വാടാനപ്പള്ളി: ‘കുടിവെള്ളം അല്ലെങ്കില്‍ മരണം’ എന്ന ആവശ്യവുമായി ഏങ്ങണ്ടിയൂര്‍ കടപ്പുറം ദ്വീപ് വാസികള്‍ തിങ്കളാഴ്ച മുതല്‍ വാടാനപ്പള്ളി വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. മൂന്നുമാസമായി കുടിവെള്ളം കിട്ടാത്തതിലും അധികൃതര്‍ക്ക് നല്‍കിയ നിവേദനം അവഗണിച്ചതിലും പ്രതിഷേധിച്ചാണ് സമരം . വീട്ടമ്മമാരും കുട്ടികളടക്കം കുടിവെള്ളം കിട്ടും വരെ സമരം തുടരാനാണ് തീരുമാനമെന്ന് സമരസമിതി അറിയിച്ചു.
നേരത്തെ നടന്ന പ്രക്ഷോഭം മൂലം ഏതാനും ദിവസം കുടിവെള്ളം കിട്ടിയിരുന്നു. പിന്നീട് അതുനിലച്ചു. മൂന്നുമാസമായി ഒരു തുള്ളിവെള്ളം ലഭിക്കുന്നില്ല. രണ്ടാഴ്ചമുമ്പ് ദ്വീപില്‍ എത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ വീട്ടമ്മമാര്‍ നാലരമണിക്കൂര്‍ തടഞ്ഞുവെച്ചിരുന്നു. അടുത്തദിവസം ചര്‍ച്ച നടത്തുമെന്ന ഉറപ്പില്‍ പൊലീസ് സാന്നിധ്യത്തിലാണ് വിട്ടയച്ചത്.
അടുത്തദിവസം നടന്ന ചര്‍ച്ചയില്‍ കടപ്പുറത്തേക്ക് മാത്രമായി വാല്‍വ് തുറന്ന് വെള്ളം വിടുമെന്നും പൈപ്പിന്‍െറ വ്യാസം വര്‍ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നു. പൈപ്പിന്‍െറ തുക ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് വാട്ടര്‍ അതോറിറ്റി ഓഫിസില്‍ അടക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ഉറപ്പ് പാലിച്ചില്ല. വെള്ളം കിട്ടാതെ ദ്വീപ് നിവാസികള്‍ വലഞ്ഞതോടെയാണ് സമരത്തിന് തീരുമാനിച്ചത്. കുടിവെള്ളം ഇല്ലെങ്കില്‍ മരണം എന്ന നിലപാടോടെയാണ് സമരമെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ സമരം ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍