കൊച്ചി: വി.ആര്‍. കൃഷ്ണയ്യരെ കാണാന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി ‘സദ്ഗമയ’യിലെത്തി. നേരില്‍ക്കണ്ട് സംസാരിക്കണമെന്ന കൃഷ്ണയ്യരുടെ ആഗ്രഹം മാനിച്ചാണ് ആന്‍റണി ശനിയാഴ്ചയെത്തിയത്. വിവിധ പരിപാടികള്‍ക്ക് കൊച്ചിയിലെത്തിയ എ.കെ. ആന്‍റണിയെ കാണാന്‍ ഗെസ്റ്റ് ഹൗസിലേക്ക് പോകാനൊരുങ്ങിയ ജസ്റ്റിസ് കൃഷ്ണയ്യരെ വീട്ടില്‍ വന്ന് കണ്ടുകൊള്ളാമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. ഉച്ചക്ക് ഒന്നിന് ‘സദ്ഗമയ’യിലെത്തിയ ആന്‍റണി ‘സ്വാമിയേ...’ എന്ന് നീട്ടിവിളിച്ചാണ് കടന്നുവന്നത്. അങ്ങോട്ട് വന്നുകാണാമെന്ന് പറഞ്ഞത് ഏറെ സങ്കടമുണ്ടാക്കിയെന്ന് ആന്‍റണി പറഞ്ഞപ്പോള്‍ ‘താങ്കള്‍ രാജ്യത്തെയാകെ സംരക്ഷിക്കുന്ന പ്രതിരോധമന്ത്രിയാണല്ലൊ. അത് താന്‍ കണക്കാക്കേണ്ടെ’എന്നായിരുന്നു കൃഷ്ണയ്യരുടെ മറുപടി. പിന്നീട്, കേന്ദ്ര സെക്രട്ടേറിയറ്റിന്‍െറ ശ്രദ്ധയില്‍കൊണ്ടുവരേണ്ട വസ്തുതകള്‍ അടങ്ങിയ ഫയല്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ എ.കെ. ആന്‍റണിയെ ഏല്‍പ്പിച്ചു. നേരത്തേ തിരുവനന്തപുരത്തെ വീട്ടിലെത്തി ആന്‍റണിയെ കണ്ടതിന്‍െറ ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചു. പിന്നീട്, ചുമരില്‍ വെച്ചിരുന്ന നെഹ്റുവിന്‍െറ ഫോട്ടോയെക്കുറിച്ചായി സംസാരം. ഇവിടെ മുഴുവന്‍ നെഹ്റുവാണല്ലോ എന്ന് ആന്‍റണിയുടെ കമന്‍ഡ്. താന്‍ ഒരു നെഹ്റു ആരാധകനാണ് എന്നായിരുന്നു കൃഷ്ണയ്യരുടെ മറുപടി.
അധികം വൈകാതെ കൃഷ്ണയ്യരുടെ അനുഗ്രഹം വാങ്ങി ആന്‍റണി ‘സദ്ഗമയ’യില്‍ നിന്നിറങ്ങി. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ അഭിപ്രായം ആരാഞ്ഞ് വളഞ്ഞ മാധ്യമപ്പടയോട് ‘രാഷ്ട്രീയം പറയില്ല, 29 ന് നെയ്യാറ്റിന്‍കരയില്‍ കാണാം’എന്ന് പറഞ്ഞൊഴിഞ്ഞ് നേരെ കാറിലേക്ക് കയറി. കേന്ദ്രഭക്ഷ്യമന്ത്രി കെ.വി. തോമസും എ.കെ. ആന്‍റണിക്കൊപ്പമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍