Sun, 05/27/2012 - 00:23 ( 51 weeks 4 daysago)
ചെന്നൈ: രണ്ടുമാസത്തോളം നീണ്ടുനിന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശത്തിന് ഞായറാഴ്ച ചെപ്പോക്കില്‍ കൊട്ടിക്കലാശം. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി നയിക്കുന്ന ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്സും നിരവധി മത്സരങ്ങളില്‍ ദേശീയ ടീമിന്റെ കപ്പിത്താനായിരുന്ന ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും അഞ്ചാം സീസണിലെ കിരീടം തേടി ഇറങ്ങുന്നു. തുല്യശക്തികളുടെ പോരാട്ടമായതിനാല്‍ അല്‍പം മുന്‍തൂക്കം പോലും ആര്‍ക്കും കല്‍പിക്കാനാവാത്ത സ്ഥിതിയാണ് ഫൈനലിന്.
കന്നിക്കിരീടംതേടി കൊല്‍ക്കത്ത
തകര്‍പ്പന്‍ വിജയങ്ങളുടെ പിന്‍ബലത്തില്‍ അനായാസം പ്ലേ ഓഫില്‍ കടന്ന ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പ്രാഥമിക റൗണ്ടില്‍ 16ല്‍ 10ഉം ജയിച്ചപ്പോള്‍ നഷ്ടമായത് അഞ്ച് കളികള്‍ മാത്രം, ഒന്ന് മഴയെടുത്തു. ഒന്നാം ക്വാളിഫയറില്‍ ദല്‍ഹിയെ 18 റണ്‍സിന് വീഴ്ത്തിയ ഗംഭീര്‍ സംഘത്തിന് ചരിത്രത്തിലാദ്യമായി ഫൈനലില്‍ കളിക്കാനും അവസരം കിട്ടി.
2011ല്‍ പ്ലേ ഓഫില്‍ പ്രവേശിച്ചത് മാത്രമാണ് ഷാരൂഖ് ഖാന്റെ ടീമിന്റെ ഇതുവരെയുള്ള കേമന്‍ പ്രകടനം. ബാക്കി സീസണുകളിലെല്ലാം ഏറ്റവും പിറകിലായിരുന്നു അവര്‍. എന്നാല്‍, ഇക്കുറി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആരംഭം മുതല്‍ കരുത്തുകാട്ടിയ കൊല്‍ക്കത്തക്കാര്‍ ക്വാളിഫയറും നേടി കലാശക്കളിക്കൊരുങ്ങിയിരിക്കുകയാണ്. ജയിച്ചാല്‍ നൈറ്റ് റൈഡേഴ്സിന്റെ ഷെല്‍ഫിലേക്ക് ആദ്യമായി ഐ.പി.എല്‍ ട്രോഫി എത്തും.
കളിക്കാരെ താരതമ്യം ചെയ്താല്‍ ചെന്നൈയേക്കാള്‍ ഒരുപടി മുന്നിലാണ് കൊല്‍ക്കത്ത. ലോകോത്തര താരങ്ങളായ ജാക് കാലിസ്, ബ്രണ്ടന്‍ മക്കല്ലം, ഗംഭീര്‍, യൂസുഫ് പത്താന്‍, മനോജ് തിവാരി തുടങ്ങിയവര്‍ ബാറ്റിങ്ങിലും ബ്രെറ്റ് ലീ, സുനില്‍ നാരായണ്‍, ലക്ഷ്മിപതി ബാലാജി അടക്കമുള്ളവര്‍ ബൗളിങ്ങിലും എത്തുന്നു. കാലിസിനെപ്പോലൊരു ഔള്‍ റൗണ്ടര്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഈ ഗണത്തിലേക്ക് ശാക്കിബുല്‍ ഹസനും ലക്ഷ്മി രത്തന്‍ ശുക്ളയും വരുന്നുണ്ട്. അവസരം കിട്ടിയാല്‍ മെര്‍ച്ചന്റ് ലീ ലാംഗെ ബൗളറായും റ്യാന്‍ ടെന്‍ ഡോഷെ ബാറ്റ്സ്മാനായും അപകടം വിതറാന്‍ ശേഷിയുള്ളവരാണ്.
ചെന്നൈ ഹാട്രിക്കിന്
ഐ.പി.എല്ലിന്റെ മൊത്തം ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് സൂപ്പര്‍ കിങ്സ്. പ്രഥമ സീസണില്‍ കലാശക്കളിക്കിറങ്ങിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റു. രണ്ടാം വര്‍ഷം സെമി ഫൈനലില്‍ മടങ്ങിയ ടീം പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. യഥാക്രമം മുംബൈ ഇന്ത്യന്‍സിനെയും ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെയും തകര്‍ത്ത് 2010ലും 2011ലും കിരീടം നേടിയ ധോണിപ്പടക്കിത് നാലാം ഫൈനല്‍. ജയിച്ചാല്‍ സ്വന്തമാവുന്നത് ഹാട്രിക് കിരീടവും.
ഇക്കുറി തുടക്കത്തില്‍ മോശമായിരുന്ന ചെന്നൈ അതിശയകരമായാണ് കലാശക്കളിക്കെത്തുന്നത്. 16ല്‍ എട്ട് മത്സരങ്ങള്‍ മാത്രം ജയിച്ച് പ്രാഥമിക റൗണ്ടില്‍ ബാംഗ്ളൂരിനൊപ്പം 17 പോയന്റുമായി നിന്ന ടീമിന് നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ പ്ലേ്ള ഓഫ് പ്രവേശം കിട്ടി. തുടര്‍ന്ന് മുംബൈക്കും ദല്‍ഹിക്കുമെതിരെ ആധികാരിക ജയങ്ങള്‍.
മുരളി വിജയ്, സുരേഷ് റെയ്ന, ധോണി, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയ ബാറ്റ്സ്മാന്മാരുടെ കരുത്തില്‍ ദല്‍ഹിക്കെതിരെ 222 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ചെന്നൈ എതിരാളികളെ 136 റണ്‍സിനാണ് ഓള്‍ ഔട്ടാക്കിയത്.ബൗളര്‍മാരായ ബെന്‍ഹില്‍ഫെന്‍ഹോസും ആല്‍ബി മോര്‍ക്കലും ആര്‍. അശ്വിനുമെല്ലാം മികവ് പുറത്തെടുത്തു. ഇന്നും സ്വന്തം കാണികളെ സാക്ഷിയാക്കി ഇത് ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ധോണി.
സാധ്യതാ സംഘം
ചെന്നൈ: എം.എസ്. ധോണി (ക്യാപ്റ്റന്‍), മൈക്ക് ഹസി, മുരളി വിജയ്, സുരേഷ് റെയ്ന, ഫാഫ് ഡു പ്ലസിസ്, എസ് ബദരീനാഥ്, രവീന്ദ്ര ജദേജ, ഡ്വെയ്ന്‍ ബ്രാവോ, ആല്‍ബീ മോര്‍ക്കല്‍, ആര്‍. അശ്വിന്‍, ബെന്‍ ഹില്‍ഫെന്‍ഹോസ്, ശദാബ് ജകതി.
കൊല്‍ക്കത്ത: ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), ബ്രണ്ടന്‍ മക്കല്ലം, ജാക് കാലിസ്, മനോജ് തിവാരി, യൂസുഫ് പത്താന്‍, ശാക്കിബുല്‍ ഹസന്‍, സുനില്‍ നാരായണ്‍, ബ്രെറ്റ് ലീ, ലക്ഷ്മിപതി ബാലാജി, ഇഖ്ബാല്‍ അബ്ദുല്ല, ലക്ഷ്മി രത്തന്‍ ശുക്ള, ദേവബ്രത ദാസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍