കല്‍പറ്റ: പുതിയ അധ്യയന വര്‍ഷത്തിലും സര്‍ക്കാര്‍ സ്കൂളുകളില്‍ ക്രാഫ്റ്റ് ടീച്ചര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കും. ക്രാഫ്റ്റ് ടീച്ചര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി എങ്ങുമെത്താത്തതാണ് കാരണം.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താം ക്ളാസുവരെ ക്രാഫ്റ്റ് പഠിപ്പിക്കാനുള്ള അധ്യാപക ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. ശാസ്ത്രമേളകളിലും മറ്റും പങ്കെടുക്കുന്നതിന് കുട്ടികളെ സജ്ജരാക്കി മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് ഇത്തരം അധ്യാപകരാണ്. എന്നാല്‍, സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍പോലും കൈവേലകള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്നതാണ് വസ്തുത. ചില മാനേജ്മെന്‍റ് സ്കൂളുകള്‍ അധ്യാപകരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളിലും അണ്‍എയിഡഡ് സ്കൂളുകളിലും ക്രാഫ്റ്റ് അധ്യാപകരുടെ സേവനം നിലവിലുണ്ട്. സ്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ ടീച്ചര്‍മാര്‍ ഉണ്ടാകണമെന്നാണ് നിയമം.
ക്രാഫ്റ്റിന് സ്കൂളുകളില്‍ ഒരു പീരിയിഡ് നീക്കിവെച്ചിട്ടുണ്ട്. അധ്യാപകരില്ലാത്തതിനാല്‍ താഴ്ന്ന ക്ളാസുകളില്‍ ഈ സമയം കുട്ടികളെ കളിക്കാന്‍ വിടുകയാണ് പതിവ്. ഉയര്‍ന്ന ക്ളാസുകളില്‍ പാഠഭാഗങ്ങള്‍ തീരാന്‍ ബാക്കിയുള്ള അധ്യാപകര്‍ ക്ളാസെടുക്കുകയോ പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന വിഷയങ്ങള്‍ക്ക് പ്രത്യേക ക്ളാസ് നടത്തുകയോ ആണ് ഇപ്പോള്‍ ചെയ്യുന്നത്. അയൃധ്യാപകരെ നിയമിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത നിര്‍ണയിക്കാത്തതാണ് നിയമനം നടത്തുന്നതിന് തടസ്സമാകുന്നത്. മാനദണ്ഡം നിര്‍ണയിക്കാത്തതിനാല്‍ പി.എസ്.സി ഇതുസംബന്ധിച്ച് പരീക്ഷ നടത്തുകയോ മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുമില്ല. സംസ്ഥാനത്ത് കൈവേല അഭ്യസിപ്പിക്കാന്‍ അറിയുന്ന ആയിരങ്ങള്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് പ്രത്യേക സംഘടനയോ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ നിയമന ആവശ്യവുമായി ഇവരും രംഗത്തെത്തുന്നില്ല. കേന്ദ്രസര്‍ക്കാറിന്‍െറ സ്കില്‍ ടെസ്റ്റ് എഴുതി ടെക്സ്റ്റയില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍തന്നെ ഏറെ പേരുണ്ട്. അധ്യാപക നിയമനം വന്നാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് കരകൗശല വൈദഗ്ധ്യവും ഗ്രേസ് മാര്‍ക്കും നഷ്ടമാവുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍