മാനന്തവാടി: കോളറയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ രോഗബാധയുള്ള കോളനികള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ മൈക്രോബയോളജി, പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോ. ജയകൃഷ്ണന്‍, ഡോ. പ്രിയചന്ദ്രന്‍, ഡോ. മായ സുധാകര്‍, ഡോ. സബിത, ഡോ. ജുനൈസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
രാവിലെ ജില്ലയിലെത്തിയ സംഘം ഡി.എം.ഒ ഡോ. എ. സെമീറയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് തലപ്പുഴ എസ്.വളവ് ഗോദാവരി കോളനി, പനമരം അമ്മാനിവയല്‍ കോളനി, താഴെ പാതിരിയമ്പം കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കുടിവെള്ള സ്രോതസ്സുകള്‍ മലിനമായതും വൃത്തിഹീനമായ ചുറ്റുപാടുകളുമാണ് കോളനികളില്‍ രോഗം പടരാന്‍ കാരണമെന്ന് സംഘം വിലയിരുത്തി. അടിയന്തരമായി കോളനികളില്‍ കക്കൂസ് നിര്‍മിക്കുകയും ശുദ്ധമായ ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമന്നും സംഘം നിര്‍ദേശിച്ചു. പഠന വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ഉടന്‍ നല്‍കുമെന്ന് സംഘം പറഞ്ഞു.
ഡെ. ഡി.എം.ഒ ഡോ. കെ.എസ്. അജയന്‍, ജില്ലാ എപ്പിഡമോളജിസ്റ്റ് കെ. റാഫി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ജില്ലയില്‍ എട്ടുപേര്‍ക്കാണ് ഇതുവരെ കോളറ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ നിരവധിപേര്‍ ജില്ലയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കോളറ രോഗലക്ഷണത്തോടെ ഗോദാവരി കോളനിയിലെ തുളസി (22)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍