12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

തലശ്ശേരി, ഹോസ്ദുര്‍ഗ് താലൂക്കുകള്‍ പരിസ്ഥിതി ദുര്‍ബല പട്ടികയില്‍

കാസര്‍കോട്: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിന് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മാധവ് ഗാഡ്ഗില്‍ സമിതി കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വടക്കേ മലബാറിലെ തലശ്ശേരി, ഹോസ്ദുര്‍ഗ് താലൂക്കുകള്‍ പരിസ്ഥിതി ദുര്‍ബല പട്ടികയില്‍. അഞ്ച് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളുടെ പരിധിയില്‍വരുന്ന താലൂക്കുകളില്‍ കേരളത്തിലെ 25 താലൂക്കുകള്‍ ദുര്‍ബല പട്ടികയിലാണ്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെ സംരക്ഷിത മേഖല, വളരെയേറെ ദുര്‍ബലം (ഇ.എസ്.സെഡ് 1), വളരെ ദുര്‍ബലം (ഇ.എസ്.സെഡ് 2), മിതമായ തോതില്‍ ദുര്‍ബലം (ഇ.എസ്.സെഡ് 3)എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. ഇതില്‍ കണ്ണൂര്‍ ജില്ലയിലുള്‍പ്പെട്ട തലശ്ശേരി താലൂക്ക് വളരെയേറെ ദുര്‍ബല മേഖലയിലും കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് താലൂക്ക് മിതമായ ദുര്‍ബല മേഖലയിലുമാണ്.
കാസര്‍കോടിനോട് തൊട്ടുകിടക്കുന്ന കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ നിന്ന് ബെല്‍ത്തങ്ങാടി, സുള്ള്യ, പുത്തൂര്‍ താലൂക്കുകളും പരിസ്ഥിതി ദുര്‍ബല പട്ടികയിലുണ്ട്. പഠനത്തിന്‍െറ ഭാഗമായി ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്നും പരിസ്ഥിതി സംഘടനകളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ചിരുന്നു. ഇങ്ങനെ ക്രോഡീകരിച്ച അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ ഇക്കോളജിക്കലി സെന്‍സിറ്റീവ് ലൊക്കാലിറ്റീസ് (ഇ.സി.എല്‍)എന്ന മറ്റൊരു പട്ടികയും തയാറാക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് വൈതല്‍മല, കാസര്‍കോട് നിന്ന് മണ്ടക്കോല്‍, പനത്തടി എന്നീ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉത്തര കേരളത്തിലും ദക്ഷിണ കര്‍ണാടകയിലും വന്‍ തോതിലുള്ള ചെങ്കല്‍ ഖനനം ഇവിടങ്ങളിലെ പരമ്പരാഗത ജലസേചന മാര്‍ഗമായ ‘സുരംഗ’ങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
നേത്രാവതി, ചന്ദ്രഗിരി, വളപട്ടണം പുഴകള്‍ ചെങ്കല്‍ കുന്നുകളില്‍ നിന്നുള്ള നീരൊഴുക്കിനാലാണ് ജല സമൃദ്ധമാകുന്നതെന്നും ഖനനം നദികളെ ശോഷിപ്പിക്കുന്നതായും റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. ഈ മേഖലയില്‍ പുഴകളിലെ വ്യാപക മണലൂറ്റ് പരിസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. ചില പുഴകളിലെ ജലനിരപ്പ് കടല്‍ നിരപ്പിനേക്കാള്‍ താഴ്ന്ന് ഉപ്പുവെള്ളം കയറുന്ന സ്ഥിതിയുണ്ട്.
ഇതുകാരണം പുഴത്തീരത്തുള്ള പഞ്ചായത്തുകളില്‍ പോലും കുടിവെള്ള പദ്ധതികള്‍ക്കായി പണം ചെലവഴിക്കേണ്ടി വരുന്നു.
പശ്ചിമഘട്ടം സംരക്ഷിക്കാന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയ അനേകം നിര്‍ദേശങ്ങളില്‍ വനം നിലനിര്‍ത്താന്‍ കൂട്ടായ ശ്രമങ്ങള്‍ വേണ്ടതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ നാഗരിക സേവാ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന വനംവകുപ്പുമായി ചേര്‍ന്ന് കുന്ദാപുര ഡിവിഷനില്‍ 100 ഗ്രാമീണ വന സംരക്ഷണ കമ്മിറ്റികള്‍ രൂപവത്കരിച്ചത് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. കാസര്‍കോട് ജില്ലയിലടക്കം സുരംഗങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ചും 522 പേജുള്ള റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com