ആശവെച്ചാല്‍ നേടാനാകാത്തത് ഒന്നുമില്ല ഈ ലോകത്ത്. കാലം വഴിതെറ്റിച്ചു കൊണ്ടുപോകുന്ന സ്വപ്നങ്ങളെ തിരികെ ജീവിതത്തിലേക്ക് വഴിനടത്താന്‍ മോഹങ്ങള്‍ക്ക് അത്രമാത്രം കരുത്തുണ്ട്. എന്നാല്‍, ആ സത്യം തിരിച്ചറിയുന്നവരും വിജയിക്കുന്നവരും അപൂര്‍വം. ഇന്നല്ലെങ്കില്‍ നാളെ ആ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ മനസ്സിനകത്തെ കുഞ്ഞു കനലുകള്‍ക്കാകുമെന്നു തെളിയിച്ച ഒരു മട്ടാഞ്ചേരിക്കാരന്‍ ഇന്ന് ഗസലുകള്‍ പൂക്കുന്ന രാത്രികളുടെ രാജകുമാരനാണ്. നഗരത്തിലെ പ്രശസ്ത ഹോട്ടലുകളിലെ പ്രൗഢിയുള്ള സംഗീത സദസ്സുകളില്‍ സ്വയംമറന്നു പാടുന്ന സാദിഖിന് ജീവിതമെന്നത് സ്വപ്നങ്ങളുടെ നിറച്ചാര്‍ത്താണ്.
ഗസലുകള്‍ പെയ്തൊഴിയാത്ത ദ്വീപാണ് മട്ടാഞ്ചേരി. ഗുല്‍മോഹറിനൊപ്പം ഇശലുകളും പൊഴിഞ്ഞുവീഴുന്ന ഗസല്‍സന്ധ്യകളില്‍ പ്രണയത്തിനും വിരഹത്തിനും ഹാര്‍മോണിയവും തബലയും അകമ്പടിയേകുന്ന നാട്. സംഗീതം താഴ്ന്ന സ്ഥായിയില്‍ കടലായൊഴുകിയ ആ തെരുവുകളില്‍ പിറന്നുവീണ സാദിഖിന് സംഗീതത്തോട് കമ്പംതോന്നിയതില്‍ അതിശയപ്പെടാനില്ല. എന്നാല്‍, ജീവിതം പുലര്‍ത്താന്‍ പുലര്‍ച്ചെ മുളവുകാട് ഹാര്‍ബറില്‍ തൊണ്ടപൊട്ടി ലേലമുറപ്പിക്കുന്ന സാദിഖിനെ കാണുമ്പോള്‍, തലേന്നുരാത്രി സുന്ദര സംഗീതമൊഴുക്കിയ അതേയാളാണോയെന്ന് അദ്ഭുതംകൂറും. എന്നാല്‍, മറുപടിയെല്ലാം സംഗീതം പോലൊരു പുഞ്ചിരിയിലൊതുക്കി ഈ യുവാവ് നമ്മെ പിന്നെയും അദ്ഭുതപ്പെടുത്തും.
മലയാളിക്ക് മറക്കാനാകാത്ത സംഗീത സാമ്രാട്ടാണ് ദേവരാജന്‍ മാസ്റ്റര്‍. സഹപ്രവര്‍ത്തകര്‍പോലും പരുക്കനെന്നു കരുതുന്ന ദേവരാജന്‍ മാസ്റ്റര്‍ പക്ഷേ, സാദിഖിന്‍െറ സ്നേഹവാനായ ഗുരുവും വഴികാട്ടിയുമായത് മുജ്ജന്മ സുകൃതം. ആ ഗുരുവിന്‍െറ ശിഷ്യനായ കഥ പറയുമ്പോഴും ആശകൊണ്ടൊരു കൊട്ടാരം പണിതതിന്‍െറ സുഖമുണ്ട് സാദിഖിന്.
സംഗീതം അരുതെന്ന് വിലക്കുള്ള കുടുംബത്തിലാണ് സാദിഖിന്‍െറ ജനനം. സംഗീതംകൊണ്ട് പ്രശസ്തരായെങ്കിലും പലരും ജീവിതം കളഞ്ഞുകുളിച്ചതിന്‍െറ ഉദാഹരണങ്ങള്‍ സ്വന്തം കുടുംബത്തില്‍തന്നെ കണ്ട് മനസ്സുനൊന്ത ബാപ്പ കോയ മകനെ ആ വഴിയിലേക്ക് അയക്കാഞ്ഞത് നിറഞ്ഞ പുത്രസ്നേഹം ഒന്നുകൊണ്ടു മാത്രമാണ്. സംഗീതം പഠിച്ചാല്‍ വഴിപിഴച്ചു പോകുമെന്ന ഭീതി ആ കുടുംബത്തെയും അലട്ടിയിരുന്നു. കള്ളും കഞ്ചാവും ജീവിതത്തെ പിഴപ്പിക്കുമെന്ന ഉള്‍ഭയംകൊണ്ട് ഉമ്മ സുഹറയുടെയും പിന്തുണ സാദിഖിന് കിട്ടിയില്ല. വിലക്കിന്‍െറ കടുപ്പവും ബാപ്പയെ ധിക്കരിക്കാനുള്ള മനസ്സില്ലായ്മയുംകൊണ്ട് സാദിഖിന്‍െറ ബാല്യവും കൗമാരവും സംഗീതത്തെ സ്വപ്നംമാത്രമാക്കി അവശേഷിപ്പിച്ചു. സാദിഖിന് ഇളയത് രണ്ടാണും പെണ്ണും. അവരെക്കൂടി പോറ്റാനുള്ള പെടാപ്പാടു കുറക്കാന്‍ ബാപ്പക്കൊപ്പം സാദിഖ് കൂടി. അങ്ങനെയാണ് ഹാര്‍ബറില്‍ മത്സ്യക്കച്ചവടക്കാരനാകുന്നത്. ഇന്നിപ്പോള്‍ ഹാര്‍ബറിലെ പ്രധാനിയാണ് സാദിഖ്. ജീവിതം മറ്റൊരു വഴിയിലൂടെ ഗതിമാറി ഒഴുകി. സംഗീതം മനസ്സിലൊളിപ്പിച്ചു നടന്ന ആ യുവാവ് സ്വന്തംകാലില്‍ നില്‍ക്കാറായപ്പോള്‍ ആ പഴയം സ്വപ്നം ഹാര്‍മോണിയത്തിന്‍െറ ഈണങ്ങള്‍ക്കൊപ്പം വീണ്ടും മനസ്സിന്‍െറ പടികയറി.
അടിയന്തരാവസ്ഥക്കാലം. ഉമ്മ സുഹറയുടെ പിതാവ് അബു ഇ.എം.എസിന്‍െറ ഉറ്റ ചങ്ങാതിയായിരുന്നു. ആ വഴിയില്‍ സാദിഖിന്‍െറ ബാപ്പയും കമ്യൂണിസ്റ്റുകാരന്‍! പൊലീസ് ലാത്തികളില്‍നിന്ന് രക്ഷപ്പെടാന്‍ ബാപ്പ ഒളിവില്‍പോയ സമയത്ത് 24കാരന്‍ സംഗീതത്തെ തിരിച്ചുപിടിച്ചു.
തബലയുടെ ആദ്യസ്വരം പകര്‍ന്നുനല്‍കിയത് അമ്മാവനും ഗസല്‍ ഗായകനുമായ ഉമ്പായി. ഉമ്മയറിയാതെ വീട്ടില്‍നിന്നിറങ്ങിയ ആ പയ്യന്‍ മട്ടാഞ്ചേരി തെരുവുകളിലെ ക്ളബുകളില്‍ രാവേറെചെല്ലുവോളം നേരംപോക്കി. ഗസല്‍ കേട്ടും അകമ്പടി കൊട്ടുന്ന തബലക്കാരന്‍െറ വിരല്‍വഴക്കങ്ങള്‍ കണ്ടും ആ ചെറുപ്പക്കാരന്‍ മനസ്സിനെ വീണ്ടും സംഗീതംകൊണ്ടു നിറച്ചു. സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ തബലിസ്റ്റും ‘ഐഷ റേഡിയോ’ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്നയാളുമായ അബ്ദു ഇക്കയെ ഗുരുവാക്കി തബലപഠനം ആരംഭിച്ചു. ഇതിനിടെ ബാപ്പ വീട്ടിലെത്തി. സംഗതിയറിഞ്ഞയുടന്‍ കലിപൂണ്ട ബാപ്പ സാദിഖിനെ തല്ലി. അതോടെ, ആശിച്ചുമോഹിച്ച് തുടങ്ങിയ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും ജീവിതം മീന്‍ചന്തയിലേക്ക് പറിച്ചുനട്ടു... എന്നാല്‍, ബിസിനസില്‍ വെച്ചടി കയറ്റമുണ്ടായതോടെ സംഗീതം പഠിക്കണമെന്ന സാദിഖിന്‍െറ മോഹത്തിന് ബാപ്പ പച്ചക്കൊടി കാട്ടി. അങ്ങനെ, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര സെക്രട്ടറിയായിരുന്ന ഹുസൈന്‍ വഴി ബല്‍റാം മാസറ്ററിനുകീഴില്‍ എട്ടു വര്‍ഷം തബല അഭ്യസിച്ചു.
തബല പെരുക്കങ്ങളില്‍ ആറാടി നടക്കുമ്പോഴാണ് ദൂരദര്‍ശനില്‍ ദേവരാജന്‍ മാസ്റ്ററെക്കുറിച്ചുള്ള പരിപാടി കാണുന്നത്. അദ്ദേഹത്തില്‍നിന്ന് കര്‍ണാടക ശാസ്ത്രീയ സംഗീതം പഠിക്കണമെന്നു തോന്നി. ഉടനെ, കിട്ടാവുന്ന പുസ്തകങ്ങള്‍ വരുത്തി സംഗീതത്തെയും സംഗീതജ്ഞരെയും വായിച്ചറിഞ്ഞു. അപ്പോഴും മാസ്റ്ററെ നേരില്‍കാണാനുള്ള ആഗ്രഹം ഉള്‍ഭയത്താല്‍ മാറ്റിവെച്ചു. പിന്നെയൊരു ദിവസം എന്തുംവരട്ടെയെന്ന് നിശ്ചയിച്ചുറപ്പിച്ച് ദേവരാജന്‍ മാസ്റ്റര്‍ക്ക് സാദിഖ് ഫോണ്‍ ചെയ്തു.
അങ്ങത്തേലക്കല്‍ ദേവരാജന്‍ മാസ്റ്ററാണ്. സാദിഖിന് സ്വരം വിറച്ചു. എന്തിനും ഏതിനും വിപരീതസ്വരം മാത്രമാണ് മാസ്റ്റര്‍ക്ക്. ഒന്നു കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍, എന്തിനു കാണണമെന്ന് മറുചോദ്യം. വെറുതെയൊന്നു കണ്ടാല്‍ മതി, ആ കാലു തൊട്ടൊന്നു വന്ദിക്കാന്‍ മാത്രം എന്ന് സാദിഖ് പറഞ്ഞു. എങ്കില്‍ വന്നേക്ക് എന്ന് മറുപടി. പിന്നീട് ഒരു നിമിഷംപോലും പാഴാക്കിയില്ല. വെളുപ്പിന് ആറിന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറി. അവിടെച്ചെന്ന് മാഷിന്‍െറ സംഗീതത്തോടുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ വീണ്ടും വിപരീത സ്വരം, ‘ഇഷ്ടപ്പെടാന്‍ ഞാന്‍ പറഞ്ഞോ’ എന്ന്! അങ്ങനെ കലഹിച്ചുകൊണ്ടിരുന്ന ദേവരാജന്‍ മാസ്റ്റര്‍ പെട്ടന്നൊരു ചോദ്യം ‘താന്‍ പാടുമോ? എങ്കിലൊന്നു പാടാമോ?’ എന്ന്. ഉടനെ ഒരു പാട്ടു പാടി. പാടിക്കഴിയും മുമ്പേ വിലയിരുത്തലും വന്നു- ‘പാടിയത് മുഴുവന്‍ അബദ്ധം’ ആരെങ്കിലും പഠിപ്പിക്കാന്‍ തയാറാകുമെന്നും നല്ലെ്ളാരു ഗുരുവിനെ കണ്ടെത്തണമെന്നുമുള്ള ഉപദേശവും പിന്നാലെയെത്തി. എങ്കില്‍ മാഷിനുതന്നെ എന്നെ പഠിപ്പിച്ചൂടെ എന്നായി സാദിഖ് . അപ്പോള്‍ തന്‍െറ ഉദ്ദേശ്യം ഇതാണല്ലേ എന്ന് പറഞ്ഞ മാഷ് താന്‍ ആര്‍ക്കും സംഗീതം പഠിപ്പിക്കാറില്ലെന്നുകൂടി വ്യക്തമാക്കി. നിരാശയോടെ ആ പടിയിറങ്ങും മുമ്പേ സാദിഖ് തന്‍െറ ഫോണ്‍നമ്പര്‍ അദ്ദേഹത്തിന്‍െറ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സാദിഖിനൊരു വിളിയെത്തി, ദേവരാജന്‍ മാസ്റ്ററാണ്.
‘16ന് വിദ്യാരംഭമാണ്. ഉള്ള അറിവുവെച്ച് വിദ്യാരംഭം കുറിച്ചുതരാം, തുടര്‍ന്ന് വിജയരാജന്‍ മാഷ് പഠിപ്പിക്കും. ഉടനെ തൃശൂരിലുള്ള പരിചയക്കാരനായ വക്കീലിന്‍െറ വീട്ടിലെത്തണം’ എന്ന് അദ്ദേഹം പറഞ്ഞതൊക്കെയും ചങ്കിടിപ്പോടെയാണ് സാദിഖ് കേട്ടത്. ചെന്നുകയറുമ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ പൂമുഖത്തുണ്ട്. കടുത്തനിറമുള്ള ഷര്‍ട്ടിട്ടു ചെന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. വക്കീലിന്‍െറ വെള്ള ഷര്‍ട്ട് നല്‍കി വസ്ത്രം മാറി വരാന്‍ ആജ്ഞാപിച്ചു.
101 രൂപ ദക്ഷിണ വെച്ചപ്പോള്‍ 100 രൂപ എടുത്തുമാറ്റി ഒരു രൂപ മാത്രം ദക്ഷിണ മതിയെന്ന് പറഞ്ഞു അദ്ദേഹം. അങ്ങനെ ഒറ്റരൂപയില്‍ സംഗീത പഠനത്തിന് തുടക്കംകുറിച്ചു. എല്ലാ ഞായറാഴ്ചകളിലും അദ്ദേഹത്തിന്‍െറ വീട്ടില്‍ സാദിഖ് എത്തുമായിരുന്നു . പിന്നെപ്പിന്നെ, സാദിഖ് എത്താത്ത ദിവസങ്ങളില്‍ വീട്ടിലേക്ക് അദ്ദേഹത്തിന്‍െറ ഫോണ്‍വിളിയെത്തിത്തുടങ്ങി. അങ്ങനെ, മുരടനെന്ന് എല്ലാവരും ഭയപ്പെട്ടിരുന്ന ദേവരാജന്‍ മാസ്റ്ററുടെ സ്നേഹത്തണലില്‍ ഒരു നിഴല്‍പോലെയായി സാദിഖിന്‍െറ ജീവിതം.
വിവാഹശേഷം, മകന്‍പിറന്ന സമയത്ത് കുറച്ചുകാലം പഠനത്തിന് ബുദ്ധിമുട്ടുണ്ടായി. അക്കാലത്ത് ഒരുദിവസം സാദിഖിന് ഒരു ഫോണ്‍വിളിയെത്തി . മറുപുറത്ത് മാസ്റ്ററായിരുന്നു ‘എനിക്കൊരു ശിഷ്യനുണ്ട്, സാദിഖ്. അവനൊരു കുഞ്ഞ് പിറന്നു. എനിക്കാ കുഞ്ഞിനെ കാണണം, അതുകൊണ്ട് ഇവിടെയെത്തി’ എന്ന് നിഷേധസ്വരത്തിലൊരു ആവശ്യപ്പെടല്‍. എറണാകുളത്തെത്തിയായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ ആ വിളി. കടല്‍ പേടിയായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് കുഞ്ഞിനെയുംകൊണ്ട് മാസ്റ്ററെ തേടിച്ചെന്ന സാദിഖിന് ഒരു കടലാസുതുണ്ട് അദ്ദേഹം കൈമാറി. പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും ഇടാവുന്ന ഓരോ പേരാണ് അതില്‍. യാത്രക്കിടെ ഏതോ പുസ്തകശാലയില്‍നിന്ന് മുസ്ലിംപേരുകളുള്ള പുസ്തകം വാങ്ങിയെന്നും അതില്‍നിന്ന് കണ്ടെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. സാദിഖിന്‍െറ ബാപ്പയും ഉമ്മയും സമ്മതിക്കുകയാണെങ്കില്‍ ഈ പേരിടണമെന്നായിരുന്നു ആവശ്യം. അങ്ങനെ, മൂത്തമകന്‍ തന്‍വീര്‍ ഖുറൈഷി, ദേവരാജന്‍ മാസ്റ്ററിന്‍െറ സുല്‍ത്താനായി. പിന്നീട് മകളുണ്ടായപ്പോള്‍ അദ്ദേഹം എഴുതിനല്‍കിയ പേരുതന്നെ ഇട്ടു- പര്‍വീന്‍ സുല്‍ത്താന. ഇരുവരുമിപ്പോള്‍ യഥാക്രമം ഏഴിലും നാലിലും പഠിക്കുന്നു. ഭാര്യ ബല്‍ക്കീസ്.
ആറുവര്‍ഷം മുമ്പ് ദേവരാജന്‍ മാസ്റ്റര്‍ മരിക്കുന്നതുവരെ അദ്ദേഹത്തില്‍നിന്ന് സംഗീതം അഭ്യസിക്കാനായത് ഭാഗ്യമെന്ന് സാദിഖ് കരുതുന്നു. പഠനം തുടങ്ങി അഞ്ചാം വര്‍ഷമാണ് അരങ്ങേറ്റം നടത്തിയത്. അതുവരെ വേദികളില്‍ പണംവാങ്ങി പാടാന്‍ പോകുന്നത് അദ്ദേഹം വിലക്കിയിരുന്നു. സംഗീത വഴിയിലെ ദേവരാജന്‍ മാസ്റ്ററുടെ 75ാം വാര്‍ഷികാഘോഷത്തില്‍ കൊച്ചിയിലെ കായല്‍ക്കരയില്‍ സാദിഖ് അദ്ദേഹത്തിനുമുന്നില്‍ത്തന്നെ അരങ്ങേറി. പിന്നെ, ഒരുപാട് വേദികളില്‍ സാദിഖിന്‍െറ മാസ്മരിക സംഗീതം ഒഴുകിയിറങ്ങി. ഗുരുവിനോടുള്ള ആദരവുനിമിത്തം രൂപംകൊടുത്ത ദേവതാരു ഫൗണ്ടേഷന്‍ ഇപ്പോള്‍ ലോകമെങ്ങും അറിയപ്പെടുന്ന സംഗീത സംഘമാണ്. ഇന്ത്യക്ക് അകത്തുംപുറത്തുമായി ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്.

_0.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍