തൃശൂര്‍: പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിനെതിരെ ഐ.ജി ടോമിന്‍ ജെ. തച്ചങ്കരി കേന്ദ്രസര്‍ക്കാറിന് തടസ്സഹരജി നല്‍കിയതും കേന്ദ്രം അത് പരിഗണിച്ച് സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടിയതും തെറ്റെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി നിരീക്ഷിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ തച്ചങ്കരിക്കെതിരെ വിചാരണ വൈകുന്നത് ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി. ഭാസ്കരന്റെ നിരീക്ഷണം.
കോടതിയെ വിജിലന്‍സ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയായി ഒരു വര്‍ഷത്തിലധികം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് വിജിലന്‍സിനുവേണ്ടി ഹാജരായ അഡീഷനല്‍ ലീഗല്‍ അഡ്വൈസര്‍ അഡ്വ. ബിജു മനോഹര്‍ അറിയിച്ചു. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് 2011 ഫെബ്രുവരിയില്‍ രേഖകള്‍ സഹിതം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്രകാലമായിട്ടും കേന്ദ്രം അനുമതി വെച്ചുതാമസിപ്പിക്കുന്നത് എന്താണെന്ന് കോടതി ആരാഞ്ഞെങ്കിലും പ്രതികരണമുണ്ടായില്ല.
പ്രോസിക്യൂഷന്‍ ആവശ്യമാണെന്ന് കണ്ടെത്തിയിട്ടും 2011 മേയില്‍ തച്ചങ്കരി കേന്ദ്രസര്‍ക്കാറിന് തടസ്സഹരജി നല്‍കാന്‍ പാടില്ലായിരുന്നെന്ന് ഈ ഘട്ടത്തില്‍ കോടതി വാക്കാല്‍ നിരീക്ഷിച്ചു. ചെയ്യാന്‍ പാടില്ലാത്തതാണ് തച്ചങ്കരിയുടെ ഭാഗത്തുനിന്നുണ്ടായത്.
ഈ ഹരജി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാനും പാടില്ലായിരുന്നു- കോടതി വിലയിരുത്തി. പ്രോസിക്യൂഷന്‍ നടപടിക്കുള്ള അനുമതി അപേക്ഷയില്‍ മൂന്ന് മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍സ്വമേധയാ നടപടി തുടങ്ങാമെന്ന് ടുജി സ്പെക്ട്രം സംബന്ധിച്ച് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച കേസില്‍ സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതുസംബന്ധമായ രേഖകള്‍ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തച്ചങ്കരിയുടെ വിദേശയാത്രയെപ്പറ്റിയാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളതെന്നും മറ്റ് പല ക്രമക്കേടുകളും മറച്ചുവെച്ചിരിക്കുകയാണെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. ഏതെല്ലാം കാര്യങ്ങളാണ് ഇവയെന്ന് നിലവിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ സഹിതം വിവരാവകാശ നിയമപ്രകാരം ഔദ്യോഗിക മറുപടികള്‍ സംഘടിപ്പിച്ച് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ജൂണ്‍ 25ലേക്ക് മാറ്റി.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും വിദേശത്തുനിന്ന് അനധികൃതമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തെന്നും ആരോപിച്ച് തച്ചങ്കരിക്കെതിരെ പി.ഡി. ജോസഫ് നേരത്തെ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍