Sun, 05/27/2012 - 00:22 ( 1 year 3 weeksago)
കിരീടത്തോടെ മടക്കം, ബാഴ്സക്കും പെപ്പിനും
(+)(-) Font Size
കിരീടത്തോടെ മടക്കം, ബാഴ്സക്കും പെപ്പിനും

മഡ്രിഡ്: തിരിച്ചടികളുടെ സീസണിനൊടുവില്‍ ബാഴ്സയെതേടി വിജയത്തിന്റെ മധുരം. ഒപ്പം, നാലു വര്‍ഷത്തിനിടെ ടീമിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച പ്രിയ കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് വിജയാഹ്ലാദത്തില്‍ മുങ്ങിയ യാത്രയയപ്പും.
സ്പാനിഷ് കിങ്സ് കപ്പ് ഫൈനലില്‍ അത്ലറ്റിക് ബില്‍ബാവോയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. ഇതോടെ, ബാഴ്സലോണയെന്ന വിഖ്യാത ടീമില്‍ പെപ് ഗ്വാര്‍ഡിയോള എന്ന പരിശീലകന്റെ യുഗത്തിനും അന്ത്യമായി. സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രിഡിനോടും ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയോടുമേറ്റ തോല്‍വിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനമാണ് ഗ്വാര്‍ഡിയോള പരിശീലക സ്ഥാനത്തുനിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചത്.
ചെല്‍സിക്കും റയലിനുമെതിരായ മത്സരങ്ങളില്‍ കണ്ട ക്ഷീണിതരായ ടീമായിരുന്നില്ല വെള്ളിയാഴ്ച അത്ലറ്റിക്കിനെതിരെ കളത്തിലിറങ്ങിയത്. മത്സരത്തിന് തൊട്ടുമുമ്പ് ബെഞ്ചിലെത്തിയ ഗ്വാര്‍ഡിയോള അങ്ങേയറ്റം ആവേശഭരിതനായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ ബാഴ്സയുടെ ആക്രമണം അത്ലറ്റിക്കിന്റെ ഗോള്‍മുഖത്ത് തമ്പടിച്ചു. മൂന്ന് മിനിറ്റിനകംതന്നെ പെഡ്രോ ടീമിനെ മുന്നിലെത്തിച്ചു.
തുടര്‍ന്ന് പന്തടക്കത്തിന്റെ മാസ്മരിക ഫുട്ബാളാണ് ബാഴ്സ കാഴ്ചവെച്ചത്. നീണ്ട നേരം പന്ത് കൈവശം വെച്ചു; എതിരാളികള്‍ പിടിച്ചെടുത്തപ്പോഴൊക്കെ അതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുപിടിച്ചു. 25 മിനിറ്റിനകം അത്ലറ്റിക്കിന്റെ കഥ കഴിഞ്ഞു. ആന്ദ്രേ ഇനിയസ്റ്റയുടെ അതിമനോഹരമായ പാസ് വലതുകാലില്‍ സ്വീകരിച്ച് ടൈറ്റ് ആംഗിളില്‍ വലയിലേക്ക് നിറയൊഴിച്ച ലയണല്‍ മെസ്സിയാണ് 20ാം മിനിറ്റില്‍ ബാഴ്സക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. 25ാം മിനിറ്റില്‍ പെഡ്രോ അത്ലറ്റിക്കിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു. 26ാം തവണയാണ് ബാഴ്സ കിങ്സ് കപ്പ് സ്വന്തമാക്കുന്നത്.
ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലഘട്ടങ്ങളിലൊന്നിനാണ് ഗ്വാര്‍ഡിയോളയുടെ പരിശീലനകാലം സാക്ഷ്യംവഹിച്ചത്. അദ്ദേഹത്തിന്റെ കീഴില്‍ ടീം സ്വന്തമാക്കുന്ന 14ാമത് കിരീടവുമാണിത്. സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ളബ് ലോക കപ്പ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. നാല് വര്‍ഷം മുമ്പ് മറ്റൊരു കിങ്സ് കപ്പ് ഫൈനലില്‍ അത്ലറ്റിക്കിനെ 4-1ന് തോല്‍പിച്ചാണ് പെപ് തന്റെ ജൈത്രയാത്രക്ക് തുടക്കമിട്ടത്. അത്ലറ്റിക്കിനെതന്നെ ഒരിക്കല്‍ക്കൂടി തോല്‍പിച്ച് ആ യാത്രക്ക് വിരാമമിടുകയും ചെയ്തു.
മത്സരശേഷം താരങ്ങള്‍ ഗ്വാര്‍ഡിയോളക്ക് വീരോചിത യാത്രയയപ്പ് നല്‍കി. വായുവിലേക്ക് എടുത്തെറിഞ്ഞാണ് അവര്‍ തങ്ങളുടെ പരിശീലകന് വിട നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus