കണ്ണൂര്‍: കലക്ടറേറ്റില്‍ തുടങ്ങിയ പൊതുജന പരാതി പരിഹാര സെല്ലിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ജില്ലയിലെ മുഴുവന്‍ വകുപ്പുകളുടെയും സമയബന്ധിതമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് കലക്ടര്‍ രത്തന്‍ഖേല്‍ക്കര്‍.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കലക്ടറേറ്റില്‍ ലഭിക്കുന്ന പരാതികള്‍ക്ക് നിശ്ചിത സമയത്തിനകം മറുപടി നല്‍കേണ്ടതുണ്ട്. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ മറുപടി തരുകയും പരാതിക്കാരനെ അറിയിക്കുകയും ചെയ്താല്‍ മാത്രമേ നടപടിക്രമം പൂര്‍ത്തിയാവുകയുള്ളൂ. കലക്ടറേറ്റില്‍ നിന്ന് ലഭിക്കുന്ന കത്തുകള്‍ക്ക് കൃത്യസമയത്ത് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം -കലക്ടര്‍ പറഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കോളനി സന്ദര്‍ശനം ഫലപ്രദമാണെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുമുള്ള നടപടികള്‍ നടന്നുവരുകയാണെന്ന് ജില്ലാ ലേബര്‍ ഓഫിസറുടെ പ്രതിനിധി അറിയിച്ചു. തൊഴിലുടമകള്‍ക്കും മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും നിര്‍ദിഷ്ട മാതൃകയിലുള്ള ഫോറം അയച്ചിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും പരിശോധനകള്‍ നടക്കുന്നുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.
പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍,ആണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ ചെമ്പുകാവ്, കോളയാട് എന്നീ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ആരാഞ്ഞു. സ്ഥലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും നടപടിയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നടത്തുന്ന പ്രവൃത്തികളുടെ അവലോകന യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. ദാരിദ്ര്യ ലഘൂകരണ വകുപ്പ്, വാട്ടര്‍ അതോറിറ്റി,പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയുടെ പ്രവൃത്തികളും റേഷന്‍ വിതരണത്തിലെ പ്രശ്നങ്ങളും യോഗം ചര്‍ച്ചചെയ്തു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, എ.ഡി.എം എന്‍.ടി. മാത്യു, ജില്ലാ പ്ളാനിങ് ഓഫിസര്‍ അജയകുമാര്‍ മീനോത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ വകുപ്പുതല പ്രതിനിധികളും സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍