Sat, 05/26/2012 - 00:46 ( 51 weeks 4 daysago)
ഒളിമ്പിക്സ് റമദാനില്‍; നിശ്ചയദാര്‍ഢ്യത്തോടെ മുസ്ലിം അത്ലറ്റുകള്‍
(+)(-) Font Size
ഒളിമ്പിക്സ് റമദാനില്‍; നിശ്ചയദാര്‍ഢ്യത്തോടെ മുസ്ലിം അത്ലറ്റുകള്‍

ലണ്ടന്‍: വ്രതാനുഷ്ഠാനത്തിന്റെ മാസമായ റമദാനില്‍ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ കാര്യത്തില്‍ മുസ്ലിം അത്ലറ്റുകള്‍ എന്ത് സമീപനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് കായിക ലോകം. നോമ്പുകാലത്ത് കായികമാമാങ്കം നടക്കുന്നതില്‍ ഒരാള്‍ക്കും എതിര്‍പ്പില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍, എന്ത് ചെയ്യണമെന്ന തില്‍ ഭിന്നാഭിപ്രായമുണ്ട്. വ്രതത്തിന്റെ പുണ്യവും പേറി മത്സരിക്കാമെന്ന നിലപാടിലാണ് ഒരുകൂട്ടരെങ്കില്‍ നോമ്പ് തല്‍ക്കാലത്തേക്ക് ഒഴിവാക്കി പിന്നീട് നോറ്റ് വീട്ടാമെന്ന് മറ്റുള്ളവരും പറയുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 3000ത്തോളം മുസ്ലിം അത്ലറ്റുകളാണ് ഇത്തവണ ലണ്ടനിലെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും നോമ്പെടുക്കാറുള്ളവരാണ്.
2012 ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഒളിമ്പിക്സും റമദാനും സംഗമിക്കുമെന്ന കാര്യം മുന്‍കൂട്ടി കണ്ട് 2009ല്‍ത്തന്നെ സംഘാടകര്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും പഠനങ്ങളും നടത്തിയിരുന്നു. ബ്രിട്ടനിലെ പ്രമുഖ കായിക ശാസ്ത്രജ്ഞനായ റൊണാള്‍ഡ് മോഗന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റീസ് നൂട്രിഷന്‍ വര്‍ക്കിങ് ഗ്രൂപ് ഇക്കാര്യം വിശദമായി വിലയിരുത്തുകയുണ്ടായി. നോമ്പെടുക്കുന്നത് അത്ലറ്റുകളുടെ ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന നിഗമനത്തിലാണ് പഠനസംഘം എത്തിയത്. എന്നാല്‍, വ്രതം വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ അത് തങ്ങള്‍ക്ക് മാനസികമായി കൂടുതല്‍ കരുത്ത് നല്‍കുമെന്ന് പല അത്ലറ്റുകളും അഭിപ്രായപ്പെട്ടതായി മോഗന്‍ പറഞ്ഞു.
റമദാനുമായി ബന്ധപ്പെട്ട 400 ഗവേഷണ പ്രബന്ധങ്ങള്‍ പരിശോധിച്ച ഈ സംഘം തുടര്‍ന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ വിശദമായി എഴുതി. നോമ്പെടുക്കുമ്പോള്‍ ശരീരത്തിന് പരിമിതമായ മാറ്റങ്ങളേ ഉണ്ടാവുന്നുള്ളൂ. എങ്കിലും പേശീബലം ആവശ്യമുള്ള ഇനങ്ങളില്‍ മത്സരിക്കുന്നവരെ അത് ബാധിക്കുമെന്ന് ലേഖനത്തില്‍ പറയുന്നു. നോമ്പെടുത്ത് അതിരാവിലെ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുന്ന അത്ലറ്റിന് ക്ഷീണിതനായി വൈകുന്നേരം വരെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ലെ്ളന്ന് മോഗന്‍ ചൂണ്ടിക്കാട്ടി. മത്സരത്തിന് പകല്‍ മുഴുവന്‍ ആവശ്യമുള്ളവര്‍ക്കും നോമ്പെടുക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നോമ്പ് തല്‍ക്കാലത്തേക്ക് മാറ്റിവെക്കാനൊരുങ്ങുകയാണ് മലേഷ്യന്‍ സൈക്ളിസ്റ്റ് അസീസുദ്ദീന്‍ അവാങ്. ഏറെ ഊര്‍ജം ആവശ്യമുള്ള കായിക ഇനങ്ങളെ വ്രതം ബാധിക്കുമെന്നും മെഡല്‍ സാധ്യത കുറയാതിരിക്കാനാണ് അത് പിന്നീടാക്കാമെന്ന് തീരുമാനിച്ചതെന്നും 24കാരനായ അവാങ് വ്യക്തമാക്കി.
100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫൈ്ള എന്നിവയില്‍ പങ്കെടുക്കണമെങ്കില്‍ യു.എ.ഇ നീന്തല്‍ താരം ഉബൈദ് അല്‍ ജസീമിക്ക് നോമ്പ് ഒഴിവാക്കേണ്ടിവരും. ഇതാദ്യമായാണ് റമദാനില്‍ നീന്തല്‍കുളത്തിലിറങ്ങുന്നതെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിനുവേണ്ടി ചെയ്യുന്ന ദൗത്യത്തിനായി നോമ്പ് മാറ്റിവെക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നു. ബ്രിട്ടീഷ് തുഴച്ചില്‍ താരം മുഹമ്മദ് സബീഹിയും ഇതേ നിലപാടുകാരനാണ്.
ചില സന്ദര്‍ഭങ്ങളില്‍ നോമ്പ് മാറ്റിവെക്കാന്‍ മതം അനുവദിക്കുന്നുണ്ടെന്ന് യു.എ.ഇ ദേശീയ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഗഫ്ഫാര്‍ ഹുസൈന്‍ പറയുന്നു. എന്നാല്‍, പിന്നീട് ഇത് വീട്ടല്‍ നിര്‍ബന്ധമാണ്. നോമ്പെടുക്കണോ വേണ്ടയോ എന്നത് അതത് അത്ലറ്റുകളുടെ സ്വാതന്ത്രൃമാണെന്ന് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus