12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

സ്കൂള്‍ ഡ്രൈവര്‍മാര്‍ക്ക് മിനിമം വേതനം നല്‍കണം

കല്‍പറ്റ: ജില്ലയിലെ സ്കൂള്‍ ബസ് ഡ്രൈവര്‍മാരുടെ സംഘടന ‘സ്കൂള്‍ ബസ് ഡ്രൈവേഴ്സ് അസോസിയേഷന്‍’ രൂപവത്കരിച്ചു. ജോലിസ്ഥിരതയും മാന്യമായ വേതനവും ഇല്ലാതെ സ്കൂള്‍ ഡ്രൈവര്‍മാര്‍ ദുരിതത്തിലാണെന്നും 6000 രൂപ വേതനം നല്‍കാന്‍ നടപടിവേണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ 460 ഡ്രൈവര്‍മാരുണ്ട്. സംസ്ഥാനത്തെ 16,000ഓളം വരുന്ന സ്കൂള്‍ ഡ്രൈവര്‍മാരെ മൊത്തം അണിനിരത്തി സംഘടന വിപുലപ്പെടുത്തും. 12 മാസത്തെയും ഫീസ് കുട്ടികളില്‍നിന്ന് സ്കൂളുകള്‍ ഈടാക്കുന്നുണ്ടെങ്കിലും എല്ലാ മാസവും ഡ്രൈവര്‍മാര്‍ക്ക് വേതനം ലഭിക്കുന്നില്ല. പ്രത്യക്ഷത്തില്‍ രാവിലെയും വൈകുന്നേരവും മാത്രമേ ജോലിയുള്ളൂവെങ്കിലും എട്ട് മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നുണ്ട്. എന്നാല്‍, ദിവസം 80 മുതല്‍ നൂറുരൂപ വരെയാണ് കൂലി ലഭിക്കുന്നത്.
വേതനം കൂട്ടിനല്‍കണമെന്നാവശ്യപ്പെടുന്നവരെ മാനേജ്മെന്‍റ് പിരിച്ചുവിട്ട് പുതിയവരെ നിയമിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷം മാത്രം ഡ്രൈവിങ് പരിചയമുള്ളവരെയാണ് ഇങ്ങനെ നിയമിക്കുന്നത്. ഇത് അപകടം വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. പത്തു വര്‍ഷം പരിചയമുള്ളവരെ മാത്രമേ സ്കൂള്‍ ബസുകളില്‍ നിയമിക്കാന്‍ പാടുള്ളൂവെന്നാണ് ചട്ടം.
അസുഖം വന്ന് പെട്ടെന്ന് ജോലിക്ക് ഹാജരാകാന്‍ പറ്റുന്നില്ലെങ്കില്‍ പകരക്കാരെ ഡ്രൈവര്‍മാര്‍ തന്നെ നിയോഗിക്കേണ്ട അവസ്ഥയാണിപ്പോള്‍. കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറക്കാന്‍ മാനേജ്മെന്‍റുകള്‍ നിര്‍ബന്ധിക്കുന്നത് അപകടത്തിന് ഇടവരുത്തുന്നുണ്ട്.
റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രം ഡ്രൈവര്‍മാരായി നിയമിക്കുക, വര്‍ഷാവര്‍ഷം പത്തുശതമാനം ഇന്‍ക്രിമെന്‍റ് നല്‍കുക, ഉത്സവകാല ബത്ത നല്‍കുക, പി.ടി.എ യോഗങ്ങളില്‍ ഡ്രൈവര്‍മാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുക, സ്കൂളിന്‍െറയോ രക്ഷാകര്‍ത്താക്കളുടെയോ പ്രതിനിധിയെ ബസുകളില്‍ അയക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് അസോസിയേഷന്‍ സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രസിഡന്‍റ് കെ.എം. ജോസഫ്, സെക്രട്ടറി കെ.ഡി. സുധീര്‍, ട്രഷറര്‍ ടി.പി. ജമാല്‍, കെ. ഉമ്മര്‍കുട്ടി, കെ.എം. മൊയ്തു, എം.എം. ഷാഫി, എം. ഹുസൈന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com