ഓഫിസര്‍ അറിയിച്ചു. അല്ലാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച പരിശോധന താലൂക്ക് തലത്തില്‍ നടക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍